🅾️ സംസ്ഥാനത്ത് ഇന്ന് രാവിലെ 9 മുതല്‍ മദ്യവിതരണം ആരംഭിച്ചു. വെര്‍ച്വല്‍ ക്യൂ (ബെവ്ക്യൂ) ആപ്പില്‍ ബുക്ക് ചെയ്ത് ടോക്കണ്‍ ലഭിച്ചവര്‍ക്ക് മദ്യം ലഭിക്കൂം. എസ്.എം.എസ് മുഖേനയും ടോക്കണ്‍ നേടാം. രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ ഇൗ സംവിധാനത്തിലൂടെ ടോക്കണ്‍ ബുക്ക് ചെയ്യാം. രാവിലെ 9 മുതല്‍ അഞ്ചുവരെ ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ്, ബാറുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍നിന്ന് മദ്യം വാങ്ങാം. ടോക്കണ്‍ ലഭിക്കാത്തവര്‍ മദ്യശാലകള്‍ക്ക് മുന്നില്‍ വരരുതെന്നും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ടോക്കണ്‍ നല്കുന്ന മൊബൈല്‍ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കുകയും പ്ലേസ്റ്റോറില്‍ ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. 612 ബാര്‍ ഹോട്ടലുകളില്‍ 576 ഉം മദ്യം വിതരണത്തിന് സമ്മതിച്ച് കരാര്‍ വെച്ചു. 360 ബിയര്‍ വൈന്‍ ഷോപ്പുകളില്‍ 291ഉം സന്നദ്ധരായി. ബിവറേജസ് കോര്‍പറേഷന്റെ 265 ഉം കണ്‍സ്യൂമര്‍ഫെഡിന്റെ 36 ഉം ഒൗട്ട്ലെറ്റുകള്‍ ഉള്‍പ്പെടെ 301 ഇടങ്ങളിലൂടെയും മദ്യം വില്‍ക്കും. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വഴി വിദേശമദ്യം വില്ക്കാന് കഴിയില്ല. ക്ലബുകളിലും ഇന്ന് മുതല്‍ പാര്‍സലായി മദ്യം ലഭിക്കില്ല. എന്നാല്‍, ഈയാഴ്ചതന്നെ തുടങ്ങും. ഇവിടെനിന്ന് അംഗങ്ങള്‍ക്ക് മാത്രമേ മദ്യം ലഭിക്കൂ. മിലിട്ടറി ക്യാന്റീന് വഴി മദ്യവിതരണം പരിശോധിച്ചശേഷം നടപടി സ്വീകരിക്കും. ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും മദ്യഷാപ്പ് തുറക്കുക. ഒരുസമയം അഞ്ചുപേരെയേ ക്യൂവില്‍ അനുവദിക്കൂ. കണ്ടെയ്ന്മന്റ്, റെഡ് സോണുകളില്‍ തുറക്കില്ല.
🅾️ ഓണ്‍ലൈന്‍ മദ്യ വില്പനയ്ക്കുള്ള ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തി. ആവശ്യക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അപ്പ് പ്ലേസ്റ്റോറിലെത്തി മിനിറ്റുകള്‍ക്കകം പതിനായിരങ്ങളാണ് ഡൗണ്‍ലോഡ് ചെയ്തത്. നേരത്ത, ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ആപ്പ് അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കാം. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായതായി ഫെയ്സ്ബുക്ക് പേജിലൂടെ ഫെയര്‍കോഡ് ടെക്നോളജീസ് അറിയിക്കുകയായിരുന്നു. ആപ്പ് കാത്തുകാത്തിരുന്നവര്‍ക്ക് പിന്നീടാണ് യഥാര്‍ഥ വെല്ലുവിളി നേരിട്ടത്. ആദ്യം പേരും ഫോണ്‍നമ്പറും പിന്‍കോഡും നല്കി കാത്തിരുന്നിട്ടും ഒടിപി നമ്പർ വന്നില്ല.ചെയ്തത് തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ആവശ്യക്കാര്‍ ആപ്പിനോട് മല്ലിട്ടു. ഒടുവില്‍, 11.30നു ശേഷം കാത്തിരുന്ന നിമിഷമെത്തി. ഒടിപി കിട്ടി. പക്ഷേ, അവിടെയും തീര്‍ന്നില്ല, ഫിനിഷിംഗ് ലൈനില്‍ എത്തി മത്സരംം തീര്‍ന്നെന്ന് ഉറപ്പിച്ചവനോട് ഒരു റൗണ്ടുകൂടി ഉണ്ടെന്ന് പറഞ്ഞ പ്രതീതി. വന്നു അടുത്ത മസേജ്. രാവിലെ ആറുമുതല്‍ രാത്രി 11.30 വരെ മാത്രമേ മദ്യം ബുക്ക് ചെയ്യാന്‍ സാധിക്കൂ. കാത്തുകാത്തിരുന്നവര്‍ക്ക് നിരാശ ഫലം.*
🅾️ *മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 384.69 കോടി രൂപ. മാര്‍ച്ച് 27 മുതല്‍ ഇന്ന് വരെ ലഭിച്ച തുകയാണിത്. ഇതേ കാലയളവില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും 506.32 കോടി രൂപ ചെലവഴിച്ചു. ഭക്ഷ്യധാന്യ കിറ്റുകള്‍ക്കായി സിവില്‍ സപ്ലൈസിന് 350 കോടി രൂപയും പ്രവാസികളുടെ ആവശ്യങ്ങള്‍ക്കായി നോര്‍ക്കയ്ക്ക് 8.5 കോടി രൂപയും ധനസഹായം ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി സഹകരണ വകുപ്പിന് 147.82 കോടി രൂപയുമാണ് ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതുവരെ അനുവദിച്ചിട്ടുള്ളത്.*
🅾️ *മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോടു ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ പ്രദേശത്തുമായി മേയ് 29നും തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി മേയ് 31നും ഓരോ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തില്‍ മേയ് 28 മുതല്‍ കേരള തീരത്തും അതിനോട് ചേര്‍ന്നുള്ള അറബിക്കടലിലും മത്സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു.മേയ് 28നുശേഷം കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. നിലവില്‍ ആഴക്കടല്‍, ദീര്‍ഘദൂര മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നവര്‍ മേയ് 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യേണ്ടതാണ്. ന്യൂനമര്‍ദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയാറെടുപ്പുകള്‍ നടത്താനും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്കി.*
