ഒരു ഇന്ത്യൻ സംഗീതസംവിധായകനാണ് എ.ആർ. റഹ്‌മാൻ
ക്രോസ്ബെൽറ്റ് മണിയുടെ പെൺപട എന്ന ചിത്രത്തിനു വേണ്ടിയാണ് പതിനൊന്നാം വയസ്സിൽ സംഗീതസംവിധാനം നിർവഹിച്ചത്.. 1992-ൽ പുറത്തിറങ്ങിയ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ എന്ന മലയാളചലച്ചിത്രത്തിനാണ് സിനിമയിൽ എ.ആർ. റഹ്മാൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. 1992-ൽ മണിരത്നത്തിന്റെ റോജാ(ചലച്ചിത്രം) എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സിനിമാ സംഗീതലോകത്ത് ശ്രദ്ധേയനായത്. ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്രപിന്നണിഗാനങ്ങളിൽ ഒന്നായി റോജായിലെ ഗാനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.
സ്ലംഡോഗ് മില്ല്യണയർ എന്ന ചലച്ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2009-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം എ.ആർ. റഹ്‌മാന് നൽകപ്പെട്ടു ഈ ചിത്രത്തിന് തന്നെ 2009-ലെ ഓസ്കാർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു . ഓസ്കാർ അവാർഡ് നിർണയ സമിതിയിലേക്കും റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടു .
2010-ലെ ഗ്രാമി പുരസ്കാരത്തിൽ മികച്ച ചലച്ചിത്രഗാനത്തിനും, ദൃശ്യമാദ്ധ്യമത്തിനായി നിർവ്വഹിച്ച മികച്ച ഗാനത്തിനുമുള്ള പുരസ്കാരം ഇദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ച സ്ലം ഡോഗ് മില്യയണറിലെ ജയ് ഹോ എന്ന ഗാനം നേടി. സംഗീത രംഗത്തെ സംഭാവനകൾ പരിഗണിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരവും റഹ്മാന് ഭാരത സർക്കാർ നൽകുകയുണ്ടായി.
ആദ്യകാല ജീവിതവും സ്വാധീനിച്ച ഘടകങ്ങളും
മലയാളം, തമിഴ് ചലച്ചിത്രങ്ങൾക്ക് സംഗിതം നൽകിയിരുന്ന ആർ.കെ.ശേഖറിന്റെ മകനായി 1966 ജനുവരി 6 ന് തമിഴ്‌നാട്ടിലെ മദ്രാസിൽ (ഇപ്പോഴത്തെ ചെന്നൈയിൽ) ജനിച്ചു. ബാല്യകാലത്തുതന്നെ കീബോർഡ് വായിച്ചുകൊണ്ട് റഹ്‌മാൻ തന്റെ അച്ഛനെ റെക്കോർഡിങ് സ്റ്റുഡിയോയിൽ സഹായിച്ചിരുന്നു.
