ദി അണ്ടര്‍ടേക്കര്‍ തന്റെ 30 വര്‍ഷത്തെ കരിയറില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

ഡബ്ലു ഡബ്യു ഇ റസ്ലിങ്ങിലൂടെ ആരാധകരുടെ സൂപ്പര്‍ ഹീറോയായി മാറിയ ദി അണ്ടര്‍ടേക്കര്‍ തന്റെ 30 വര്‍ഷത്തെ കരിയറില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. റിങിലേക്കു ഇനിയൊരിക്കലും മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കരിയറിലെ അവസാനത്തെ മല്‍സരമാണ് ദി ലാസ്റ്റ് റൈഡില്‍ എ ജെ സ്റ്റൈല്‍സിനെതിരെ താന്‍ പങ്കെടുത്തതെന്നും അദ്ദേഹം അറിയിച്ചു. അണ്ടര്‍ടേക്കറുടെ വിരമിക്കല്‍ ഡബ്യുഡബ്ല്യുഇയും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.കരിയറിലെ ഏറ്റവും ഉചിതമായ സമയത്താണ് താന്‍ നിര്‍ത്തുന്നതെന്ന് ദി അണ്ടര്‍ടേക്കര്‍ പ്രതികരിച്ചു. ഡബ്ല്യുഡബ്ല്യുയിലേക്കു ഇനിയൊരു തിരിച്ചുവരവുണ്ടാവുമോയെന്ന് കാലം തെളിയിക്കും. കരിയറിന്റെ ഈ സമയത്ത് ഇനിയൊരിക്കല്‍ക്കൂടി റിങില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും 55 കാരനായ ദി അണ്ടര്‍ടേക്കര്‍ വ്യക്തമാക്കി.ഡെഡ്മാനെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന അണ്ടര്‍ടേക്കറുടെ യഥാര്‍ഥ പേര് മാര്‍ക്ക് വില്ല്യം ​കാല്‍വെയെന്നാണ്. ഡബ്ല്യുഡബ്ല്യുഇയിലെ എക്കാലത്തെയും വലിയ സൂപ്പര്‍ താരങ്ങളുടെ നിരയിലാണ് ദി അണ്ടര്‍ടേക്കറുടെ സ്ഥാനം. റെസ്ല്‍മാനിയയില്‍ തുടര്‍ച്ചയായി 21 വര്‍ഷം പരാജയമറിയാതെ മുന്നേറിയിട്ടുണ്ട് അണ്ടര്‍ ടേക്കര്‍.റെസ്ല്‍മാനിയ 30ലാണ് അദ്ദേഹത്തിന്റെ അപരാജിത കുതിപ്പ് അവസാനിച്ചത്. അന്നു ബ്രോക്ക് ലെസ്‌നര്‍ അണ്ടര്‍ടേക്കറിനെ ഇടിച്ചിടുകയായിരുന്നു. റെസ്ല്‍മാനിയ 33ല്‍ റോമന്‍ റെയ്‌ന്‌സിനോടും അണ്ടര്‍ടേക്കര്‍ക്കു തോല്‍വി നേരിട്ടു. റെസ്ല്‍മാനിയ 35ല്‍ മല്‍സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തൊട്ടടുത്ത സീസണില്‍ അണ്ടര്‍ടേക്കര്‍ റിങില്‍ തിരിച്ചെത്തി. ഈ വര്‍ഷം എ ജെ സ്‌റ്റൈല്‍സിനെതിരേ ആരാധകര്‍ ഉറ്റുനോക്കിയ ബോണിയാര്‍ഡ് മല്‍സരത്തിലാണ് അണ്ടര്‍ടേക്കര്‍ അവസാനമായി മാറ്റുരച്ചത്.1990ലാണ് ദി അണ്ടര്‍ടേക്കര്‍ ഡബ്ല്യുഡബ്ല്യുഇയില്‍ ചേര്‍ന്നത്. ആ സമയത്ത് വേള്‍‍ഡ് റസ്ലിങ് ഫെഡറേഷന്‍ എന്നായിരുന്നു കമ്ബനിയുടെ പേര്. ഇതേ വര്‍ഷം നവംബറില്‍ അദ്ദേഹം ആദ്യ മല്‍സരത്തില്‍ ഇറങ്ങുകയും ചെയ്തു. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഡബ്ല്യുഡബ്ല്യുഇയിലെ സൂപ്പര്‍ താര പദവിയിലേക്കുയരാന്‍ ദി അണ്ടര്‍ടേക്കര്‍ക്കു സാധിച്ചു.ഏഴു തവണ ലോക ചാംപ്യനായിട്ടുള്ള ദി അണ്ടര്‍ടേക്കര്‍ ആറു തവണ ടാ​ഗ് ടീമിനൊപ്പവും കിരീടവിജയം നേടി. കൂടാതെ ഒരു തവണ റോയല്‍ റംബിള്‍ വിന്നറായും (2007) 12 തവണ സ്ലാമി അവാര്‍ഡ് ജേതാവായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ‌വിരമിക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം ട്വിറ്ററില്‍ അദ്ദേഹം ട്രെന്‍ഡിങ്ങിലാണ്. സ്റ്റൈല്‍സിനെതിരെ നടത്തിയ മത്സരം തന്റെ കരിയറിലെ പെര്‍ഫക്‌ട് അവസാനമാച്ചാണ് എന്നാണ് അണ്ടര്‍ ടേക്കര്‍ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഓര്‍മിച്ചത്. എനിക്കിന് കാര്യമായി ഒന്നും തെളിയിക്കാനില്ല. ഒന്നും നേടാനും. പുതിയ ആള്‍ക്കാര്‍ വരട്ടെ. വിരമിക്കാനെടുത്ത ഈ സമയം ഉചിതമായതാണെന്ന് കരുതുന്നു. അണ്ടര്‍ ടേക്കര്‍ പറയുന്നു.

Comments (0)
Add Comment