🅾️ *വിദേശത്തുനിന്ന് തിരിച്ചെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. യഥാര്‍ഥത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീടിനു പുറത്തിറങ്ങിയതായി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സഹിതം പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. മദ്യവില്‍പ്പനശാലകള്‍ക്കു മുന്നില്‍ വ്യാഴാഴ്ച മുതല്‍ ആവശ്യത്തിന് പോലീസിനെ നിയോഗിക്കാനും ജില്ലാ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇ- ടോക്കണ്‍ ഇല്ലാത്ത ആര്‍ക്കും മദ്യവില്‍പ്പനശാലകള്‍ക്കു സമീപം പ്രവേശനം അനുവദിക്കില്ല.*
🅾️ *ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് മെയ് 29,30 തിയതികളില്‍ സര്‍വീസ് നടത്താനിരുന്ന എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ റദ്ദാക്കി പകരം ചെറിയ വിമാനങ്ങളാക്കിയതില് പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുന്നു. 319 പേര്‍ക്ക് യാത്രചെയ്യാവുന്ന വലിയ വിമാനങ്ങള്‍ രണ്ടു ദിവസങ്ങളിലായി സര്‍വീസ് നടത്തുമെന്നായിരുന്നു നേരത്തെ കോണ്‍സുലേറ്റ് അറിയിച്ചിരുന്നത്. ഇതനുസരിച്ചു അടിയന്തിരമായി നാട്ടിലേക്ക് മടങ്ങേണ്ടവരില് നിന്നും മുന്‍ഗണന അനുസരിച്ചുള്ളവരെ കോണ്‍സുലേറ്റ് അധികൃതര്‍ തിരഞ്ഞെടുത്തിരുന്നു.*
*ഇവരെ കോണ്‍സുലേറ്റില്‍ നിന്നും നേരിട്ട് വിളിക്കുകയും എയര്‍ ഇന്ത്യയില്‍ നിന്നും ടിക്കറ്റ് വാങ്ങുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.അതനുസരിച്ച് യാത്രക്കാര്‍ ടിക്കറ്റ് വാങ്ങാനും തുടങ്ങിയിരുന്നു. ഇതിനിടക്കാണ് വലിയ വിമാനങ്ങള്‍ക്ക് പകരം 149 യാത്രക്കാരെ ഉള്‍കൊള്ളാന്‍ കഴിയുന്ന A320 നിയോ ശ്രേണിയില്‍ പെട്ട ചെറിയ വിമാനം ഉപയോഗിച്ചാണ് രണ്ടു ദിവസവും സര്‍വീസുകള്‍ നടത്തുക എന്നുള്ള വിവരം നാട്ടില്‍ നിന്നും അറിയുന്നത്. ഇതോടെ രണ്ടു ദിവസങ്ങളിലായി 638 പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുമായിരുന്ന അവസരം കേവലം 298 പേര്‍ക്കായി ചുരുങ്ങുകയും 340 പേരുടെ യാത്ര മുടങ്ങുകയും ചെയ്തു. ഇതോടെ നേരത്തെ വിവരം അറിയിച്ചവരില്‍ നിരവധി പേരെ കോണ്‍സുലേറ്റില്‍ നിന്ന് തന്നെ വിളിച്ചു നിലവില്‍ യാത്ര സാധ്യമാകില്ലെന്ന വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ഗര്‍ഭിണികളും അടിയന്തിര ചികിത്സക്ക് നാട്ടിലേക്ക് പോവേണ്ടവരും സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയവരുമായ നിരവധി പേര്‍ക്കാണ് യാത്ര മുടങ്ങിയിരിക്കുന്നത്.*
🅾️ *കൂടുതലെണ്ണം പരിശോധനക്ക് തടസ്സമാണെന്ന സംസ്ഥാനത്തിന്റെ നിലപാടിനെ തുടര്‍ന്ന് കേരളത്തിലോടുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കുറച്ചു. തിരുവനന്തപുരം-കോഴിക്കോട്, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദികള്‍ (02076, 02075) വര്‍ക്കല, കായംകുളം, ചേര്‍ത്തല, ആലുവ സ്റ്റേഷനുകളില്‍ നിര്‍ത്തില്ല. തിരുവനന്തപുര-കണ്ണൂര്‍, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദികള്‍ക്ക് (02082, 02081) തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലും സ്േറ്റാപ്പ് ഉണ്ടാകില്ല.തിരുവനന്തപുരം-ലോകമാന്യതിലക് പ്രതിദിന സ്പെഷല്‍ (06346), ലോകമാന്യതിലക്-തിരുവനന്തപുരം പ്രതിദിന സ്പെഷല്‍(06345) എന്നീ ട്രെയിനുകള്‍ക്ക് വര്‍ക്കല, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, ചേര്‍ത്തല, ആലുവ, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, വടകര, തലശ്ശേരി, കണ്ണപുരം, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകില്ല. എല്ലാ സ്റ്റേഷനുകളും സ്റ്റോപ്പുകള്‍ ഏര്‍പ്പെടുത്തുന്നത് പരിശോധനക്ക് തടസ്സമാകുമെന്നും സ്റ്റോപ്പുകൾ കുറക്കണമെന്നും റെയില്‍വേയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാറിനെ മുന്‍കൂട്ടി അറിയിക്കാതെ ട്രെയിന്‍ സര്‍വിസ് നടത്തരുതെന്നതായിരുന്നു മറ്റൊരു ആവശ്യം. ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളില്‍നിന്ന് ട്രെയിന്‍മാര്‍ഗം വരുന്നവര്‍ക്ക് രജിസ്ട്രേഷന് ഉറപ്പാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.*
🅾️ *വിജിലന്‍സ് അന്വേഷണ പരിധിയിലുള്ള മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, മകന് വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുസ്ലിംലീഗ് എറണാകുളം ജില്ല കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കള്‍ പാണക്കാട്ടെത്തി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, പാണക്കാട് സാദിഖലി തങ്ങള്‍, പാണക്കാട് മുനവ്വറലി തങ്ങള്‍ തുടങ്ങിയവരെ നേരില്‍ കണ്ട് പരാതി നല്‍കാനാണ് ഇവര്‍ മലപ്പുറത്തെത്തിയത്. എഴുതിത്തയാറാക്കിയ പരാതി നേതാക്കള്‍ക്ക് കൈമാറി.*
🅾️ *പാലക്കാട് ജില്ലയിലെ കുമ്പിടി കോടിയില്‍ വീട്ടില്‍ ഹംസ അബൂബക്കര്‍ (56) കോവിഡ് ബാധിച്ചു മരിച്ചു. അല്‍ഐന്‍ മെഡി ക്ലീനിക്കില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സീനത്ത്. മക്കള്‍: മുഹമ്മദ് ഹിജാസ് (ദുബൈ), ഹസ്ന, അദ്നാന്. മരുമകന്: ഷക്കീബ് (അബൂദബി)*
