ചൈന-വിയറ്റ്നാം യുദ്ധം

 

( 1979 ഫെബ്രുവരി 17 – 1979 മാർച്ച്‌ 16 )

 

1979-ന്റെ തുടക്കത്തിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമും തമ്മിൽ നടന്ന അതിർത്തിയുദ്ധമാണ്. മൂന്നാം ഇന്തോ ചൈന യുദ്ധം എന്നും ഇത് അറിയപ്പെടുന്നു. വിയറ്റ്നാം 1978-ൽ കംബോഡിയയിൽ അധിനിവേശം നടത്തിയതിനെത്തുടർന്നാണ് ചൈന വിയറ്റ്നാമിനെ ആക്രമിച്ചത്. വിയറ്റ്നാമിന്റെ കംബോഡിയ ആക്രമണം ചൈനയുടെ പിന്തുണയുണ്ടായിരുന്ന ഖമർ റൂഷ് ഭരണത്തിന് അവസാനം കുറിച്ചിരുന്നു. ഹെൻട്രി കിസ്സിഞ്ചറുടെ അഭിപ്രായത്തിൽ “സോവിയറ്റ് യൂണിയൻ ദക്ഷിണപൂർവ്വേഷ്യയിൽ വ്യാപിക്കുക എന്ന ലക്ഷ്യത്തോടെ തിന്മയുടെ നീരാളിപ്പിടി മുറുക്കുന്നതിന്റെ ശ്രമമായാണ്“ ഡെങ് സിയാവോപിങ് ഇതിനെക്കണ്ടത്. ചൈനയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ബന്ധത്തിലെ വിള്ളലിന്റെ സൂചനയായിരുന്നു ഇത്. “എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും ചൈനയുടെ ആക്രമണം ദീർഘകാലാടിസ്ഥാനത്തിലുള്ള തന്ത്രപരമായ വിശകലനത്തിന്റെ സൂചനയാണ് നൽകുന്നത്“ എന്ന് കിസ്സിഞ്ചർ അഭിപ്രായപ്പെടുകയുണ്ടായി.

ചൈനയുടെ സൈനികർ വടക്കൻ വിയറ്റ്നാമിൽ പ്രവേശിക്കുകയും അതിർത്തിക്കടുത്തുള്ള പല പട്ടണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. 1979 മാർച്ച് 6-ന് ഹാനോയിയിലേയ്ക്കുള്ള കവാടം തുറന്നുകിടക്കുകാണെന്നും ശിക്ഷിക്കാനായി ഉദ്ദേശിച്ചുള്ള തങ്ങളുടെ ശ്രമം വിജയം കണ്ടു എന്നും പ്രഖ്യാപിക്കുകയും സേനയെ വിയറ്റ്നാമിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിലെ അവസാനത്തെ ഇന്തോചൈന യുദ്ധത്തിൽ ചൈനയും വിയറ്റ്നാമും വിജയം അവകാശപ്പെട്ടു. വിയറ്റ്നാം സൈനികർ 1989 വരെ കംബോഡിയയിൽ തുടർന്നു. കംബോഡിയയിലെ അധിനിവേശത്തിൽ നിന്ന് വിയറ്റ്നാമിനെ പിന്തിരിപ്പിക്കുവാൻ ചൈനയ്ക്ക് സാധിച്ചില്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് ചൈനയും വിയറ്റ്നാമും തമ്മിലുള്ള അതിർത്തി നിർണയിക്കപ്പെട്ടു.

വിയറ്റ്നാമിനെ കംബോഡിയയിൽ നിന്ന് പിൻവലിപ്പിക്കുന്നതിൽ വിജയിച്ചില്ലെങ്കിലും ചൈനയ്ക്ക് തങ്ങളുടെ എതിരാളിയായിരുന്ന സോവിയറ്റ് യൂണിയന് വിയറ്റ്നാമിനെ സംരക്ഷിക്കാനായില്ല എന്ന് തെളിയിക്കാൻ സാധിച്ചു. സോവിയറ്റ് യൂണിയനും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്ന് 15 ലക്ഷം ചൈനീസ് സൈനികർ സോവിയറ്റ് അതിർത്തിയിൽ ഒരു യുദ്ധത്തിന് സന്നദ്ധരായി ഈ സമയത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു.

*അനന്തരഫലങ്ങൾ*

നാം ക്വാൻ ഗേറ്റ്
ചൈനയ്ക്കും വിയറ്റ്നാമിനും ആയിരക്കണക്കിന് സൈനികരെ നഷ്ട്ട്പ്പെട്ടു. 344.6 കോടി യുവാൻ ആണ് ചൈനയ്ക്ക് യുദ്ധത്തിനായി ചെലവായത്. ഇത് 1979–80 വർഷത്തെ സാമ്പത്തിക പദ്ധതി പൂർത്തിയാക്കുന്നത് വൈകുന്നതിനിടയാക്കി. യുദ്ധത്തെത്തുടർന്ന് ചൈനയുമായി ബന്ധമുണ്ടാകാൻ സാദ്ധ്യതയുള്ളതോ ബന്ധമുള്ളതോ ആയ ആൾക്കാരെ വിയറ്റ്നാം അമർച്ച ചെയ്യാനാരംഭിച്ചു. 1979-ൽ 8,000 ഹോവ ജനതയെ ഹാനോയിയിൽ നിന്ന് തെക്കുള്ള “പുതിയ സാമ്പത്തിക മേഖലകളിലേയ്ക്ക്” പുറന്തള്ളി. ‌ഹ്മോങ് ഗോത്രവർഗ്ഗക്കാരെയും മറ്റ് ന്യൂനപക്ഷങ്ങലെയും വടക്കൻ പ്രവിശ്യകളിൽ നിന്ന് ഭാഗികമായി നീക്കം ചെയ്തു. ഹൊവാങ് വാൻ ഹോവൻ കൂറുമാറിയതിനെത്തുടർന്ന് വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടിയിൽ വലിയ ശുദ്ധീകരണം നടന്നു. 1979-ൽ ചൈനയ്ക്കനുകൂലമായി നിലപാടെടുത്ത 20,468 അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