അദ്ദേഹത്തിന് ഒൻപത് വയസ്സുള്ളപ്പോൾ പിതാവ് മരിക്കുകയുണ്ടായി. പിന്നീട് നിത്യജീവിതത്തിലെ വരുമാനത്തിന് വേണ്ടി പിതാവിന്റെ സംഗിതോപകരണങ്ങൾ വാടകയ്ക്ക് നൽകിയാണ് കുടുംബം കഴിഞ്ഞത്. തുടർന്ന് അമ്മയായ കരീമയുടെ മേൽനോട്ടത്തിൽ വളർന്ന റഹ്‌മാൻ, പത്മ ശേഷാദ്രി ബാല ഭവനിൽ പഠിക്കുന്ന സമയത്ത് വരുമാനത്തിനുവേണ്ടി ജോലി ചെയ്യേണ്ടി വരികയും ഇതിന്റെ ഫലമായി ക്ലാസ്സുകൾ നഷ്ടപ്പെടുകയും പരീക്ഷകളിൽ പരാജയപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് സ്കൂളിലെ പ്രിൻസിപ്പാളായിരുന്ന രാജലക്ഷ്മി പാർത്ഥസാരഥി, റഹ്‌മാനെയും അമ്മയെയും ശകാരിക്കുകയും പഠനകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് പറയുകയും ചെയ്തു. എന്നാൽ അടുത്തവർഷം റഹ്‌മാൻ, എം.സി.എൻ എന്ന മറ്റൊരു സ്കൂളിൽ പഠനം തുടർന്നു. തുടർന്ന് സംഗീതത്തിലുള്ള അഭിരുചി കാരണം റഹ്‌മാന് മദ്രാസ് ക്രിസ്റ്റ്യൻ കോളേജ് ഹയർ സെക്കന്ററി സ്കൂളിൽ അഡ്‌മിഷൻ ലഭിച്ചു. ഈ സ്കൂളിൽ വച്ച് ജിം സത്യയെപ്പോലെയുള്ള സഹപാഠികളോടൊപ്പം ചേർന്ന് അവിടെയുള്ള സംഗീത ബാന്റിൽ ചേരുകയുണ്ടായി. എന്നാൽ പിന്നീട് സംഗീതമേഖലയിലെ പ്രവർത്തനങ്ങൾ വർധിച്ചപ്പോൾ പഠനവും സംഗീതവും ഒരേപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വരികയും ഒടുവിൽ പഠനം ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇക്കാലത്ത് ശിവമണി, ജോൺ അന്തോണി, രാജ തുടങ്ങിയ ബാല്യകാല സുഹൃത്തുക്കളോടൊപ്പം “റൂട്ട്സ്” പോലെയുള്ള സംഗീത ട്രൂപ്പുകളിൽ കീബോർഡ് വായനക്കാരനായും ബാൻഡുകൾ സജ്ജീകരിക്കുന്നതിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കൂടാതെ ചെന്നൈ ആസ്ഥാനമായ “നെമിസിസ് അവെന്യു” എന്ന റോക്ക് ഗ്രൂപ്പും റഹ്‌മാൻ സ്ഥാപിച്ചിരുന്നു. കീബോർഡ്, പിയാനോ, സിന്തസൈസർ, ഹാർമോണിയം, ഗിറ്റാർ തുടങ്ങിയ ഉപകരണങ്ങളിൽ പ്രാവീണ്യമുണ്ടായിരുന്ന റഹ്‌മാൻ, കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് സിന്തസൈസറിനെയായിരുന്നു. ഇതിനെപറ്റി അദ്ദേഹം പറഞ്ഞത് “സംഗീതത്തിന്റേയും സാങ്കേതികതയുടേയും ഉത്തമ ഒത്തുചേരലാണിത്” എന്നായിരുന്നു.
മാസ്റ്റർ ധനരാജിന്റെ കീഴിലായിരുന്നു ആദ്യകാല പരിശീലനം നടത്തിയിരുന്നത്. തന്റെ 11-ാം വയസ്സിൽ റഹ്‌മാൻ, മലയാള ചലച്ചിത്ര സംവിധായകനും ആർ.കെ. ശേഖറിന്റെ അടുത്ത സുഹൃത്തുമായ എം.കെ. അർജുനൻ മാസ്റ്ററിന്റെ ഓർക്കസ്ട്രയിൽ പ്രവർത്തിക്കുകയുണ്ടായി.
അക്കാലത്ത് ഇളയരാജയടക്കം നിരവധി സംഗീതഞ്ജർ റഹ്‌മാന്റെ കുടുംബത്തിൽ നിന്ന് അദ്ദേഹത്തിന്റെ അച്ഛന്റെ സംഗീതോപകരണങ്ങൾ വാടകയ്ക്കെടുത്തിരുന്നു. പിന്നീട് എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ അംഗമായി. സാക്കിർ ഹുസൈൻ, കുന്നക്കുടി വൈദ്യനാഥൻ, എൽ. ശങ്കർ എന്നിവരുടെ കൂടെയും പല സ്ഥലങ്ങളിൽ സഞ്ചരിച്ച് സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ശേഷം ലണ്ടനിലെ ട്രിനിറ്റി സംഗീത കോളേജിൽ സ്കോളർഷിപ്പ് ലഭിക്കുകയും അവിടെ പാശ്ചാത്യ ക്ലാസിക്ക് സംഗീതത്തിൽ ബിരുദം നേടുകയും ചെയ്തു.