🅾️ *തിരികെ നാട്ടിലെത്തുന്ന പ്രവാസികള്‍ ക്വാറന്റൈന് ചെലവ് മുഴുവന്‍ വഹിക്കണമെന്ന സംസ്ഥാനത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്. പ്രവാസലോകത്തിന് വലിയ ഞെട്ടലുണ്ടാക്കിയ പെയ്ഡ് ക്വാറന്റൈന് നിര്‍ദ്ദേശം കോവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ നിഷ്പ്രഭമാക്കുന്നതും സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച പ്രവാസികളെ ആശങ്കപ്പെടുത്തുന്നതുമാണെന്ന് കാന്തപുരം പറഞ്ഞു. മാസങ്ങളായി തൊഴില്‍ നഷ്ടപ്പെട്ട് മറ്റുള്ളവരുടെ കനിവില്‍ വിമാനയാത്രക്കൂലി സംഘടിപ്പിച്ചു വരുന്ന പാവപ്പെട്ട പ്രവാസികള്‍ക്ക് ഇത് ഒരിക്കലും വഹിക്കാന്‍ കഴിയുന്നതല്ല.സാഹചര്യങ്ങളുടെ സങ്കീര്‍ണ്ണത ഉള്‍ക്കൊണ്ട് പ്രസ്തുത തീരുമാനം പിന്‍വലിക്കുകയോ പാവപ്പെട്ടവര്‍ക്ക് പൂര്‍ണമായ ഇളവ് അനുവദിക്കുകയോ ചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ചില ജില്ലാഭരണകൂടങ്ങള്‍ നേരത്തെ തന്നെ ഒഴിഞ്ഞു കിടക്കുന്ന അവരുടെ സ്വന്തം കെട്ടിടങ്ങളില്‍ പ്രവാസികളെ ക്വാറന്റൈന് ചെയ്യാന്‍ അനുമതി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമുദായിക സംഘടനകളും സമാനമായ സന്നദ്ധത മുമ്പ്തന്നെ സര്‍ക്കാരിനെ അറിയിച്ചതാണ്. ഇക്കാര്യം പരിഗണിച്ച് പ്രവാസികള്‍ക്ക് ഇത്തരം സ്ഥാപനങ്ങളിലോ കെട്ടിടങ്ങളിലോ സര്‍ക്കാര്‍ നിര്‍ദ്ദേശം പൂര്‍ണമായി പാലിച്ചുകൊണ്ട് ക്വാറന്റൈനില്‍ കഴിയാനുള്ള അവസരമൊരുക്കണമെന്നും ഈ ദുരിതകാലത്ത് പ്രവാസികള്‍ക്ക് മേല്‍ അമിതഭാരം ചുമത്തരുതെന്നും കാന്തപുരം മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.*
🅾️ *സമ്പൂർണ്ണ ലോക്ഡൗണായ ഞായറാഴ്ച ശുചീകരണത്തിനായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായാണ് നടപടി. വ്യക്തികള്‍ വീടും പരിസരവും തദ്ദേശസ്ഥാപനങ്ങള്‍ െപാതുസ്ഥല ശുചീകരണവും നടത്തണം.*
*🇮🇳 ദേശീയം 🇮🇳*
———————–>>>>>>>>>
🅾️ *ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിവേഗത്തില്‍ മുന്നോട്ട്. രോഗികളുടെ ആകെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടതോടെ ആഗോളതലത്തില്‍ ഇന്ത്യ പത്താം സ്ഥാനത്തെത്തി. 24 മണിക്കൂറിനിടെ 7,270 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 187 പേരാണ് മരിച്ചത്. ഇത്രയുമധികം രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമാണ്. ഇതുവരെ 1,58,086 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,534 പേര് രോഗബാധിതരായി മരിച്ചു. രോഗമുക്തരായവരുടെ എണ്ണം 67,749 ആയി. നിലവില്‍ 85,792 പേരാണ് ചികിത്സയിലുള്ളത്.*
▪️ *മഹാരാഷ്ട്രയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിലുള്ളത്. ഇവിടെ രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 2,190 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം കണ്ടെത്തിയത്. 105 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 56,948 ആയും മരണസംഖ്യ 1,897 ആയും ഉയര്‍ന്നു.*
▪️ *തമിഴ്നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 18,545 ആയി. മരണം 136. രോഗം ഭേദമായവര്‍ 9,909. പുതുതായി 817 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആറു പേര് മരിച്ചു.*
▪️ *ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 792 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 15,257 ആയും മരണസംഖ്യ 303 ആയും ഉയര്‍ന്നു. 7,264 പേര് രോഗത്തെ അതിജീവിച്ചു.*
▪️ *ഗുജറാത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 15,205 ആയി. മരണം 938. ഇന്നലെ 376 രോഗബാധയും 23 മരണവും റിപ്പോര്‍ട്ട് ചെയ്തു.*
▪️ *രാജസ്ഥാനില്‍ 7,816 പേര്‍ക്ക് രോഗംബാധിച്ചതില്‍ 172 പേര് മരിച്ചു.*
▪️ *മധ്യപ്രദേശില്‍ ഇതുവരെ 7,261 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 313.*
▪️ *ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ചവര്‍ 6,991. മരണം 182.*
▪️ *പശ്ചിമ ബംഗാളില്‍ രോഗം ബാധിച്ചവര്‍ 4,192. മരണം 289*
▪️ *ആന്ധ്രപ്രദേശില്‍ 3117 ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 58 പേര് മരിച്ചു.*
▪️ *ബിഹാറില്‍ 3,036 പേര്‍ക്ക് രോഗംബാധിച്ചതില്‍ 15 പേര് മരിച്ചു.*
▪️ *കര്‍ണാടകയില്‍ രോഗം ബാധിച്ചവര്‍ 2,418. മരണം 47.*
▪️ *പഞ്ചാബില്‍ രോഗം ബാധിച്ചവര്‍ 2,139. മരണം 40.*
🅾️ *ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ രാജീവ് ബിന്ദല് രാജിവച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടാണ് രാജിയെന്ന് ബിന്ദല് പറഞ്ഞു. മെഡിക്കല്‍ ഉപകരണം വാങ്ങിയതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.അജയ് ഗുപ്ത ഒരു ബിജെപി നേതാവുമായി സംസാരിക്കുന്ന ശബ്ദരേഖകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് അജയ് ഗുപ്തയെ വിജിലന്‍സ് അറസ്റ്റുചെയ്തു. ഇതിനു പിന്നാലെയാണ് ബിന്ദാലിന്റെ രാജി.അജയ് ഗുപ്ത അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ ചിലര്‍ അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാലാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ രാജിവയ്ക്കുന്നതെന്നും ബിന്ദാല് പറഞ്ഞു.*
