തണ്ണീർത്തടം

 

വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം (Wetland). അധികം ആഴമില്ലാതെ ജലം സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്. തണ്ണീർത്തടങ്ങളിൽ ജലം ഉപരിതലത്തിലോ അല്ലെങ്കിൽ ഉപരിതലത്തിനു തൊട്ടുതാഴെയോ ആണ് കാണപ്പെടുക. ഇത് കടൽ ജലമോ ശുദ്ധജലമോ ഓരുവെള്ളമോ ആകാം. ജലസസ്യങ്ങൾക്കും ജീവികൾക്കും വസിക്കുവാൻ യോഗ്യമായ ഇത്തരം പ്രദേശങ്ങളിൽ ചെളി കലർന്നതും ജൈവാവശിഷ്ടങ്ങളാൽ സമ്പുഷ്ടമായതുമായ മണ്ണു കാണപ്പെടുന്നു.

ചെറുതും വലുതുമായ തടാകങ്ങൾ, നദികൾ, അരുവികൾ. അഴിമുഖങ്ങൾ. ഡെൽറ്റകൾ, കണ്ടൽ പ്രദേശങ്ങൾ, പവിഴപ്പുറ്റുകൾ നിറഞ്ഞ പ്രദേശങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്ന്ന നിരപ്പിലുള്ള നെൽവയലുകൾ, അണക്കെട്ടുകൾ, ജലസംഭരണികൾ, ഋതുഭേദങ്ങൾ മൂലം വെള്ളത്തിനടിയിലായ സമതല പ്രദേശങ്ങളും വനഭൂമികളും എന്നിവയെല്ലാം തണ്ണീർത്തടത്തിന്റെ നിർവ്വചനത്തിൽ വരും.

പാരിസ്ഥിതികസംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിരവധി ധർമങ്ങൾ നിർവ്വഹിക്കുന്നു. ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവ ഇതിൽ പ്രധാനമാണ്. തണ്ണീർത്തടങ്ങൾ‌ മറ്റുള്ള ആവാസ വ്യവസ്ഥകളെക്കാൾ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്. നിരവധിയായ സസ്യ-ജന്തുജാതികളുടെ വാസസ്ഥലമാണ് തണ്ണീർത്തടങ്ങൾ. ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും തണ്ണീർത്തടങ്ങൾ കാണപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ തണ്ണീർത്തടങ്ങളുടെ കൂട്ടത്തിൽ ആമസോൺ നദീതടവും പടിഞ്ഞാറൻ സൈബീരിയൻ സമതലപ്രദേശവും ഉൾപ്പെടുന്നു. ആധുനികകാലത്തു് തണ്ണീർത്തടങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിനാശം മറ്റേത് ആവാസ വ്യവസ്ഥയിലേതിനെക്കാളും വളരെക്കൂടുതലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ സഹസ്രാബ്ദ ആവാസവ്യവസ്ഥ വിലയിരുത്തലിൽ കണ്ടെത്തിയിട്ടുണ്ട്.

നിർവ്വചനം

1971 ൽ ഇറാനിലെ റാംസറിൽ നടന്ന സമ്മേളന തീരുമാനപ്രകാരം തണ്ണീർത്തടങ്ങളുടെ നിർവ്വചനം ഇപ്രകാരമാണ്: ചതുപ്പ് നിറഞ്ഞതോ വെള്ളക്കെട്ട് നിറഞ്ഞതോ ആയ പ്രദേശം. പ്രകൃത്യാലുള്ളതോ, മനുഷ്യ നിർമിതമോ, സ്ഥിരമായോ താൽക്കാലികമായോ ജലം ഒഴുകുന്നതോ, കെട്ടിക്കിടക്കുന്നതോ ആയ, ശുദ്ധജലത്താലോ കായൽ ജലത്താലോ അല്ലെങ്കിൽ ഉപ്പ് ജലത്താലോ നിറഞ്ഞതും വേലിയേറ്റ വേലിയിറക്കം അനുഭവപ്പെടുന്നതും, ആറു മീറ്ററിൽ താഴെ ആഴമുള്ളതുമായ ജലമേഖലകൾ തണ്ണീർത്തടങ്ങൾ എന്നറിയപ്പെടുന്നു. ഇത്തരം പ്രദേശങ്ങളിൽ ജലസസ്യങ്ങൾ അല്ലെങ്കിൽ ജലത്തിൽ വളരുന്നതിന് അനുരൂപപ്പെട്ട സസ്യങ്ങൾ ഉണ്ടായിരിക്കുകയും വേണം.

Comments (0)
Add Comment