തിരുവനന്തപുരം : ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മദിന ആഘോഷങ്ങൾക്കായി ബാലഗോകുലം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. നൂറ്റിയൊന്ന് അംഗങ്ങൾ ഉൾപ്പെട്ട ആഘോഷസമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്.പുണ്യമീ മണ്ണ്’. പവിത്രമീ ജന്മം എന്ന സന്ദേശത്തോടെയാണ് ഇക്കുറി ശ്രീകൃഷ്ണ ജന്മദിന ആഘോഷങ്ങൾ . ആഗസ്റ്റ് 26 ന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും തലസ്ഥാന നഗരിയെ അമ്പാടിയാക്കി ശോഭായാത്ര നടക്കും. പാളയം ഗണപതി ക്ഷേത്ര സന്നിധിയിൽ നിന്നും തുടങ്ങുന്ന ശോഭായാത്ര പഴവങ്ങാടിയിൽ സമാപിക്കും. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ തുടങ്ങി ഗോപിക നൃത്തം വരെ ആഘോഷങ്ങളുടെ ഭാഗമാകും. സ്റ്റാച്ച്യൂ ഭാരതീയ വിചാര കേന്ദ്രം ആഡിറ്റോറിയത്തിൽ നടന്ന സ്വാഗത സംഘ രൂപീകരണ ചടങ്ങ് ആൾ ഇന്ത്യ റേഡിയോ മുൻ ഡയറക്ടർ ഡോ. എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാത്മികതയിൽ അധിഷ്ഠിതമായ ഭാരതീയ വിദ്യാഭ്യാസത്തെ നയിച്ചിരുന്നത് ഭഗവത് ഗീഥ സന്ദേശങ്ങളാണെന്ന് എസ്. രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ ഇന്നത്തെ പാഠ്യപദ്ധതികളിൽ അതില്ല. ഭാരതം കയ്യടക്കി ഭരിച്ച വൈദേശികർ ഭാരതത്തെ തകർക്കുന്നതിനായി പാശ്ചാത്യ വിദ്യാഭ്യാസം നടപ്പിലാക്കിയതോടെ പൗരാണിക വിദ്യാഭ്യാസം അന്യമാകുകയായിരുന്നു. ഇന്നത്തെ സമൂഹം പാശ്ചാത്യ വിദ്യാഭ്യാസത്തിന് പുറകെ പരക്കം പായുമ്പോൾ പാശ്ചാത്യ രാജ്യങ്ങളിലെ പാഠ്യപദ്ധതികളിൽ പ്രഥമ സ്ഥാനമാണ് ഭഗവത് ഗീഥയ്ക്കുള്ളത്. ഇത് ഓരോ ഭാരതീയനും മനസ്സിലാക്കി ഭഗവത് ഗീഥ സന്ദേശങ്ങളെ ആഴത്തിൽ മനസ്സിലാക്കണമെന്നും എസ്.രാധാകൃഷ്ണൻ പറഞ്ഞു. ചടങ്ങിൽ ബാലഗോകുലം സംസ്ഥാന സെക്രട്ടറി ബി എസ് ബിജു, മേഖല ഉപാദ്ധ്യക്ഷൻ മുണ്ടനാട് സുരേഷ്, ജില്ലാ പ്രസിഡൻ്റ് ടി എസ് രാജൻ, സെക്രട്ടറി കെ എസ് ഷാജി, ഭഗിനിപ്രമുഖ് വി എസ് മഞ്ജു, ആർഎസ്എസ് വിഭാഗം സഹ കാര്യവാഹ് ഡി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.