🅾️ *മഹാരാഷ്ട്രയില്‍നിന്നും ഉത്തര്‍പ്രദേശിലെത്തിയ ശ്രമിക് ട്രെയിനില്‍ രണ്ട് കുടിയേറ്റ തൊഴിലാളികള്‍ മരിച്ച നിലയില്‍. മുംബൈയില്‍നിന്നും വാരാണസിയിലെത്തിയ ട്രെയിനിലാണ് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് കംപാര്‍ട്ട്മെന്റുകളിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. തൊഴിലാളികളില്‍ ഒരാള്‍ നേരത്തെ തന്നെ അസുഖ ബാധിതനായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി പോലീസ് പറയുന്നു. മരിച്ച രണ്ടാമത്തെ തൊഴിലാളിയെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിന്‍ ഉത്തര്‍പ്രദേശിലെ മണ്ട്വാദി സ്റ്റേഷനില്‍ എത്തി യാത്രക്കാര്‍ എല്ലാവരും ഇറങ്ങിയതിന് ശേഷമാണ് മൃതദേഹം കാണുന്നത്.1500 തൊഴിലാളികളാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. തൊഴിലാളികളുടെ മരണ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് സ്റ്റേഷന് മാസ്റ്റര്‍ അറിയിച്ചു.*
🅾️ *തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മുഴുവന്‍ സ്വത്തുക്കളുടെയും നിയമപ്രകാരമുള്ള അവകാശികള്‍ രണ്ടാം തലമുറയില്‍പെട്ട ജ്യേഷ്ഠന്റെ മക്കളായ ജെ. ദീപ, ജെ. ദീപക് എന്നിവരാണെന്ന് മദ്രാസ് ഹൈകോടതി. ഇവരുടെ സമ്മതമില്ലാതെ ജയലളിതയുടെ പോയസ്ഗാര്‍ഡനിലെ വേദനിലയം ബംഗ്ലാവ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 2017 ആഗസ്റ്റിലാണ് വേദനിലം ‘അമ്മ സ്മാരക’മാക്കി മാറ്റുമെന്ന് അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് മേയ് 22ന് സര്‍ക്കാര്‍ ഒാര്‍ഡിനന്‍സും പാസാക്കി.സ്വകാര്യ സ്വത്ത് കൈക്കലാക്കാനും പൊതുസ്വത്ത് ഉപയോഗിക്കുന്ന സര്‍ക്കാറിന്റെ രീതികളോടും ജസ്റ്റിസുമാരായ എന്‍.കൃപാകരന്‍, അബ്ദുല്‍ ഖുദ്ദൂസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് എതിര്‍പ്പ് പ്രകടിപ്പിച്ചു. ജയലളിതയുടെ യഥാര്‍ഥ സ്വത്തവകാശികള് തങ്ങളാണെന്ന് പറഞ്ഞ് ജ്യേഷ്ഠന് പരേതനായ ജയകുമാറിന്റെ മക്കളായ ദീപയും ദീപക്കും ഹൈക്കടതിയെ സമീപിക്കുകയായിരുന്നു. വേദനിലയം വിട്ടുകിട്ടുന്നതിന് കോടികള്‍ നഷ്ടപരിഹാരമായി നല്‍കാമെന്ന തമിഴ്നാട് സര്‍ക്കാറിന്റെ നിലപാടിനെയും കോടതി വിമര്‍ശിച്ചു. ഇൗ ഫണ്ട് കുടിവെള്ളവിതരണം പോലുള്ള ജനോപകാര പദ്ധതികള്‍ക്കായി വിനിയോഗിക്കുകയാണ് വേണ്ടതെന്നും കോടതി സര്‍ക്കാറിനെ ഒാര്‍മിപ്പിച്ചു. മരിച്ച മുഖ്യമന്ത്രിമാരുടെ വസതികള്‍ സ്മാരകങ്ങളാക്കാന് സര്‍ക്കാറുകള്‍ തീരുമാനമെടുക്കുന്നത് തുടര്‍ക്കഥയാവുമെന്നും കോടതി പറഞ്ഞു. ജനക്ഷേമത്തിന് പ്രാമുഖ്യം നല്‍കുന്നതാണ് നേതാവിനോടുള്ള ആദരവ് പ്രകടമാക്കാന്‍ ചെയ്യേണ്ടത്. ആവശ്യമെങ്കില്‍ വേദനിലയത്തിന്റെ ഒരു ഭാഗം സ്മാരകമാക്കുന്നതും ബാക്കി ഭാഗം മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയാക്കുന്നതും പരിഗണിക്കാവുന്നതാണ്. അതേസമയം സ്വത്തുക്കളില്‍ ചിലത് ഉപയോഗപ്പെടുത്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപവത്കരിക്കാനും ഇതുസംബന്ധിച്ച് എട്ടാഴ്ചക്കകം മറുപടി നല്‍കാനും കോടതി അവകാശികളോട് ആവശ്യപ്പെട്ടു. ദീപക്കിനും ദീപക്കും 24 മണിക്കൂര്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്താനും ഇതിന്റെ ചെലവിനായി ജയലളിതയുടെ ഏതെങ്കിലും സ്വത്തുക്കളിലൊന്ന് വിറ്റ് ബാങ്കില്‍ നിക്ഷേപിച്ച് പലിശ പണം സുരക്ഷ ചെലവിനായി കൈമാറാനും കോടതി ഉത്തരവിട്ടു. 24,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വേദനിലയം ബംഗ്ലാവിന് മാത്രം നൂറുകോടിയിലധികം രൂപ മതിപ്പ് വില വരും.*
🅾️ *അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അധീനതയിലുണ്ടായിരുന്ന കോടികളുടെ സ്വത്തുവകകള്‍ ഇനി ദീപക്കിനും ദീപക്കും സ്വന്തം. സ്വത്തുക്കള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് ജയലളിത ഒസ്യത്ത് എഴുതിവെച്ചിരുന്നില്ല. എന്നാല്‍, സ്വത്തുക്കളുടെ മതിപ്പ് വില 913 കോടി രൂപയാണെന്നാണ് ഒൗദ്യോഗിക കണക്കെങ്കിലും ഇതിന്റെ വിപണി വില പതിന്മടങ്ങ് വരും. ചെന്നൈ പോയസ് ഗാര്‍ഡനിലെ വേദനിലയംവീട്- 100 കോടി, നീലഗിരി കോത്തഗിരിക്ക് സമീപം 900 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കോടനാട് എസ്റ്റേറ്റും ജയലളിതയുടെ വേനല്‍കാല വസതിയായ ബംഗ്ലാവും, ചെന്നൈ – പുതുച്ചേരി ഒ.എം.ആര് റോഡില്‍ 67 ഏക്കര്‍ ഭൂമിയും 50 മുറികളുമുള്ള സിരുതാവൂര്‍ ബംഗ്ലാവ്, ആന്ധ്രപ്രദേശില്‍ ജെഡിമെറ്റ്ല വില്ലേജില്‍ വിന്യയാര്ഡിലെയും മാണ്ഡലിന്സമീപം പെറ്റ് ബഷീര്ബാദിലെയും രണ്ട് ഫാം ഹൗസുകൾ, ചെന്നൈയില്‍ നിന്ന് 30 കി.മീ ദൂരം 22 ഏക്കറിലെ പയ്യന്നൂര്‍ ബംഗ്ളാവ് എന്നിവയാണ് ജയലളിതയുടെ പേരിലുള്ള സ്വത്തുക്കള്‍. ജയലളിതയുടെ സഹോദരന് പരേതനായ ജയകുമാറിന്റെ മക്കളാണ് ദീപക്കും ദീപയും. ജയലളിതയുടെ അന്ത്യകര്‍മ ചടങ്ങില്‍ ദീപക് പങ്കെടുത്തിരുന്നു. അതേസമയം ദീപയെ അണ്ണാ ഡി.എം.