🅾️ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍. സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് മുതല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവയില്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണം. എന്നാല്‍ കണ്ടെയിന്മെന്റ് സോണുകളിലെ ഓഫീസുകളില്‍ നിയന്ത്രണം തുടരും. സംസ്ഥാനത്തെ ക്ഷേത്രങ്ങളും മാളുകളും ഹോട്ടലുകളും തുറക്കുന്നതിന് മുന്നോടിയായുളള വൃത്തിയാക്കല്‍ ജോലികള്‍ ഇന്ന് നടക്കും. കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം. 65 വയസിന് മുകളില്‍ ഉളളവര്‍ക്കും10 വയസില്‍ താഴെയുളളവര്‍ക്കും പ്രവേശനം ഉണ്ടാകില്ല.
🅾️ സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന് (87) ആണ് മരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നത് സംബന്ധിച്ച് വിവരമില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ന്യൂമോണിയ ബാധിച്ച് രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിച്ചതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഉടന്‍ മരിക്കുകയായിരുന്നു. ഇദ്ദേഹം പ്രമേഹ രോഗബാധിതനുമായിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 40 പേരോടും ഇദ്ദേഹത്തിന്റെ ബന്ധുക്കളോടും ഐസൊലേഷനില്‍ പോകാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. അസുഖ ബാധിതനായി സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഇദ്ദേഹത്തിന് ആരുമായെല്ലാം സമ്പർക്കമുണ്ടായെന്ന് ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. തൃശൂര്‍ ജില്ലയില്‍ ഞായറാഴ്ച 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 137 ആയി. 103 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
🅾️ ജോലിയില്ലാതാകുമെന്ന ആശങ്കയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ തൂങ്ങി മരിച്ചു. കോഴിക്കോട് ചെറുകുളം കിഴൂര്‍ പരേതനായ വാസുവിന്്റെ മകന് സന്തോഷ് (42) ആണ് ഒറ്റത്തെങ്ങിലെ ടൂറിസ്റ്റ് ബസ് നിര്‍ത്തിയിടുന്ന സ്ഥലത്തിനരികില്‍ തൂങ്ങി മരിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാത്തതിനാല്‍ ഏറെ ആശങ്കയിലായിരുന്നു പ്രീതി ബസില്‍ പതിനഞ്ചു വര്‍ഷത്തിലേറെ ഡ്രൈവറായ സന്തോഷ്. നഷ്ടം നികത്താനാവാത്തതിനാല് തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ് ഓടില്ലെന്ന സൂചന ലഭിച്ചതോടെ ഏറെ നിരാശനായിരുന്നു. ബാങ്കിലുള്പ്പെടെയുള്ള കട ബാധ്യതയെക്കുറിച്ച് കുടുംബാംഗങ്ങളോട് ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു. ഉദരസംബന്ധമായ അസുഖത്തിന് മരുന്നിന് 2000ത്തോളം രൂപ മാസത്തില്‍ വേണ്ടിയിരുന്നുവത്രെ.ജോലിക്ക് പോവാന്‍ ഇനിയും താമസമുണ്ടാകുമെന്നതിനെ കുറിച്ച വേവലാതി വെള്ളിയാഴ്ചയും ബന്ധുക്കളോട് പങ്കുവെച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് നാലു മണിയോടെ ലോറി ഡ്രൈവറുടെ ഒഴിവ് അന്വേഷിച്ചു വരാമെന്നു പറഞ്ഞാണ് ഇറങ്ങിയത്. രാത്രി എട്ടു മണിയോടെ താന്‍ വരാന്‍ വൈകുമെന്നും ഭക്ഷണം കഴിച്ച് കിടക്കാനും വീട്ടില്‍ വിളിച്ച് പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ ബസ് ജീവനക്കാരാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് : സത്യവതി. ഭാര്യ: രജീഷ. മക്കള്‍ : ജിഷ്ണു, ഷാനിയ (ഇരുവരും വിദ്യാര്‍ഥികള്‍)
