ഇത്തവണ റിപ്പബ്ലിക് ദിനത്തിലെ പരേഡിന് മുഖ്യാതിഥിയായി എത്തുന്നത് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ ആണ്. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയന്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥി ആയി എത്തുന്നത്.
രാവിലെ ഒമ്ബത് മണിക്ക് രാജ്പഥില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ ആരംഭിക്കും. ദേശീയ യുദ്ധസ്മാരകത്തില്‍ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടെയാണ് 71-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ ആരംഭിക്കുക. തൊണ്ണൂറ് മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡ് ഇത്തവണ നയിക്കുന്നത് ലെഫ്. ജനറല്‍ അസിത് മിസ്ത്രി ആണ്. വ്യോമസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഒരുക്കുന്ന ആകാശ കാഴ്ചകളും ഇത്തവണയുണ്ട്.
ആഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക വൈവിധ്യങ്ങളുമായി വിവിധ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളും രാജ്പഥിലൂടെ കടന്നുപോകും. എന്നാല്‍ ഇത്തവണയും കേരളത്തിന്റെ ഫ്‌ളോട്ട് ഒഴിവാക്കിയിരിക്കുകയാണ്. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനാല്‍ കനത്ത സുരക്ഷാവലയത്തിലാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ നടക്കുന്നത്.