കെ നേതൃത്വവും ശശികല കുടുംബവും മാറ്റി നിര്‍ത്തിയിരുന്നു. ജയലളിത അപ്പോളൊ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വേളയില്‍ ദീപയ്ക്ക് പ്രവേശനാനുമതി നല്‍കിയില്ല. മരണശേഷം പോയസ് ഗാര്ഡന് വസതിയിലെത്തിയ ദീപയെ അംഗരക്ഷകരും ശശികല കുടുംബവുമായി ബന്ധപ്പെട്ടവരും തടഞ്ഞത് വിവാദമായിരുന്നു. നിലവില്‍ ഇതേ പോയസ് ഗാര്‍ഡന്റെ ഉടമസ്ഥാവകാശം ദീപയ്ക്ക് പതിച്ചുനല്‍കിയത് മധുരമായ പകരംവീട്ടലായി. ശശികലയാകട്ടെ അവിഹിത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു ജയിലില്‍ ശിക്ഷയനുഭവിക്കുകയും ചെയ്യുന്നു. ജയലളിതയുടെ മരണത്തിനുശേഷം ദീപ ‘എം.ജി.ആര് അമ്മ ദീപ പേരവൈ’ എന്ന പാര്‍ട്ടി രൂപവത്കരിച്ചെങ്കിലും ക്ലച്ച് പിടിച്ചില്ല. പിന്നീട് രാഷ്ട്രീയം അവസാനിപ്പിച്ചതായും തന്റെ പാര്‍ട്ടിയെ അണ്ണാ ഡി.എം.കെയില്‍ ലയിപ്പിച്ചതായും അവര്‍ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളാണ് ഇതിന് കാരണമായി അവര്‍ അറിയിച്ചിരുന്നത്. കോടതിവിധി വന്നശേഷം പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ‘ വെയ്റ്റ് ആന്‍ഡ് സീ’ എന്നായിരുന്നു മറുപടി. വിധി പഠിച്ചശേഷം കാണാമെന്നും അവര്‍ അറിയിച്ചു. ദീപക്കിനും ദീപയ്ക്കും 24 മണിക്കൂര്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും മദ്രാസ് ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്.*
🅾️ *രാജ്യത്തെ ഭക്ഷ്യസുരക്ഷക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി വെട്ടുകിളിക്കൂട്ടങ്ങള്‍ ഇന്ത്യയിെലത്തി. രാജസ്ഥാനിലെ ജയ്പൂര്‍, മധ്യപ്രദേശിലെ ഗ്വാളിയോര്‍, മൊറേന, ശിവ്പൂര്‍, മഹാരാഷ്ട്രയിലെ അമരാവതി, നാഗ്പുര്‍, വാര്‍ധ എന്നിവിടങ്ങളിലാണ് വെട്ടുകിളിക്കൂട്ടങ്ങളെത്തിയത്. ശല്യം രൂക്ഷമായ രാജസ്ഥാനില്‍ അഗ്നിശമന സേനയുടെ സഹായത്താലാണ് രാത്രിയില്‍ കീടനാശിനി തളിച്ച് ഇവയെ കൂട്ടത്തോടെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കാല്‍നൂറ്റാണ്ടു മുമ്പ് ഇത്തരമൊരു വെട്ടുകിളിഭീഷണി രാജസ്ഥാനിലുണ്ടായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഈ തരത്തിലൊന്ന് ജീവിതത്തിലാദ്യമായാണ് കര്‍ഷകര്‍ കാണുന്നതെന്ന് അജ്മീരിലെ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വിജയ കുമാര്‍ ശര്‍മ പറഞ്ഞു.*
🅾️ *ബംഗളൂരുവിലെ യെലഹങ്ക മേല്‍പാലത്തിന് ആര്.എസ്.എസ് ആചാര്യന് വി.ഡി. സവര്‍ക്കറുടെ പേര് നല്‍കാനുള്ള കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസും ജെ.ഡി.എസും. സവര്‍ക്കറുടെ 137ാം ജന്മവാര്ഷിക ദിനമായ വ്യാഴാഴ്ച യെലഹങ്ക മേല്‍പാലം, മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്തെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയാണ് ബംഗളൂരു കോര്പറേഷന് കൗണ്‍സില്‍ േയാഗത്തില്‍ 400 മീറ്റര്‍ നീളമുള്ള പുതിയ മേല്‍പാലത്തിന് സവര്‍ക്കറുടെ പേര് നല്കാന് അനുമതി നല്‍കിയത്.യെലഹങ്കയിലെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് റോഡിലാണ് മേല്‍പാലം നിര്‍മിച്ചിരിക്കുന്നത്.*
*🌍 അന്താരാഷ്ട്രീയം 🌎*
————————–>>>>>>>>
🅾️ *ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 3,57,413 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 57,88,503 പേര്‍ക്കാണ് ഇതുവരെ രോഗംം ബാധിച്ചത്. 24,97,375 പേര് ഇതുവരെ രോഗമുക്തി നേടി.*
*വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-17,45,803, ബ്രസീല്‍-4,14,661, റഷ്യ-3,70,680, സ്പെയിന്-2,83,849, ബ്രിട്ടന്-2,67,240, ഇറ്റലി-2,31,139, ഫ്രാന്‍സ്-1,82,913, ജര്‍മനി-1,81,895, തുര്‍ക്കി-1,59,797, ഇന്ത്യ-1,58,086, ഇറാന്-1,41,591, പെറു-1,35,905, കാനഡ-87,519, ചൈന-82,995, ചിലി-82,289.*
🅾️ *വാവെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെംഗ് വാന്‍ഷുവിനെ അമേരിക്കക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് അടുത്തഘട്ടത്തിലേക്ക് തുടരാമെന്ന് ബ്രിട്ടീഷ് കൊളംബിയ കോടതി. മെംഗിനെതിരായ ആരോപണങ്ങള്‍ കാനഡയുടെ നിയമവ്യവസ്ഥയില്‍ കുറ്റകൃത്യങ്ങളാകാമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണിത്. അസോസിയേറ്റ് ചീഫ് ജസ്റ്റീസ് ഹീത്തര്‍ ഹോംസാണ് ഇക്കാര്യം അറിയിച്ചത്. വാവെ കേസില്‍ പ്രതികൂല തീരുമാനം ഉണ്ടാകുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ നഷ്ടങ്ങളുണ്ടാക്കുമെന്ന് ചൈന കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.അമേരിക്കയുടെ ഉപരോധം ലംഘിച്ച് ഇറാനിലേക്കു ഉത്പന്നങ്ങള്‍ കയറ്റി അയച്ചെന്ന് അമേരിക്ക പരാതിപ്പെട്ടിരുന്നു. ഈ പരാതിയിലാണ് വാന്‍കൂവര്‍ വിമാനത്താവളത്തില്‍നിന്നും 543 ദിവസങ്ങള്‍ക്ക് മുന്‍പ് മെംഗിനെ അറസ്റ്റ് ചെയ്തത്.*
🅾️ *ട്വിറ്റര്‍ വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ പുതിയ നിയമനിര്‍മാണം കൊണ്ടുവരുമെന്നും കമ്പനികള്‍ പൂട്ടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഇത്. ശക്തമായ നിയമനിര്‍മാണം കൊണ്ടുവരികയോ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ല്‍ ഇങ്ങനെ ശ്രമിച്ചവര്‍ പരാജയപ്പെട്ടത് ഏവരും കണ്ടതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.അതിന്റെ പുതിയ പതിപ്പുകള്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ. മെയില്‍ ഇന്‍ ബാലറ്റുകള്‍ ചതിയാണെന്നും കള്ളത്തരമാണെന്നുമുള്ള ആരോപണം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. വോട്ട് ബൈ മെയില്‍ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കാട്ടിയാണ് ട്വിറ്റര്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.*