🅾️ കണ്ണൂര്‍ പാനൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നിഖിലേഷ്, സഹേദരന് മനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പെയിന്റിംഗ് തൊഴിലാളികളായ ഇവര്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇവരെ തലശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
🅾️ മുംബൈയില്‍നിന്ന് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റുമായി എത്തിയ നേവി ഉദ്യോഗസ്ഥന് കൊച്ചിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം ആദ്യമാണ് നേവി ഉദ്യോഗസ്ഥന് മുംബൈ-കൊച്ചി വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയത്. തനിക്ക് കോവിഡ് നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് ഇയാള്‍ വിമാനത്താവളത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ കാണിക്കുകയും ചെയ്തു. മാത്രമല്ല ഇയാള്‍ക്ക് രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. പിന്നീട് ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ ഇയാളുമായി സമ്പർക്കം പുലര്‍ത്തിയ ആറ് ആരോഗ്യ പ്രവര്‍ത്തകരും രണ്ടു പോലീസ് ഉദ്യോഗസ്ഥരുമടക്കം എട്ടുപേര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
🅾️ ബത്തേരി മൂലങ്കാവില്‍ കൃഷിയിടത്തിലൊരുക്കിയ കെണിയില്‍ പുലി വീണ സംഭവത്തില്‍ സ്ഥലം ഉടമ അറസ്റ്റില്‍. മൂലങ്കാവ് സ്വദേശി ഏലിയാസ് ആണ് അറസ്റ്റിലായത്. ഇയാളുടെ കൃഷിയിടത്തില്‍ കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിലാണ് പുലിവീണത്. ഏലിയാസിന്റെ വീട്ടില്‍ നിന്ന് അഞ്ച് കമ്പി കുരുക്കുകള്‍ കണ്ടെടുത്തു. ഞായറാഴ്ച രാവിലെ സമീപത്തെ വീട്ടില്‍ ഉള്ളവരാണ് കെണിയില്‍ കുടുങ്ങിയ പുലിയെ ആദ്യം കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പ് വെറ്ററി നറി സര്ജന് ഡോ.അരുണ്‍ സക്കറിയയും സ്ഥലത്തെത്തി മയക്കുവെടിവയ്ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ പുലി കെണിയില്‍ നിന്ന് രക്ഷപ്പെട്ടു.പുലിയെ സമീപ പ്രദേശത്ത് കണ്ടെത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലായി. തുടര്‍ന്ന് നടത്തിയ ശ്രമത്തിനൊടുവില്‍ പുലിയെ മയക്കുവെടിവച്ച് പിടികൂടു കയായിരുന്നു.
🅾️ പി.എസ്.സി ഒ.എം.ആര് ഷീറ്റുകളുടെ അച്ചടി ഇനി സര്‍ക്കാര്‍ പ്രസുകള്‍ക്ക്. ഇതരസംസ്ഥാനങ്ങളിലെ സ്വകാര്യകമ്പനികളില്‍നിന്ന് വാങ്ങുന്ന ഷീറ്റുകളുെട ഗുണനിലവാരം മോശമായതാണ് കാരണം. ഒപ്പം സാമ്പത്തികലാഭവും ലക്ഷ്യമിട്ടാണ് ഇൗ നീക്കത്തിന് സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അച്ചടിവകുപ്പ് നല്കിയ ഒ.എം.ആര് ഷീറ്റുകളുെട ‘ഡമ്മി’ പി.എസ്.സി അംഗീകരിച്ചു. രണ്ടുമാസത്തിനകം അച്ചടി ആരംഭിക്കും. പി.എസ്.സി ചരിത്രത്തില്‍ ആദ്യമായാണ് ഒ.എം.ആര് ഷീറ്റ് സംസ്ഥാനത്തിനകത്ത് അച്ചടിക്കുന്നത്.
