1948 മാർച്ച് 10 ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരണദിനം

 

ഇന്ത്യയിലെ ഒരു രാഷ്ട്രീയ കക്ഷിയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എം. മുഹമ്മദ് ഇസ്മായിലാണ് 1948 മാർച്ച് 10-നു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ – പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിൽ അഭിമാനകരമായ അസ്തിത്വം ഉയർത്തുന്നതിനും വേണ്ടി നില കൊള്ളുന്നു. പ്രധാനമായും കേരളത്തിലെ മലബാറിൽ വേരുകളുള്ള ഈ പാർട്ടിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടന സംവിധാനങ്ങളുണ്ട്.

മുസ്‌ലിം ലീഗ് ഇന്ത്യയിലെ രണ്ടു യുപിഎ സഖ്യത്തിലേയും അംഗമായിരുന്നു. ഇ. അഹമ്മദ് ഈ രണ്ട് യു പി എ ഗവർന്മെന്റിലും മാനവ-വിഭവ ശേഷി, വിദേശകാര്യ, റെയിൽവേ -സഹമന്ത്രി പദം വഹിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിൽ 18 എം എൽ എ മാരും തമിഴ് നാട്ടിൽ ഒരു എം എൽ എ യുമുള്ള മുസ്‌ലിം പതിമൂന്നാം കേരള നിയമസഭയിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അഞ്ച് മന്ത്രിമാരുണ്ടായിരുന്നു. ഇ അഹമ്മദ് എം പി യുടെ നിര്യാണത്തെ തുടർന്ന് 2017 ൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചു

*ചരിത്രം*

1947 ൽ രാജ്യം വിഭജനത്തോടെ സ്വാതന്ത്യം ലഭിച്ചതോടെ അവിഭക്തഭാരതത്തിൽ പ്രവർത്തിച്ചിരുന്ന സർവ്വെന്ത്യാ മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ സംഘടന പ്രവർത്തനം അവസാനിപ്പിക്കുകയും സ്വതന്ത്ര ഭാരതത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളും മറ്റു മതന്യൂനപക്ഷങ്ങളും കൈകൊള്ളേണ്ട നയസമീപനം സംബന്ധിച്ചു ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. മതേതര റിപബ്ലിക് ആയി സ്വതന്ത്രമാകുന്ന ഇന്ത്യയിൽ പ്രത്യേക പാർട്ടിയായി നിലകൊള്ളുന്നതിൽ സാധുതയില്ല എന്ന ചിന്തയിൽ ആയിരുന്നു അവശേഷിച്ച മുസ്ലിം ലീഗ് നേതാക്കളിൽ ബഹുഭൂരിപക്ഷത്തിനും. മുസ്ലിം ലീഗ് പിരിച്ചുവിടുന്നതിനായി ബംഗാൾ പ്രധാനമന്ത്രിയും അവിഭക്തമുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളിൽ പ്രധാനിയുമായിരുന്ന ഹുസൈൻ ശഹീദ് സുഹ്രവർദി 1947 നവംബർ 9, 10 തിയ്യതികളിൽ കൽക്കത്തയിലെ തന്റെ വസതിയിൽ ഇന്ത്യൻ സ്റ്റേറ്റുകളിൽ അവശേഷിക്കുന്ന നേതാക്കളുടെ കൺവെൻഷൻ വിളിച്ച് ചേർത്തു. പ്രസ്തുത യോഗം മുസ്ലിം ലീഗ് പിരിച്ചുവിടുക എന്ന തീരുമാനത്തിലേക്ക് പോകവേ മദിരാശിയിൽ നിന്നുള്ള പ്രതിനിധികൾ ആയിരുന്ന ഖായിദെമില്ലത്ത് മുഹമ്മദ്‌ ഇസ്മായീൽ സാഹിബ്, കെ എം സീതി സാഹിബ് എന്നിവർ ജനാധിപത്യസമൂഹത്തിൽ ന്യൂനപക്ഷ ജനത സ്വത്വാധിഷ്ടിതമായി സംഘടിക്കേണ്ടതിന്റെ അനിവാര്യതയും അതിന്റെ അഭാവം സൃഷ്ടിക്കാവുന്ന അപകടങ്ങളും സവിസ്തരം പ്രതിപാദിക്കുകയും, അതിനുപരിയായി സർവ്വേന്ത്യാ മുസ്ലിംലീഗ് ഇന്ത്യയിൽ പിരിച്ചുവിടാൻ സർവ്വേന്ത്യാ മുസ്ലിം ലീഗിന്റെ കൌൺസിലിനേ അധികാരമുള്ളൂ എന്നതിനാൽ കൌൺസിൽ വിളിച്ചു ചേർക്കാൻ അതിന്റെ ജനറൽ സെക്രട്ടിയോടു അഭ്യർഥിക്കുന്ന പ്രമേയം പാസാക്കുക എന്ന സീതിസാഹിബിന്റെ വാദഗതി അംഗീകരിക്കപ്പെടുകയും ചെയ്തു.