🅾️ *കോവിഡ് രോഗികളുടെ ചികിത്സക്കായി ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് ഉപയോഗിക്കുന്ന നടപടി അവസാനിപ്പിച്ച് ഫ്രാന്‍സ്. മരുന്ന് ഉപയോഗിക്കാന്‍ നല്‍കിയിരുന്ന അനുമതി ഫ്രഞ്ച് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇത് കോവിഡിന് ഫലപ്രദമാണെന്നതിന് ആധികാരികമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിക്കുന്നത് ഹൃദയ രോഗങ്ങള്‍ക്കും മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന പഠനങ്ങളും ഫ്രഞ്ച് സര്‍ക്കാറിന്റെ തീരുമാനത്തിന് ആധാരമായി. കോവിഡ് രോഗികള്‍ക്കുള്ള അടിയന്തിര മരുന്നായി ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിക്കാന്‍ മാര്‍ച്ചിലാണ് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്.ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മരുന്ന് ഉപയോഗിക്കുന്നതുകൊണ്ട് കോവിഡ് രോഗികള്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിച്ചതായി കണ്ടെത്താനായില്ലെന്ന പഠനം മുന്‍നിര്‍ത്തിയായിരുന്നു വിലക്ക്.*
🅾️ *അമേരിക്കന്‍ നിയമപ്രകാരം ഹോങ്കോംഗ് പ്രത്യേക പരിഗണന അര്‍ഹിക്കുന്നില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കോണ്‍ഗ്രസിനെ അറിയിച്ചു. ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുന്പോള്‍, ഹോങ്കോംഗ് സ്വയംഭരണാധികാരം നേടിയിട്ടുണ്ടെന്ന് വാദിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കന്‍ നിയമത്തിനു കീഴില്‍ ഹോങ്കോംഗിന് ആഗോള സാമ്പത്തിക, വ്യാപാര കേന്ദ്രമെന്ന പ്രത്യേക പരിഗണനയാണ് നല്കിക്കൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏതാനും ഉപാധികളോടെയാണ് ഹോങ്കോംഗിന് പ്രത്യേക പരിഗണന നല്‍കിയിരുന്നത്.ചൈനയില്‍നിന്ന് മതിയായ സ്വയംഭരണാധികാരം ഹോങ്കോഗിന് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് അറിയിച്ചിരുന്നത്. അത് ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുന്നപക്ഷം ഹോങ്കോംഗിനുള്ള പ്രത്യേക വ്യാപാര പരിഗണന എടുത്തുകളയുമെന്നും മൈക്ക് പോംപിയോ അറിയിച്ചു.*
🅾️ *കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അഥോറിറ്റി. സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള ആഭ്യന്തര വിമാന കമ്പനികള്‍ രാജ്യത്തെ 11 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വീസ് തുടങ്ങുന്നതെന്നും അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമ്മാം, മദീന, അല്‍ഖസീം, അബഹ, തബൂക്ക്, ജിസാന്‍, ഹാഇല്‍, അല്‍ബാഹ, നജ്റാന് വിമാനത്താവളള്‍ക്കിടയിലാണ് സര്‍വിസ്. രണ്ടാഴ്ചക്കുള്ളില്‍ എല്ലാ സെക്ടറുകളിലേക്കും സര്‍വീസാകും.കോവിഡിനെ പ്രതിരോധിക്കാനുള്ള സുരക്ഷാ നിയമങ്ങള്‍ അനുസരിച്ചായിരിക്കും സര്‍വീസെന്നും അധികൃതര്‍ അറിയിച്ചു.*
🅾️ *അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സ് റോക്കറ്റിലേറി നാസ ഗവേഷകര്‍ ബഹിരാകാശത്തേക്ക് പറക്കാനുള്ള ദൗത്യം മാറ്റിവച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം. ഫ്ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് റോക്കറ്റ് ഉയര്‍ന്നു പൊങ്ങുന്നതിന് 20 മിനിറ്റുകള്‍ക്ക് മുമ്പാണ് വിക്ഷേപണം നിര്‍ത്തിവച്ചത്. വിക്ഷേപണം ശനിയാഴ്ചത്തേക്കാണ് മാറ്റിവച്ചതെന്നും നാസാ വൃത്തങ്ങള്‍ അറിയിച്ചു. ഡ്രാഗണ്‍ ക്രൂ കാപ്സ്യൂള്‍ എന്ന പര്യവേഷണ വാഹനത്തിലാണ് ബെങ്കെന്‍, ഡഗ്ഗ് ഹര്‍ലി എന്നീ നാസ ഗവേഷകര്‍ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടാനിരുന്നത്.സ്പേസ് എക്സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്തുക. കഴിഞ്ഞ 9 വര്‍ഷക്കാലമായി റഷ്യന്‍ ബഹിരാകാശ പേടകത്തിലായിരുന്നു അമേരിക്കന്‍ ഗവേഷകരെ ബഹിരാകാശ നിലയത്തില്‍ എത്തിച്ചിരുന്നത്. ഇത്തവണ അമേരിക്കന്‍ മണ്ണില്‍ നടക്കുന്ന വിക്ഷേപണം എന്നതിലുപരി ഒരു സ്വകാര്യ വാഹനത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരം എന്ന പ്രാധാന്യവും ഈ വിക്ഷേപണത്തിനുണ്ട്.*
🅾️ *മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ സംബന്ധിച്ച വിവരങ്ങള്‍ ജൂണ്‍ മധ്യത്തോടെ അവലോകനം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന. സുരക്ഷാ പ്രശ്നങ്ങളും പാര്‍ശ്വഫലങ്ങളും ചൂണ്ടിക്കാട്ടി ഈ മരുന്നിന്റെ ഉപയോഗം താത്ക്കാലികമായി ലോകാരോഗ്യ സംഘടന നിര്‍ത്തിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ വേഗത്തില്‍ അവലോകനം നടത്തുമെന്ന് അറിയിച്ചത്. കൊറോണ വൈറസ് ചികിത്സയ്ക്ക് ഫലപ്രദമായി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.*
