മരടിലെ ഫ്ളാറ്റ് നിന്നിരുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കില്ല

സ്ഥലം നിര്‍മാതാക്കളുടെ പേരില്‍ തന്നെയായിരിക്കും. പൊളിച്ച സ്ഥിതിക്ക് സ്ഥലത്തിന്മേല്‍ ഫ്ളാറ്റ് ഉടമകള്‍ക്ക് ആനുപാതിക അവകാശമുണ്ടെന്ന കാര്യമൊക്കെ ഉടമകളും നിര്‍മാതാക്കളും തമ്മില്‍ തീര്‍ക്കണം. ഇല്ലെങ്കില്‍ നിയമവഴി തേടണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല.

ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് മുമ്ബുണ്ടായിരുന്നതുപോലെ കണ്ടല്‍ക്കാട് പിടിപ്പിക്കണമെന്നും മറ്റും വാദമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഭൂമിയല്ലാത്തതിനാല്‍ ഏറ്റെടുക്കണമെങ്കില്‍ ഭീമമായ തുക വേണ്ടിവരും. അതിന് സര്‍ക്കാര്‍ തയ്യാറല്ല. ഭൂമി നിയമാനുസൃതമായാകും ഉപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും.

മുന്‍വര്‍ഷത്തെ തീരദേശപരിപാലന നിയമഭേദഗതിപ്രകാരം തീരത്തുനിന്ന് 20 മീറ്റര്‍ അകലെ നിര്‍മാണം നടത്താം. ചട്ടം വിജ്ഞാപനം ചെയ്തിട്ടില്ല. പുതിയ നിയമപ്രകാരം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഈ ഭൂമിയില്‍ നിര്‍മാണം അനുവദിച്ചേക്കാം.

നിയമവും ചട്ടവും ലംഘിച്ച്‌ നിര്‍മിച്ച മറ്റു കെട്ടിടങ്ങളുടെ സ്ഥിതിവിവരവും കോടതി നിര്‍ദേശപ്രകാരം ശേഖരിക്കുന്നുണ്ട്. നിയമലംഘനം കണ്ടെത്തുന്ന കെട്ടിടങ്ങളുടെ കാര്യത്തിലും സമാന നിര്‍ദേശമുണ്ടാകുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.

പൊളിക്കാന്‍ ചെലവായത് 60 കോടി

ഫ്ളാറ്റ് പൊളിക്കുന്നതിനും മറ്റും ചെലവായ 60 കോടിരൂപയും നഷ്ടപരിഹാരവും നിര്‍മാതാക്കളില്‍നിന്ന് പിടിക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നു. രണ്ടു നിര്‍മാതാക്കള്‍ രണ്ടുകോടിരൂപ വീതം സര്‍ക്കാരിലേക്ക് അടച്ചു. ചെലവിന്റെ ചെറിയൊരു ഭാഗം പോലുമിതാകില്ല. ഈ സാഹചര്യത്തിലാണ് നിര്‍മാതാക്കളില്‍നിന്ന് ചെലവായ തുക ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സുപ്രീംകോടതിയും നിര്‍മാതാക്കളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

ഫ്ളാറ്റ് വാങ്ങിയവര്‍ക്ക് 25 ലക്ഷംരൂപ വരെയാണ് നഷ്ടപരിഹാരം നല്‍കിയത്. ഈ തുക നിര്‍മാതാക്കളില്‍നിന്ന് ഈടാക്കണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിലെത്തിയിട്ടില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ. 25 ലക്ഷം രൂപ ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതിയായിരുന്നു നിര്‍ദേശിച്ചത്.

Comments (0)
Add Comment