🅾️ സമൂഹവ്യാപന ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് പശ്ചാത്തലമുള്ളവരിലും പകര്‍ച്ച സാധ്യതയുള്ളവരിലും മാത്രം നടത്തിയിരുന്ന ആര്.ടി.പി.സി.ആര് (റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍ പൊളിമറൈസ് ചെയിന്‍ റിയാക്ഷന്) ടെസ്റ്റ് മറ്റുള്ളവരിലേക്കും വ്യാപിപ്പിക്കുന്നു. കോവിഡ് ബാധിത മേഖലയില്‍ നിന്നോ ക്ലസ്റ്ററുകളില്‍ നിന്നോ മടങ്ങിയെത്തിയവര്‍, വൈറസ് ബാധിതരുമായി സമ്പർക്കം പുലര്‍ത്തിയവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന മുന്‍ഗണന വിഭാഗം എന്നിവരെയാണ് ഇതുവരെ പി.സി.ആറിന് വിധേയമാക്കിയിരുന്നത്.പുതിയ സാഹചര്യത്തില്‍ ഇൗ നിബന്ധനകള്‍ പരിഷ്കരിച്ച് കൂടുതല്‍ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.മുമ്പ് നാടിനെ ഭീതിയിലാഴ്ത്തിയ ഇന്ഫ്ലുവന്സക്ക് സമാനമായ അസുഖങ്ങളാണ് (ഇന്‍ഫ്ലുവന്‍സ ലൈക്ക് ഇല്‍നസ് -െഎ.എല്‍.എ) മറ്റുള്ളവരിലെ പി.സി.ആര് പരിേശാധനക്കുള്ള പ്രധാന മാനദണ്ഡം. ശ്വാസനേന്ദ്രിയത്തിലെ അണുബാധ, 38 ഡിഗ്രിയോ അതില്‍ കൂടുതലോ ആയ പനി, ചുമ എന്നിവയാണ് െഎ.എല്‍.എയുടെ ലക്ഷണങ്ങള്‍. വ്യക്തിഗത പരിശോധനക്ക് പുറമെ പൂള്‍ഡ് പരിേശാധനയും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഒരുകൂട്ടം ആളുകളില്‍നിന്ന് നിശ്ചിത എണ്ണം സാമ്പിളുകൾ പരിശോധിക്കുകയും ഏെതങ്കിലും ഒന്ന് പോസീറ്റാവായാല്‍ ആ കൂട്ടത്തെ ഒന്നാകെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നതാണ് പൂള്‍ഡ് പരിശോധന. വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ഏഴാമത്തെ ദിവസമാണ് ഇനി മുതല്‍ വൈറസ് സാന്നിധ്യമുണ്ടോ എന്നറിയുന്നതിനുള്ള പി.സി.ആര് പരിശോധന നടത്തുക. തുടര്‍പരിശോധന 48 മണിക്കൂര്‍ ഇടവേളകളിലും. നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്ക് രോഗമുക്തി സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന 24 മണിക്കൂറിനുള്ളില്‍ നടത്താമെന്ന് പരിഷ്കരിച്ച നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
🅾️ ലോകമെമ്പാടുമുള്ള പുസ്തക പ്രേമികളുടെ പ്രിയപ്പെട്ട എഴുത്തുകാരന് പൗലോ കൊയ്ലോ, ഇങ്ങ് കേരളത്തില്‍ ഇതുവരെ തുറക്കാത്തൊരു പുസ്തകക്കടയുടെ ചിത്രം പങ്കുവെച്ചതാണ് സമൂഹമാധ്യമങ്ങളിലെ പുതിയ വൈറല്‍ കാഴ്ച. എറണാകുളം ആ ലുവയില്‍ തുറക്കാനിരിക്കുന്ന ‘വണ്‍സ് അപോണ് എ ടൈം ‘ പുസ്തകക്കടയാണ് ബ്രസീലിയന്‍ എഴുത്തുകാരനുള്പ്പെടെ പങ്കുവെച്ചതിലൂടെ ഒറ്റദിവസംകൊണ്ട് വൈറലായത്.