🅾️ *തണുത്തതും ഈര്‍പ്പവുമുള്ള അന്തരീക്ഷത്തില്‍ കൊറോണ വൈറസ് ഒരാളില്‍ നിന്ന് 20 അടി ദൂരം വരെ സഞ്ചരിക്കുമെന്ന് യൂനിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. സാമൂഹിക അകലം ആറടി പോരെന്നും രോഗിയായ വ്യക്തിയുടെ സ്രവങ്ങളിലടങ്ങിയ വൈറസ് ചൂടുള്ള കാലാവസ്ഥയേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ തണുത്ത കാലാവസ്ഥയില്‍ സഞ്ചരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ചുമക്കുമ്പോഴും തുമ്മുമ്പോഴും 40,000 ഉച്ഛ്വാസ കണങ്ങള്‍ പുറത്തുവരുന്നു എന്നാണ് ഏകദേശ കണക്ക്.സാധാരണ സംസാരിക്കുമ്പോൾ പോലും ചിലപ്പോള്‍ ഇത്രയും ഉമിനീര് കണങ്ങള്‍ പുറത്തു വരും. ഇവയുടെ വ്യാപനത്തിന്റെ തോത് അന്തരീക്ഷത്തിലെ താപനിലയുമായി ബന്ധപ്പെട്ടാണ്. താപനില കൂടുന്നതിനനുസരിച്ച് കണങ്ങള്‍ പെട്ടെന്നു തന്നെ ബാഷ്പീകരിക്കുന്നു. എയര്‍കണ്ടീഷന്‍ ചെയ്ത സ്ഥലങ്ങളിലും തണുത്ത കാലാവസ്ഥയിലും കണങ്ങള്‍ക്ക് വായുവില്‍ നില്ക്കാനാവും*
🅾️ *സൗദി അറേബ്യയുടെ ദക്ഷിണപശ്ചിമ ഭാഗത്തെ പ്രവിശ്യയായ അസീറിലുണ്ടായ വെടിവെപ്പില്‍ ആറു സ്വദേശികള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അസീറിലെ അംവായില് ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുടുംബ കലഹം മൂലമുണ്ടായ വഴക്കാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 30നും 40നും ഇടയില്‍ പ്രായമുള്ള സൗദി പൗരന്മാരാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. വെടിവെപ്പിന് ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.*
🅾️ *കോവിഡിന്റെ രണ്ടാംവരവില്‍ യൂറോപ്പിനെയും അമേരിക്കയെയും മറികടന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പ്രഭവകേന്ദ്രമായി മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വൈറസ്ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്ന സാഹചര്യത്തിലാണ് വൈറസിന്റെ രണ്ടാംവരവ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ അതിരൂക്ഷമായി ബാധിച്ചേക്കുമെന്ന് ഡബ്ല്യൂ.എച്ച്.ഒ മുന്നറിയിപ്പുനല്‍കിയത്. നിലവില്‍ വൈറസ്ബാധിതരുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് അമേരിക്കയുടെ തൊട്ടുപിറകിലാണ് ബ്രസീലിന്റെ സ്ഥാനം.ഈ നിലയില്‍പോയാല്‍ ആഗസ്റ്റോടെ ബ്രസീലില്‍ ഒന്നേകാല്‍ ലക്ഷം പേരെങ്കിലും കോവിഡ് മൂലം മരണപ്പെടുമെന്നാണ് യൂനിവേഴ്സിറ്റി ഓഫ് വാഷിങ്ടണ്‍ നടത്തിയ പഠനത്തിലെ വിലയിരുത്തല്‍. നിലവില്‍ ബ്രസീലില്‍ കോവിഡ് മരണം 24,512 ആണ്. എന്നാല്‍, ആഗസ്റ്റോടെ മരണനിരക്ക് അഞ്ചിരട്ടി വര്‍ധിച്ചേക്കുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയെ പിന്നിലാക്കി ഒറ്റദിവസം ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായും ബ്രസീല്‍ മാറിയിരിക്കുകയാണ്. തിങ്കളാഴ്ച മാത്രം ബ്രസീലില്‍ 807 പേര് കോവിഡ് മൂലം മരിച്ചു. ഇതേദിവസം, അമേരിക്കയിലെ മരണനിരക്ക് 620 ആയിരുന്നു. പെറു, ചിലി എന്നീ രാജ്യങ്ങളിലും കോവിഡ്ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണെന്ന് പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്ഗനൈസേഷന് (പി.എച്ച്.ഒ) ഡയറക്ടര്‍ പറഞ്ഞു.*
🅾️ *മക്കയില്‍ കര്‍ഫ്യുവില്‍ ഭാഗികമായി ഇളവുവരുത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഇളവ് വരുത്തുക. ആദ്യഘട്ടം മെയ് 31 മുതല്‍ ജൂണ്‍ 20 വരെയാണ്. ഈ ദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ വൈകുന്നേരം മൂന്നു വരെ പുറത്തിറങ്ങാന്‍ അനുവാദം ഉണ്ടായിരിക്കും. ഈ സമയത്ത് മക്ക നഗരത്തിലേക്കും പുറത്തേക്കും പ്രവേശിക്കാനാകും. അതാത് ഡിസ്ട്രിക്റ്റുകള്‍ക്കുള്ളില്‍ വ്യായാമ നടത്തത്തിനുള്ള അനുവാദവുമുണ്ടാകും. എന്നാല്‍ പൂര്‍ണമായും അടച്ചിട്ട ഡിസ്ട്രിക്റ്റിക്കുകളില് നിലവിലുള്ള മുന്‍കരുതല്‍ നടപടികള്‍ അതേപടി തുടരും. രണ്ടാംഘട്ടം ജൂണ്‍ 21 നാണ് ആരംഭിക്കുക. അന്ന് മുതല്‍ രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെ കര്‍ഫ്യുവില്‍ ഭാഗികമായ ഇളവുണ്ടാകും* *ഈ സമയത്ത് ആളുകള്‍ക്ക് പുറത്തിറങ്ങാനാകും. ആരോഗ്യ മുന്‍കരുതല്‍ പാലിച്ച് മക്കയിലെ പള്ളികളില്‍ ജുമുഅ, ജമാഅത്ത് നമസ്ക്കാരങ്ങള്‍ നടത്താനും അനുവാദമുണ്ടാകും. എന്നാല്‍ ആരോഗ്യ സുരക്ഷ മുന്‍കരുതലുകള്‍ പാലിച്ച് മസ്ജിദുല്‍ ഹറാമില്‍ ജുമുഅ, ജമാഅത്ത് നമസ്കാരങ്ങള്‍ നിലവിലെ രീതിയില്‍ തന്നെ തുടരും. റെസ്റ്റോറന്റുകളും ബൂഫിയകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. എല്ലാ സമയങ്ങളിലും പൊതു ഇടങ്ങളില്‍ സമൂഹ അകലം പാലിച്ചിരിക്കണം. സാമൂഹിക ആവശ്യങ്ങള്‍ക്കായി 50 ലധികമാളുകള്‍ ഒത്തുചേരല്‍ തടയും. രണ്ടാം ഘട്ടത്തിലും മുഴുവന്‍ ഡിസ്ട്രിക്റ്റുകളിലും വ്യായാമ നടത്തത്തിനുള്ള അനുവാദമുണ്ടാകും. പുര്‍ണമായും അടച്ചിട്ട ഡിസ്ട്രിക്റ്റുകളില്‍ ഈ ഘട്ടത്തിലും നേരത്തെ ഉള്ളതു പോലെ മുന്‍കരുതല്‍ നടപടികള്‍ തുടരും. അതോടൊപ്പം ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സിനിമാഹാളുകള്‍, സ്പോട്സ്, ഹെല്‍ത്ത് ക്ളബുകള്‍ തുടങ്ങിയ സമൂഹ അകലം പാലിക്കാന്‍ കഴിയാത്ത തൊഴില്‍ മേഖലകള്‍ക്കുള്ള നിരോധം തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.*
