തിരുവനന്തപുരം: ബഹ്റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതി നേടിയ പ്രമുഖ വ്യവസായി ഡോ.ബി.രവിപിള്ളയ്ക്ക് കേരളത്തിന്റെ സ്നേഹാദരം നല്‍കുന്നതിനായി ഫെബ്രുവരി അഞ്ച് ബുധനാഴ്ച സായാഹ്നത്തില്‍ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ രവിപ്രഭ എന്ന പരിപാടി സംഘടിപ്പിക്കുന്നു. വൈകിട്ട് 2.30 മുതല്‍ പരിപാടികള്‍ തുടങ്ങും. 2.45ന് ചേര്‍ത്തല രാജേഷിന്റെ ഓടക്കുഴല്‍ വാദനത്തോടെ തുടങ്ങുന്ന പരിപാടിയില്‍ വൈകിട്ട് 3.30ന് സ്‌നേഹ സംഗമം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഗോവ ഗവര്‍ണര്‍ ശ്രീ.പി.എസ്.ശ്രീധരന്‍ പിള്ള മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശന്‍, മലയാളത്തിന്റെ പ്രിയനടന്‍ പദ്മഭൂഷണ്‍ മോഹന്‍ലാല്‍, ബഹ്‌റൈന്‍ മന്ത്രി ഡോ.ഷെയ്ക് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ, സംസ്ഥാന മന്ത്രിമാരായ കെ.രാജന്‍, കെ.എന്‍.ബാലഗോപാല്‍, റോഷി അഗസ്റ്റിന്‍, ജി.ആര്‍.അനില്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, വിവിധ പാര്‍ട്ടികളുടെ നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, ബിനോയ് വിശ്വം എം.പി, കെ.സുരേന്ദ്രന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, എസ്.രാമചന്ദ്രന്‍ പിള്ള, ജോണ്‍ ബ്രിട്ടാസ് എം.പി, കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്ക ബാവ, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍, ഗോകുലം ഗോപാലന്‍, ജെ.കെ.മേനോന്‍, എം.വി.ശ്രേയാംസ്‌കുമാര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍, സിനിമ സംവിധായകന്‍ ഷാജി എന്‍.കരുണ്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, എം.വിന്‍സന്റ്, വി.ജോയ് തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പ്രശസ്തിപത്രം സമര്‍പ്പിക്കും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ.ജി.രാജ്‌മോഹന്‍ സ്വാഗതവും വര്‍ക്കിംഗ് ചെയര്‍മാന്‍ ഇ.എം.നജീബ് നന്ദിയും പറയും.
ഡോ.ബി. രവിപിള്ളയുടെ ‘രവിയുഗം’ എന്ന ആത്മകഥയുടെ കവര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
ടാഗോര്‍ തിയേറ്റര്‍ വളപ്പില്‍ രവിപ്രഭ ഫോട്ടോ എക്സിബിഷന്‍, പെയിന്റിംഗ് മത്സരവിജയികളുടെ പെയിന്റിംഗ് പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും.
ചടങ്ങിനുശേഷം പ്രശസ്ത ഗായിക സിത്താര കൃഷ്ണകുമാര്‍ നയിക്കുന്ന മ്യൂസിക് ബാന്‍ഡിന്റെ മാസ്മരിക സംഗീത വിരുന്ന് ഉണ്ടായിരിക്കും.