മദ്രാസിൽ പഠിച്ചുകൊണ്ട്, ഈ സ്കൂളിൽ നിന്നും പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിൽ ഡിപ്ലോമ കരസ്ഥമാക്കുകയുണ്ടായി. 1984 – ൽ സഹോദരി രോഗബാധിതയായ സമയത്താണ് ഖാദിരിയ്യ ത്വരീഖത്തിനെക്കുറിച്ച് റഹ്‌മാൻ അടുത്തറിയുന്നത്. 1989 – ൽ തന്റെ 23-ാമത്തെ വയസ്സിൽ റഹ്‌മാനും കുടുംബാംഗങ്ങളും ഇസ്ലാം മതം സ്വീകരിക്കുകയും അല്ലാരഖാ റഹ്‌മാൻ എന്ന് പേര് മാറ്റുകയും ചെയ്തു.
*ചലച്ചിത്ര ജീവിതം*
ശബ്ദട്രാക്കുകൾ
ഇന്ത്യയിലെ വിവിധ ടെലിവിഷൻ ചാനലുകൾക്കു വേണ്ടിയും പരസ്യങ്ങൾക്കുവേണ്ടിയും പശ്ചാത്തലസംഗീതസംവിധാനം നിർവഹിച്ചുകൊണ്ടാണ് എ.ആർ. റഹ്‌മാൻ ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്. 1987 – ൽ അന്നത്തെ പ്രശസ്തരായ വാച്ച് നിർമ്മാക്കളായിരുന്ന, ഹൈദരാബാദ് സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അൽവൈൻ കമ്പനിയുടെ വാച്ചുകളുടെ പരസ്യത്തിന് പശ്ചാത്തലസംഗീതം നിർവഹിച്ചു. കൂടാതെ വിഖ്യാത പാശ്ചാത്യ സംഗീതകാരനായിരുന്ന മൊസാർട്ടിന്റെ 25-ാം സിംഫണിയെ ആസ്പദമാക്കിക്കൊണ്ട് കമ്പോസ് ചെയ്ത ടൈറ്റൻ വാച്ചിന്റെ പരസ്യത്തിലെ പശ്ചാത്തലസംഗീതവും അതിവേഗത്തിൽ പ്രശസ്തമാവുകയുണ്ടായി. .
1992 – ൽ തന്റെ പുതിയ ചലച്ചിത്രമായ റോജയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിട്ടപ്പെടുത്തുന്നതിനായി തമിഴ് ചലച്ചിത്ര സംവിധായകൻ മണിരത്നം, എ.ആർ. റഹ്‌മാനെ സമീപിച്ചു.
