എ ഐ സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്ന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ‘ട്രാന്‍സ്സെന്‍ഡ് ഇന്ത്യ 2024’ കോണ്‍ക്ലേവ് ടെക്നോപാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഐടി ആഗോള വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തു

0
തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എ ഐ) രംഗത്ത് ഇന്ത്യന്‍ ഐടി കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും കാത്തിരിക്കുന്നത് വലിയ അവസരങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ‘ട്രാന്‍സ്സെന്‍ഡ് ഇന്ത്യ 2024’ കോണ്‍ക്ലേവ്. അക്കാദമിക് പാഠ്യപദ്ധതി പരിഷ്കരിച്ചുകൊണ്ടുള്ള അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കണമെന്ന് വിദഗ്ധര്‍ കോണ്‍ക്ലേവില്‍ അഭിപ്രായപ്പെട്ടു.

ടെക്നോപാര്‍ക്കിലെ വിജ്ഞാന സമൂഹമായ നാസ്കോം ഫയ:80 യുടെ ആഭിമുഖ്യത്തിലാണ് ഐടി വ്യവസായ രംഗത്തെ പങ്കാളികള്‍ക്കായി നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ഐടി വ്യവസായ മേഖലയിലെ ആഗോള പ്രവണതകള്‍ അറിയാനും എ ഐ തന്ത്രങ്ങള്‍ പുനഃക്രമീകരിക്കാനും ലക്ഷ്യമിട്ട സമ്മേളനത്തില്‍ ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നുള്ള വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസു(ജിടെക്)മായി സഹകരിച്ചാണ് ടെക്നോപാര്‍ക്കില്‍ പരിപാടി സംഘടിപ്പിച്ചത്.
വന്‍കിട കോര്‍പ്പറേറ്റുകള്‍ വികസിപ്പിച്ചെടുത്ത എ ഐ മോഡലുകള്‍ ഉപയോഗിച്ച് ധാരാളം തൊഴിലുകളും വൈദഗ്ധ്യങ്ങളും സൃഷ്ടിക്കപ്പെടാന്‍ പോകുന്നതായി ‘ട്രാന്‍സ്സെന്‍ഡിംഗ് ചേഞ്ച്: എസന്‍ഷ്യല്‍ സ്കില്‍സ് ഫോര്‍ ദി എഐ ഇറ’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഇത് ധാരാളം പുതിയ തൊഴിലവസരങ്ങള്‍ തുറക്കും. ലാര്‍ജ് ലാംഗ്വേജ് മോഡലിന്‍റെ (എല്‍എല്‍എം) ഉപഭോക്താക്കള്‍ ഡാറ്റയുടെ കരിയറും ജനറേഷനും പരിവര്‍ത്തനം ചെയ്യുമെന്നും മോഡലുകളുടെ പുന:പരിശീലനം മികച്ചതാക്കുമെന്നും അദ്ദേഹം പറഞ്ഞു. മോഡല്‍ പരിഷ്കരിക്കുന്നതും ഡാറ്റാ സെറ്റ് ശേഖരിക്കുന്നതും എഐ യുടെ വരവോടെ നൈപുണ്യം എന്ന നിലയിലേക്ക് മാറും. യഥാര്‍ഥ ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തില്‍ ഡാറ്റയിലേക്ക് സംഭാവന നല്‍കുന്നത് പുതിയ വൈദഗ്ധ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വഴക്കമുള്ള പാഠ്യപദ്ധതി അവതരിപ്പിക്കുന്നത് സുപ്രധാനമാണെന്നും എല്ലാവരുടെയും ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്ന പാഠ്യപദ്ധതികള്‍ സൃഷ്ടിക്കാനാണ് സര്‍വകലാശാല ശ്രമിക്കുന്നതെന്നും കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു. എ ഐയുടെ സഹായത്തോടെ ഒരു മികച്ച അധ്യാപകന് വിദ്യാര്‍ഥിയുടെ കഴിവുകളെ ഗണ്യമായി ഉയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത തലമുറയിലെ വിദ്യാര്‍ഥികളെ സാങ്കേതിക തൊഴിലാളികള്‍ എന്ന നിലയില്‍ മാത്രം സജ്ജരാക്കിയാല്‍ പോരെന്നും ധാരാളം ഭാവനയും കഴിവും ഒത്തുചേരുന്നവരാണെന്ന് ഉറപ്പാക്കേണ്ടത് നിര്‍ണായകമാണെന്നും മോസില്ല റെസ്പോണ്‍സിബിള്‍ കമ്പ്യൂട്ടിംഗ് ഫെലോ ജിബു ഏലിയാസ് പറഞ്ഞു.