അപ്രകാരം 1947 ഡിസംബർ 15 നു കറാച്ചിയിൽ സർവ്വേന്ത്യാ മുസ്ലിം ലീഗിന്റെ ജനറൽ കൗൺസിൽ ചേർന്ന് പിരിച്ചുവിടുകയും, ഇന്ത്യയിലെയും പാകിസ്താനിലെയും മുസ്ലിം ലീഗിന്റെ ഭാവി അതത് രാജ്യങ്ങളിലെ ജനതയ്ക്ക് വിട്ടുകൊടുക്കുകയും തത്സംബന്ധമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിനുള്ള യോഗങ്ങൾ വിളിച്ച് ചേർക്കാനുള്ള കൺവീനർമാരായി യഥാക്രമം മുഹമ്മദ് ഇസ്മായീൽ സാഹിബിനെയും സാദാലിയാഖത്തലി ഖാനെയും തെരഞ്ഞെടുത്തു. തദനുസരണം ഇന്ത്യ സ്വതന്ത്രമായതിന്റെ പിറേറ വർഷം ഇസ്മായീൽ സാഹിബ് ചെന്നൈയിലെ രാജാജി ഹാളിൽ മാർച്ച് 10, 1948 നു വിളിച്ച് ചേർത്ത സമ്മേളനത്തിൽ വെച്ച് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സ്ഥാപിതമായി. പ്രഥമ പ്രസിഡണ്ടായി ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബ്, ജനറൽ സെക്രട്ടറിയായി മെഹബൂബ് അലി ബേഗ്, ഖജാഞ്ചിയായി ഹാജി ഹസനലി പി ഇബ്രാഹിം എന്നിവരെ തെരഞ്ഞെടുത്തു.

*കേരളത്തിൽ*

മുസ്‌ലിം ലീഗ് കേരളത്തിൽ ഐക്യ ജനാധിപത്യമുന്നണിയിലെ അംഗമാണ്. മുന്നണിയിൽ കോൺഗ്രസ് കഴിഞ്ഞാൽ പ്രധാനപ്പെട്ട രണ്ടാമത്തെ കക്ഷിയുമാണ്. ദീർഘകാലം പ്രസിഡണ്ടായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 2009 ഓഗസ്റ്റ് 1 ന് മരണപ്പെട്ടു. തുടർന്ന് അദ്ദേഹത്തിൻറെ സഹോദരനായ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് കേരളാ ഘടകം സംസ്ഥാന പ്രസിഡൻറായി തിര‍ഞ്ഞെടുക്കപ്പെട്ടു.

*കീഴ്ഘടകങ്ങൾ*

മുസ്ലിം യൂത്ത് ലീഗ്
kmcc
മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ
എം എസ്‌ എഫ്‌ ഹരിത
ദളിത് ലീഗ്
സ്വതന്ത്ര തൊഴിലാളി യൂണിയൻ
സ്വതന്ത്ര കർഷക സംഘം
പ്രവാസി ലീഗ്
വനിതാലീഗ്
വൈറ്റ് ഗാർഡ്

Comments (0)
Add Comment