*⚽ കായികം, സിനിമ 🎥*
———————–>>>>>>>>>
🅾️ *കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സിനിമ റിലീസ് തടയില്ലെന്നും ഇത്തരത്തില്‍ റിലീസിന് താല്പര്യമുള്ള നിര്‍മാതാക്കള്‍ സംഘടനയെ സമീപിക്കണമെന്നും നിര്‍മാതാക്കളുടെ സംഘടന. ഫിലിം ചേംബറിന്റെ മധ്യസ്ഥതയില്‍ നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍ എന്നിവരുടെ പ്രതിനിധികളുമായി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘടനയുടെ തീരുമാനം. പുതിയ സംവിധാനമെന്ന നിലക്ക് ഓണ്‍ലൈന്‍ റിലീസ് തടസ്സപ്പെടുത്തില്ല. അതേസമയം എന്തുകൊണ്ട് ചിത്രം ഓണ്‍ലൈന്‍ റിലീസിന് വിടുന്നുവെന്ന് നിര്‍മാതാക്കള്‍ വിശദീകരിക്കണം.ഇത്തരത്തില്‍ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന നിര്‍മാതാക്കള്‍ 30നുമുമ്പ് അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി എം. രഞ്ജിത് പറഞ്ഞു. നിലവില്‍ ഓണ്‍ലൈന്‍ റിലീസിന് താല്പര്യം പ്രകടിപ്പിച്ച് ആരും സംഘടനയെ സമീപിച്ചിട്ടില്ല. വിജയ് ബാബു നിര്‍മിച്ച് ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും എന്ന ചിത്രം തിയറ്ററുകളുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഓണ്‍ലൈനായി ചിത്രം റിലീസ് ചെയ്യുന്നതിനെക്കുറിച്ച് സംഘടനയുമായി ചര്‍ച്ച ചെയ്തിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.*
🅾️ *ഈ വര്‍ഷാവസാനം നടക്കുന്ന ഇന്ത്യയുടെ ആസ്ട്രേലിയന്‍ പര്യടനത്തില്‍ ഒരുകളി രാത്രിയും പകലും. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ അഡ്ലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ടെസ്റ്റാവും പിങ്ക് ബാളില്‍ കളിക്കുക. ഇതാദ്യമായാണ് വിദേശ മണ്ണില്‍ ഇന്ത്യന്‍ ടീം രാത്രിയും പകലുമായി കളിക്കാന്‍ തയാറാവുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പര്യടനം നടക്കുമോയെന്ന ആശങ്ക തുടരവെയാണ് പരമ്പരയുടെ ഫിക്സ്ചര്‍ പുറത്തിറങ്ങിയത്. ഡിസംബര്‍ മൂന്നു മുതല്‍ ബ്രിസ്ബേനിലെ ഗാബയിലാണ് ഒന്നാം ടെസ്റ്റ്.ഡിസംബര്‍ 11 മുതല്‍ അഡ്ലെയ്ഡില് രണ്ടാം ടെസ്റ്റും ഡിസംബര്‍ 26 മുതല്‍ മെല്‍ബണില്‍ മൂന്നാം ടെസ്റ്റും നടക്കും. അവസാന മത്സരത്തിന് ജനുവരിയില്‍ സിഡ്നി വേദിയാവും. പെര്‍ത്തില്‍ ഇന്ത്യക്ക് കളിയില്ല. എന്നാല്‍, നവംബറില്‍ ഓസീസും അഫ്ഗാനിസ്താനും തമ്മില്‍ ഇവിടെ ടെസ്റ്റ് മത്സരം കളിക്കും. കഴിഞ്ഞ നവംബറിലാണ് ഇന്ത്യ തങ്ങളുടെ ഏക പിങ്ക് ബാള്‍ ടെസ്റ്റ് കളിച്ചത്. ബംഗ്ലാദേശിനെതിരെ കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്സിനായിരുന്നു ജയം.*
🅾️ *2020-21 ഇന്ത്യന്‍ ഫുട്ബാള്‍ സീസണ് ഒക്ടോബറില്‍ കിക്കോഫ് കുറിക്കാനാവുമെന്ന് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്. കഴിഞ്ഞ സീസണ് സമാപനത്തോടടുക്കവെയാണ് രാജ്യം കോവിഡ് ഭീഷണിയിലാവുന്നത്. മാര്‍ച്ചോടെ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. പിന്നാലെ, ഐ ലീഗ്, ജൂനിയര്‍ ലീഗുകള്‍ എന്നിവ റദ്ദാക്കുകയായിരുന്നു. ‘കാണികള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയോ, അല്ലെങ്കില്‍ നിയന്ത്രിത പ്രവേശനം നല്‍കിയോ ആവും മത്സരം ആരംഭിക്കുക. രോഗത്തിന്റെ അവസ്ഥ അനുസരിച്ച് തീരുമാനമെടുക്കും’ -അദ്ദേഹം പറഞ്ഞു.*
🅾️ *കിരീടത്തിലേക്കുള്ള കുതിപ്പിന് വേഗംകൂട്ടി ബയേണ്‍ മ്യൂണിക്കിന്റെ ജൈത്രയാത്ര. ജര്‍മന്‍ ബുണ്ടസ് ലിഗ ചാമ്പ്യന്മാരുടെ നിര്‍ണയത്തില്‍ നിര്‍ണായക മത്സരമെന്ന് വിശേഷിപ്പിച്ച ‘സൂപ്പര്‍ ഫൈറ്റില്‍’ രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ തോല്പിച്ച് ബയേണ്‍ സീസണിലെ ഇരുപതാം ജയം പോക്കറ്റിലാക്കി. ബുണ്ടസ് ലിഗയിലെ ടോപ് സ്കോറര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയും ബൊറൂസിയയുടെ ഗോള്‍മെഷീന്‍ എര്‍ലിങ് ഹാലന്‍ഡും മുഖാമുഖമെന്ന നിലയില്‍ ശ്രദ്ധനേടിയ മത്സരത്തില്‍ പക്ഷേ, വിജയഗോള്‍ ജോഷ്വ കിമ്മിഷിന്റെ ബൂട്ടില്‍നിന്നായിരുന്നു.*
🅾️ *നാട്ടിലെത്തുന്ന പ്രവാസികളില്‍ നിന്നും സര്‍ക്കാര്‍ ക്വാറന്റീന് തുക ഇൗടാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരവേ പ്രതികരണവുമായി സംവിധായകന് വിനയന് രംഗത്ത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം പ്രതികരിച്ചത്. പ്രവാസികളില്‍ പലരുടെയും അവസ്ഥ ഇന്നിവിടുത്തെ അതിഥി തൊഴിലാളികളേക്കാള്‍ എത്രയോ താഴെയാണെന്നും ദയവ് ചെയ്ത് അത്തരം പ്രതിസന്ധിയിലായവര്‍ക്ക് സര്‍ക്കാര്‍ ക്വാരന്റീന് സൗജന്യമായി നല്‍കണമെന്നും വിനയന് പറഞ്ഞു. ഗള്‍ഫ് നാടുകളില്‍ സിനിമ വില്‍ക്കുന്നതിന്റെ ഓവര്‍സീസ് റൈറ്റായി നൂറുകണക്കിനു കോടികള്‍ വാങ്ങിയവരാണ് സിനിമാക്കാര് – എത്രയോ ദിവസങ്ങള്‍ അവിടെ സ്വര്‍ഗ്ഗസമാനമായി താമസിച്ച് വലിയ വലിയ തുകയും എത്രയോ സമ്മാനങ്ങളും വാങ്ങി വന്നവരാണ് നമ്മുടെ പ്രമുഖ നടന്മാര്.ഈ ഒരവസരത്തില്‍ ഗതികെട്ട ആ പ്രവാസി സുഹൃത്തുക്കളെ നിങ്ങളാണ് ആദ്യം ഓര്‍ക്കേണ്ടതെന്നും വിനയന് കുറിച്ചു.*
_______________________________
©️ Red Media 7034521845
🅾️➖🅾️➖🅾️➖🅾️➖🅾️➖🅾️