രാജ്യം ഇന്ന് ദേശീയ വിനോദസഞ്ചാര ദിനമായി ആചരിക്കും. 2014ലെ കണക്ക് പ്രകാരം പ്രതിവര്‍ഷം 7.42 ദശലക്ഷം വിനോദസഞ്ചാരികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നത്. രാജ്യത്തെ തൊഴിലാളികളില്‍ 7.7 ശതമാനം പേര്‍ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. വിനോദസഞ്ചാര മേഖലയുടെ പ്രാധാന്യം ആഗോള സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഇന്ത്യയില്‍ ജനുവരി 25 ദേശീയ വിനോദസഞ്ചാര ദിനമായി ആചരിക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രശേഷിപ്പുകളും പ്രകൃതിയുടെ വിസ്മയങ്ങളും നിരവധിയുണ്ട് നമ്മുടെ രാജ്യത്ത്. വ്യത്യസ്ത സംസ്‌കാരവും ജനവിഭാഗങ്ങളും കൂടിയാവുമ്പോള്‍ സഞ്ചാരികളുടെ സ്വര്‍ഗമായി മാറുന്നു ഇന്ത്യ. ദേശീയ വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കുമായി നിരവധി പദ്ധതികളും ആവിഷ്‌കരിച്ചിരിക്കുന്നു. രാജ്യത്തെ പ്രശസ്തമായ പല ടൂറിസം കേന്ദ്രങ്ങളും ഇന്ന് പ്രവേശനപാസ് ഇല്ലാതെ സന്ദര്‍ശിക്കാം.