തെക്കുകിഴക്കേ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാൻമാർ ( ഔദ്യോഗികനാമം: യൂണിയൻ ഓഫ് മ്യാന്മാർ : ബ്രിട്ടീഷ് കോളനിയായിരുന്ന “യൂണിയൻ ഓഫ് ബർമ്മ”യ്ക്ക് 1948 ജനുവരി 4-നു ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചു.1974 ജനുവരി 4-നു രാജ്യത്തിന്റെ പേര് “സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ദ് യൂണിയൻ ഓഫ് ബർമ്മ” എന്ന് മാറ്റി. 1988 സെപ്റ്റംബർ 23-നു പേര് വീണ്ടും “യൂണിയൻ ഓഫ് ബർമ്മ” എന്നുമാറ്റി. 1989 സെപ്റ്റംബർ 23-നു സ്റ്റേറ്റ് ലാ ആന്റ് ഓർഡർ റിസ്റ്റൊറേഷൻ കൗൺസിൽ രാജ്യത്തിന്റെ പേര് “യൂണിയൻ ഓഫ് മ്യാന്മാർ” എന്ന് നാമകരണം ചെയ്തു.
പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന (വടക്ക്), ലാവോസ് (കിഴക്ക്), തായ്‌ലാന്റ് (തെക്കുകിഴക്ക്), ബംഗ്ലാദേശ് (പടിഞ്ഞാറ്), ഇന്ത്യ (വടക്കുകിഴക്ക്) എന്നിവയാണ് മ്യാന്മാറിന്റെ അയൽരാജ്യങ്ങൾ. തെക്ക് ആൻഡമാൻ കടലും തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലുമാണ് സമുദ്രാതിർത്തികൾ. മ്യാന്മാറിന്റെ ചുറ്റളവിന്റെ മൂന്നിലൊന്ന് (1,930 ച.കി.മീ – 1,199 ച.മൈൽ) അഖണ്ഡമായ തീരപ്രദേശമാണ്.
*വംശീയ കലാപങ്ങൾ*
ജൂൺ 2012 മുതൽ മ്യാന്മാറിൽ അരാകാന സംസ്ഥാനത്തുനിന്ന് റോഹിങ്ക്യ വിഭാഗം മുസ്ലീങ്ങൾക്കെതിരേ അക്രമാസക്തമായ ജനക്കൂട്ടം അതിക്രമങ്ങൾ നടത്തുന്നുണ്ട്. റോഹിങ്ക്യ വിഭാഗം മുസ്ലീങ്ങൾ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി നുഴഞ്ഞുകയറിയവരാണെന്ന് ആരോപിക്കപ്പെടുന്നു. അധികൃതരുടെ സഹായത്തോടെയാണ് കലാപം നടക്കുന്നതെന്ന് ഹ്യൂമൻ റൈറ്റ് വാച്ച് റിപ്പോർട്ടു ചെയ്തു.