ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ഏത് വെല്ലുവിളിയും നേരിടാന്‍ പൂര്‍ണ്ണ സജ്ജമായതായി ഇന്ത്യന്‍ സൈന്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു

നിലവിലുള്ള സാഹചര്യം ഇന്ന് പ്രതിരോധമന്ത്രിയുടെ നേത്യത്വത്തില്‍ ഡല്‍ഹിയില്‍ വീണ്ടും വിലയിരുത്തും.

കിഴക്കന്‍ ലഡാക്കിലെ സൈനിക സന്നാഹം എല്ലാ തയ്യാറെടുപ്പുകളും നടത്തി. പോര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ വിന്യസിച്ച്‌ ആണ് സൈനിക തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. നിരവധി പോര്‍ വിമാനങ്ങളും ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും ഇന്ത്യ മുന്‍നിരയിലെ താവളങ്ങളിലേക്കും എയര്‍ സ്ട്രിപ്പുകളിലേക്കും എത്തിച്ചു. ഭൂമി ശാസ്ത്രപരമായി ഇവിടെ ചൈനയേക്കാള്‍ മേല്‍ക്കോയ്മ ഇന്ത്യയ്ക്കാണ്.

ഗാല്‍വന്‍ താഴ്‌വരയിലും സംഘര്‍ഷ പ്രദേശങ്ങളിലും സൈനികരെ എത്തിക്കാന്‍ ലേ വ്യോമത്താവളത്തിലും പരിസരങ്ങളിലും നിരവധി ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ആണ് തയാറായിട്ടുള്ളത്. സൈനികരെയും സാമഗ്രികളും എത്തിക്കാന്‍ എം. ഐ 17 വി 5 ഹെലികോപ്റ്ററുകളും തയ്യാര്‍.

സുഖോയ് എം. കെ 1, മിറാഷ്, ജാഗ്വാര്‍ തുടങ്ങിയവയ്ക്ക് ഇന്ത്യന്‍ ബേസുകളില്‍ നിന്ന് സംഘര്‍ഷ മേഖലകളിലേക്ക് അതിവേഗമെത്താന്‍ സാധിക്കും. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ കരസേനയ്ക്ക് വ്യോമ പിന്തുണ നല്‍കാന്‍ അമേരിക്കന്‍ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളും വിന്യസിച്ച്‌ കഴിഞ്ഞു. ക്രമീകരണങ്ങള്‍ ഏത് സാഹചര്യവും നേരിടാന്‍ പാകത്തില്‍ പൂര്‍ത്തിയായതായി സൈന്യം ക്രേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.അതേസമയം ഇന്ന് പ്രതിരോധമന്ത്രി വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തും. മൂന്ന് സൈനിക മേധാവികളും ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റഫും യോഗത്തില്‍ പങ്കെടുക്കും.

Comments (0)
Add Comment