തന്റെ വീട്ടിന്റെ ഒരു ഭാഗത്താണ് 1992 – ൽ റഹ്‌മാൻ സ്വന്തമായി പഞ്ചത്താൻ റെക്കോർഡ് ഇൻ എന്ന പേരിലുള്ള ഒരു റെക്കോർഡിങ് – മിക്സിങ്ങ് സ്റ്റുഡിയോ ആരംഭിക്കുന്നത്. പിന്നീട് ഈ സ്റ്റുഡിയോ, ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ചതും ആധുനികവുമായ റെക്കോർഡിങ് സ്റ്റുഡിയോയായി മാറുകയുണ്ടായി. റോജയ്ക്കു ശേഷം ആ ചലച്ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന സന്തോഷ് ശിവൻ, തന്റെ സഹോദരനായ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധ എന്ന മലയാള ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നതിനായി എ.ആർ. റഹ്‌മാനുമായി കരാറൊപ്പിട്ടു. 1992 സെപ്റ്റംബറിൽ റിലീസ് ചെയ്ത ഈ ചലച്ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
തൊട്ടടുത്ത വർഷം, റോജയിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം റഹ്‌മാന് ലഭിച്ചു. റോജയുടെ തമിഴ് പതിപ്പിന്റെയും ഹിന്ദിയിൽ ഡബ്ബ് ചെയ്ത് പുറത്തിറങ്ങിയ പതിപ്പിന്റെയും സംഗീതം വളരെയധികം പ്രശസ്തമാവുകയുണ്ടായി. മിന്മിനി ആലപിച്ച, ഈ ചലച്ചിത്രത്തിലെ ചിന്ന ചിന്ന ആസൈ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് പുറത്തിറങ്ങിയ ചലച്ചിത്രങ്ങളെല്ലാം നിരൂപകരുടെ പ്രശംസ നേടുകയും ചെയ്തു. മണിരത്നം സംവിധാനം ചെയ്ത രാഷ്ട്രീയ ചലച്ചിത്രമായ ബോംബെ, പ്രഭുദേവ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കാതലൻ, തിരുടാ തിരുടാ എന്നീ ചലച്ചിത്രങ്ങളുടെ സംഗീതവും പശ്ചാത്തലസംഗീതവും വളരെ വേഗത്തിൽ പ്രശസ്തമാവുകയുണ്ടായി. കൂടാതെ തമിഴ് ചലച്ചിത്ര സംവിധായകനായ എസ്. ഷങ്കർ ആദ്യമായി സംവിധാനം ചെയ്ത ജെന്റിൽമാൻ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഈ ചലച്ചിത്രത്തിലെ ചിക്ക് ബുക്ക് റെയിലേ എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകനായ പി. ഭാരതിരാജയോടൊപ്പം കിഴക്കു ചീമയിലെ, കറുത്തമ്മ എന്നീ ചലച്ചിത്രങ്ങളിൽ റഹ്‌മാൻ പ്രവർത്തിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലെ നാടോടി സംഗീതത്തോട് സാമ്യമുള്ളവയായിരുന്നു ഈ ചലച്ചിത്രങ്ങൾക്കുവേണ്ടി റഹ്‌മാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ. കൂടാതെ ഇയക്കുണർ ശിഖരം എന്നറിയപ്പെട്ടിരുന്ന കെ. ബാലചന്ദർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഡ്യുയറ്റ് എന്ന ചലച്ചിത്രത്തിലും സംഗീതസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 1995 – ൽ പുറത്തിറങ്ങിയ ഇന്ദിര, മിസ്റ്റർ റോമിയോ, ലൗ ബേർഡ്സ് എന്നീ ചലച്ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രജനീകാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുത്തു എന്ന ചലച്ചിത്രം ജപ്പാനിൽ വളരെ വലിയ പ്രദർശനവിജയം നേടിയതോടെ എ.ആർ. റഹ്‌മാന്റെ ഗാനങ്ങൾക്ക് ജപ്പാനിലും വലിയ ജനപ്രീതി ലഭിക്കുകയുണ്ടായി. പാശ്ചാത്യ സംഗീതവും, കർണ്ണാടക സംഗീതവും തമിഴ്‌നാട്ടിലെ നാടോടി സംഗീത പാരമ്പര്യവും, റോക്ക് സംഗീതവും ഒരേപോലെ പ്രയോഗിക്കാനുള്ള റഹ്‌മാന്റെ വൈദഗ്ധ്യം തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ഗാനങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായിത്തീർന്നു. 