ഇപ്പോൾ സന്ധിവേദനയുണ്ടെന്നു ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം. എന്താണ് യൂറിക് ആസിഡ് (Uric Acid)? നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും, ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീൻ (Protein) വിഘടിച്ചുണ്ടാകുന്ന പ്യുറിൻ (purine) എന്ന ഘടകം, ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്. എങ്ങിനെ യൂറിക് ആസിഡ് രക്തത്തിൽ വർധിക്കുന്നു? യൂറിക് ആസിഡിന്‍റെ തോത് ശരീരത്തിൽ ക്രമീകരിക്കുന്നത് കിഡ്നി ആണ്. ശരീരത്തിൽ ഉണ്ടാകുന്ന യൂറിക് ആസിഡിന്‍റെ മൂന്നിൽ രണ്ടു ഭാഗം (2/3) മൂത്രത്തിലൂടെയും, മൂന്നിൽ ഒരു ഭാഗം (1/3) മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു. കിഡ്നിക്കുണ്ടാകുന്ന ഏതെങ്കിലും പ്രശ്നങ്ങൾ കൊണ്ടും, കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീനിന്‍റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തിൽ വർധിക്കാൻ കാരണമാകുന്നു.