മെയ് 5 കുഞ്ചൻ ദിനം

മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കവി കുഞ്ചന്‍ നമ്പ്യാരുടെ ദിനമാണ് ഇന്ന്!. കുഞ്ചന്‍ നമ്പ്യാരുടെ ജന്മദിനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും എല്ലാ വര്‍ഷവും മെയ് 5 ആണ് കുഞ്ചന്‍ ദിനമായി നാം ആചരിക്കുന്നത്. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവുമാണ് കുഞ്ചന്‍ നമ്പ്യാര്‍.

നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനങ്ങള്‍ നിറഞ്ഞ കുഞ്ചന്‍ നമ്പ്യാരുടെ ശൈലി ഇന്നും ആക്ഷേപഹാസ്യത്തിലൂടെയുള്ള സാമൂഹ്യ വിമര്‍ശനരംഗത്ത് ഒരു മഹനീയ മാതൃകയായി നിലകൊള്ളുന്നു.

ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടര്‍ന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ് തുള്ളല്‍ കൃതികളില്‍ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു.

അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് എന്ന ക്ഷേത്രകലയില്‍ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാര്‍ ഒരിക്കല്‍ ഉറങ്ങിയപ്പോള്‍ പരിഹാസപ്രിയനായ ചാക്യാര്‍ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാന്‍ അടുത്ത ദിവസം തന്നെ നമ്പ്യാര്‍ ആവിഷ്‌കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളല്‍.

സാധാരണക്കാര്‍ക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയില്‍ തന്നെ ആയിരിക്കണം എന്ന നിര്‍ബന്ധം നമ്പ്യാര്‍ക്കുണ്ടായിരുന്നു

‘ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാന്‍
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ
ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ,
ഭൂഷണം വരുവാനുമില്ല: വിശേഷഭൂഷണമായ്‌വരും’, എന്നാണ് നമ്പ്യാര്‍ പറഞ്ഞിരിക്കുന്നത്.

Comments (0)
Add Comment