1995 – ൽ മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോംബെ എന്ന ചലച്ചിത്രത്തിന്റെ ശബ്ദട്രാക്കിന്റെ 15 മില്യൺ കോപ്പികൾ ലോകവ്യാപകമായി വിറ്റഴിക്കപ്പെടുകയുണ്ടായി. കൂടാതെ ഈ ചലച്ചിത്രത്തിൽ ഉപയോഗിച്ച ബോംബെ തീം പിന്നീട് റഹ്‌മാൻ തന്നെ സംഗീതസംവിധാനം നിർവ്വഹിച്ച, ദീപ മേത്തയുടെ ഫയർ എന്ന ചലച്ചിത്രത്തിലും ഉപയോഗിക്കപ്പെട്ടു. 2002 – ലി പുറത്തിറങ്ങിയ ഡിവൈൻ ഇന്റർവെൻഷൻ എന്ന പലസ്തീനിയൻ ചലച്ചിത്രത്തിലും 2005 – ൽ നിക്കോളാസ് കേജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ലോഡ് ഓഫ് വാർ എന്ന ചലച്ചിത്രത്തിലും ഈ തീം ഉപയോഗിച്ചിട്ടുണ്ട്. രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത രംഗീല ആയിരുന്നു എ.ആർ. റഹ്‌മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യത്തെ ബോളിവുഡ് ചലച്ചിത്രം. തുടർന്ന് പുറത്തിറങ്ങിയ ദിൽ സേ.., താൾ എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും ജനപ്രീതിയാർജിക്കുകയുണ്ടായി. ദിൽ സേയിലെ ഛയ്യ ഛയ്യാ എന്ന ഗാനവും നേതാജി സുഭാഷ് ചന്ദ്ര ബോസ്: ദ ഫൊർഗോട്ടൻ ഹീറോ എന്ന ചലച്ചിത്രത്തിലെ സിക്ര് എന്ന ഗാനവും (ഈ ഗാനത്തിന് വിപുലമായ ഓർക്കസ്ട്രയും കോറസ് സംഘവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്) സൂഫി സംഗീതത്തെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.
1997 – ൽ രാജീവ് മേനോൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മിൻസാര കനവു് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് രണ്ടാമത്തെ തവണ മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും മികച്ച തമിഴ് സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിക്കുകയുണ്ടായി. ആറ് പ്രാവശ്യം തുടർച്ചയായി എ.ആർ. റഹ്‌മാന് ഫിലിംഫെയർ പുരസ്കാരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് പുറത്തിറങ്ങിയ സംഗമം, ഇരുവർ എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഈ ചലച്ചിത്രങ്ങളിൽ കർണ്ണാട സംഗീതവും, ഒപ്പം വീണയും റോക്ക് ഗിറ്റാറും ജാസുമായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്. 2000 – ൽ രാജീവ് മേനോനിന്റെ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, അലൈപായുതേ, അശുതോഷ് ഗോവാരിക്കറിന്റെ സ്വദേശ്, രംഗ് ദേ ബസന്തി എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും റഹ്‌മാൻ ചിട്ടപ്പെടുത്തി. ഇന്ത്യയിലെ പ്രശസ്തരായ കവികളായ ജാവേദ് അഖ്‌തർ, ഗുൽസാർ, വൈരമുത്തു, വാലി എന്നിവരോടൊപ്പം റഹ്‌മാൻ പ്രവർത്തിച്ചിട്ടുണ്ട്. മണിരത്നം (റോജ, തിരുടാ തിരുടാ, ബോംബെ, ഇരുവർ, ദിൽ സേ.., അലൈപായുതേ, കണ്ണത്തിൽ മുത്തമിട്ടാൽ, ആയുത എഴുത്ത്, ഗുരു, രാവണൻ, കടൽ, ഓകെ കൺമണി, കാറ്റു വെളിയിടൈ, ചെക്ക ചിവന്ത വാനം), എസ്. ഷങ്കർ (ജെന്റിൽമാൻ, കാതലൻ, ഇന്ത്യൻ, ജീൻസ്, മുതൽവൻ, നായക്, ബോയ്സ്, ശിവാജി, എന്തിരൻ, ഐ, 2.0) എന്നിവരുടെ ചലച്ചിത്രങ്ങൾക്കുവേണ്ടി റഹ്‌മാൻ ചിട്ടപ്പെടുത്തിയ ശബ്ദട്രാക്കുകൾക്ക് വലിയ ജനപ്രീതി ലഭിച്ചു.