വിയറ്റ്നാം കംബോഡിയയിൽ തുടർന്നുവെങ്കിലും ഈ അധിനിവേശത്തിനെതിരായി അന്താരാഷ്ട്ര അഭിപ്രായം ഏകീകരിക്കുവാൻ ചൈനയ്ക്ക് സാധിച്ചു. നോരോദോം സിഹാനുക്, കമ്യൂണിസ്റ്റ് വിരുദ്ധ നേതാവ് സോൺ സാൻ, ഖമർ റൂഷ് നേതാക്കൾ എന്നിവർക്ക് കംബോഡിയൻ പീപ്പിൾസ് പാർട്ടി ഭരണത്തിന് നയതന്ത്ര അംഗീകാരം ലഭിക്കുന്നത് തടയാൻ സാധിച്ചു. സോവിയറ്റ് ബ്ലോക്കിൽ നിന്നുമാത്രമാണ് കംബോഡിയൻ പീപ്പിൾസ് പാർട്ടി ഗവണ്മെന്റിന് പിന്തുണ ലഭിച്ചത്. ചൈന ആസിയാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും തായ്‌ലാന്റിനും സിങ്കപ്പൂരിനും വിയറ്റ്നാമിൽ നിന്നുള്ള ആക്രമണത്തിനെതിരേ സംരക്ഷണം നൽകാം എന്ന് അറിയിക്കുകയും ചെയ്തു. വിയറ്റ്നാം കൂടുതൽ സോവിയറ്റ് യൂണിയനെ ആശ്രയിക്കാൻ ആരംഭിച്ചു. കാം റാൻ ബേയിൽ വിയറ്റ്നാം സോവിയറ്റ് യൂണിയന് ഒരു നാവികത്താവളം അനുവദിച്ചു. ചില ചരിത്രകാരന്മാരുടെ അഭിപ്രായം ഡെങ് സിയാവോപിങ് ഈ യുദ്ധം ആരംഭിച്ചത് താൻ അധികാരത്തിൽ പിടിമുറുക്കുന്നതുവരെ ചൈനയുടെ സൈന്യത്തിന്റെ ശ്രദ്ധ തിരിക്കുവാൻ വേണ്ടിയായിരുന്നു എന്നാണ്.

*തടവുകാർ*

ചൈന 1,636 വിയറ്റ്നാം കാരെ തടവുകാരായി പിടിച്ചിരുന്നു. വിയറ്റ്നാമിന്റെ കൈവശം 238 ചൈനക്കാർ തടവുകാരായുണ്ടായിരുന്നു.1979 മേയ്-ജൂൺ മാസങ്ങളിൽ ഇവർ കൈമാറ്റം ചെയ്യപ്പെട്ടു.

*യുദ്ധശേഷം ചൈനയും വിയറ്റ്നാമും തമ്മിലുള്ള ബന്ധം*

അതിർത്തിയിലെ സംഘർഷം 1980-കൾ മുഴുവൻ തുടർന്നു. 1984 ഏപ്രിലിൽ കാര്യമായ ഒരു സംഘർഷമുണ്ടായിരുന്നു. 1988-ലെ നാവിക സംഘർഷം എടുത്തുപറയാവുന്ന ഒന്നാണ്. സ്പാർട്ട്‌ലി ദ്വീപുകൾ സംബന്ധിച്ചായിരുന്നു ഇത്. ജോൺസൺ സൗത്ത് റീഫ് സ്കിർമിഷ് എന്നാണ് ഇതറിയപ്പെടുന്നത്.

വർഷങ്ങളോളമെടുത്ത ചർച്ചയ്ക്ക് ശേഷം 1999-ൽ ചൈനയും വിയറ്റ്നാമും ഒരു അതിർത്തിക്കരാറിൽ ഒപ്പിട്ടു. യുദ്ധത്തിൽ തങ്ങൾക്ക് നഷ്ടപ്പെട്ട കരഭൂമി വിയറ്റ്നാം ചൈനയ്ക്ക് നൽകി. കാലങ്ങളായി ചൈനയും വിയറ്റ്നാമും തമ്മിലുള്ള അതിർത്തിയായി കണക്കാക്കിയിരുന്ന ഐ നാം ക്വാൻ ഗേറ്റ് ചൈനയ്ക്ക് നൽകിയത് വിയറ്റ്നാമിൽ വലിയ പ്രതിഷേധത്തിനിടയാക്കി. പാരാസെൽ ദ്വീപുകളും സ്പാർട്ട്‌ലി ദ്വീപുകളും ഇപ്പോഴും തർക്കത്തിലാണ്.

Comments (0)
Add Comment