സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ നിരീക്ഷണ കാലം ആറ് മാസം വരെ ദീര്‍ഘിപ്പിക്കാന്‍ അനുമതി

വാര്‍ഷിക അവധിക്ക് പകരം പണം സ്വീകരിക്കല്‍ നിയമവിരുദ്ധമായിരിക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

മൂന്ന് മാസമായിരുന്നു സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ നിരീക്ഷണ കാലം. എന്നാല്‍ ഇനിമുതല്‍ തൊഴിലാളിയുടെ അനുമതിയോടെ ഇത് 6 മാസം വരെ ദീര്‍ഘിപ്പിക്കാം. എന്നാല്‍ നേരത്തെ നിയമിച്ച അതേ തൊഴിലില്‍ തന്നെ ആറ് മാസത്തില്‍ കൂടുതല്‍ നിരീക്ഷണഘട്ടമായി നിയമിക്കുവാന്‍ അനുവാദമില്ല.

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 21 ദിവസവും, ഒരു തൊഴിലുടമക്ക് കീഴില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളിക്ക് വര്‍ഷത്തില്‍ 30 ദിവസവും വേതനത്തോട് കൂടിയ വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ട്. വാര്‍ഷിക അവധി സ്വമേധയാ ഉപേക്ഷിക്കുവാനോ, അവധിക്ക് പകരം പണം സ്വീകരിക്കുവാനോ പാടുള്ളതല്ല. അവധികാലത്ത് മറ്റൊരു തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Comments (0)
Add Comment