ടെക്കികള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാന്‍ ശക്തമായ പ്രോജക്ടുകള്‍ ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത വയാകോം 18 ആന്‍ഡ് ജിയോസിനിമ സീനിയര്‍ ഡയറക്ടര്‍ സണ്ണി ഗുപ്ത ചൂണ്ടിക്കാട്ടി. ഡിസിഎസ്എംഎടി ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് മോഡറേറ്ററായിരുന്നു.ഓരോ വ്യവസായവും ഇന്ന് മറ്റ് നിരവധി വ്യവസായങ്ങളുടെ കൂട്ടായ ഉല്‍പ്പാദനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ‘ഇന്‍റര്‍സെക്ഷന്‍ ഓഫ് എഐ ആന്‍ഡ് ഓപ്പണ്‍ നെറ്റ് വര്‍ക്ക്സ്: ഓപ്പര്‍ച്യൂണിറ്റി ഫോര്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ സംസാരിക്കവേ ബെക്കന്‍ സിടിഒയും ഫിഡെയിലെ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ടെക്നോളജി ഇക്കോസിസ്റ്റം മേധാവി രവി പ്രകാശ് പറഞ്ഞു. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും എ ഐ വിപുലമായ അവസരങ്ങള്‍ നല്‍കും. സ്മാര്‍ട്ട് ഓട്ടോമോട്ടീവ് ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റങ്ങള്‍, സ്മാര്‍ട്ട് റഫ്രിജറേറ്ററുകള്‍, ആരോഗ്യ പരിരക്ഷ, കരിയര്‍ കണ്‍സള്‍ട്ടിംഗ് തുടങ്ങിയ മേഖലകളില്‍ എ ഐ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും പറഞ്ഞു. സ്വാഭാവിക ഭാഷാ വിവര്‍ത്തനം, തര്‍ക്ക പരിഹാരം, നയ സാധൂകരണം തുടങ്ങിയ മേഖലകളില്‍ എ ഐയുടെ സാധ്യതകളും രവി പ്രകാശ് വിശദീകരിച്ചു.സംസ്ഥാന കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് നായര്‍, ഗൂഗിള്‍ ഡെവലപ്പര്‍ എക്സ്പേര്‍ട്ട് അനുഭവ് സിംഗ്, എന്‍ട്രി സിടിഒ രാഹുല്‍ രമേഷ്, ബൈ മി എ കോഫി സിഇഒ ജിജോ സണ്ണി, ടില്‍റ്റ്ലാബ്സ് സിഇഒ നിഖില്‍ ചന്ദ്രന്‍, സിയാറ്റില്‍ പിയന്‍സ വിസി പാര്‍ട്ണര്‍ ജോഫിന്‍ ജോസഫ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ എ ഐ യുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകള്‍ പങ്കിട്ടു. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനി ഫയയുടെ മാനേജിംഗ് ഡയറക്ടര്‍ ദീപു എസ് നാഥ് പരിപാടിയുടെ ചീഫ് ക്യൂറേറ്ററായിരുന്നു.ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള ഫയയുടേയും നാസ്കോമിന്‍റേയും സംയുക്തസംരംഭമാണ് നാസ്കോം ഫയ:80. 2013 ല്‍ സ്ഥാപിതമായ നാസ്കോം ഫയ:80 സാങ്കേതികമേഖലയില്‍ നൂതനാശയങ്ങളും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.നാസ്കോം ഫയ:80 യുടെ നേതൃത്വത്തില്‍ 11 വര്‍ഷമായി എല്ലാ മാസത്തെയും ആദ്യ ബുധനാഴ്ച നടക്കുന്ന സെമിനാറില്‍ സാങ്കേതികവിദ്യയിലെ പുത്തന്‍ പ്രവണതകളും വെല്ലുവിളികളുമാണ് ചര്‍ച്ച ചെയ്യുന്നത്. ഈ ചര്‍ച്ചകളില്‍ വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക്ക് വിദഗ്ധര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുന്നതിലൂടെ ഊര്‍ജ്ജസ്വലമായ ഒരു ടെക് ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിന് നാസ്കോം ഫയ:80യ്ക്ക് സാധിക്കുന്നു.

You might also like
Leave A Reply

Your email address will not be published.