എന്തിനാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ പുസ്തകക്കട പങ്കുവെച്ചതെന്നല്ലേ? പുസ്തകക്കടയുടെ ഡിസൈന്‍ തന്നെയാണ് സവിശേഷത.പൗലോ കൊയ്ലോയുടെ ഏറെ പ്രശസ്തമായ, കോടിക്കണക്കിന് വായനക്കാരുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായ ‘ദ ആല്‍കെമിസ്റ്റു’ള്‍പ്പെടെ നാല് പുസ്തകങ്ങളുടെ വലിയ ത്രിമാനാകൃതിയിലുള്ള രൂപങ്ങളേന്തിയാണ് ഈ കട തലയുയര്‍ത്തി നില്‍ക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ഏറെ വായനക്കാരുള്ള ജെ.കെ. റൗളിങ്ങിന്റെ ഹാരിപോട്ടര്‍, ഹെര്‍മന്‍ മെല്‍വിലിന്റെ മോബിഡിക്, മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന് ബെന്യാമിന്റെ ആടുജീവിതം എന്നിവയാണ് മറ്റു പുസ്തകങ്ങള്‍. കടയുടെ മുകളിലുള്ള, ഷെല്ഫിലടുക്കിവെച്ചതുപോലുള്ള ഭീമന് പുസ്തകങ്ങളിലാണ് പുസ്തകക്കടയിലെത്തുന്നവരുടെയും ഇതുവഴി പോകുന്നവരുടെയും കണ്ണിലാദ്യംപെടുക. ആലുവ-പെരുമ്പാവൂർ റൂട്ടില്‍ അസീസി ബസ് സ്റ്റോപ്പിനുസമീപമാണ് ഈ പുസ്തകക്കട. ആലുവ അമ്പാട്ടുകാവിൽ ‘ആദിനീരു’ എന്ന എന്‍ജിനീയറിങ് സ്ഥാപനം നടത്തുന്ന അജികുമാര്‍-മഞ്ജു ദമ്പതികളുടേതാണ് പുസ്തകശാല. ആലുവയില്‍തന്നെയുള്ള വി.ആര് ഗ്രൂപ്പിലെ പാര്‍ട്ണര്‍മാരായ കെ.കെ. വിനോദ്, റോയ് തോമസ് എന്നിവരാണ് ഡിസൈന്‍ ചെയ്തത്. ലാമിനേറ്റഡ് ഫിലിം ഉപയോഗിച്ചാണിത് ചെയ്തതെന്ന് വിനോദ് പറയുന്നു. തങ്ങള്‍ ആരാധിക്കുന്ന പൗലോ കൊയ്്ലോ ഇത് പങ്കുവെച്ചതിന്റെ സന്തോഷത്തിലാണിവര്‍. ആലുവ സ്വദേശിയായ അസി. ഫിലിം ഡയറക്ടര്‍ സി.ബി. വിഷ്ണുവാണ് ഈ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇത് മറ്റൊരാള്‍ പൗലോ കൊയ്ലോയുടെ ഒരു ട്വീറ്റിനടിയില്‍ മറുപടിയായി ഇടുകയായിരുന്നു. ഇങ്ങനെയാണ് ചിത്രം ആല്‍കെമിസ്റ്റിന്റെ എഴുത്തുകാരെന്റ ശ്രദ്ധയില്‍പെടുന്നത്. ബുക് ഷോപ് ഇന്‍ കേരള എന്ന കുറിപ്പോടെയാണ് പൗലോ കൊയ്ലോ ഇത് ഇന്‍സ്റ്റഗ്രാമിലിട്ടത്. ഇത് പിന്നീട് വായനപ്രേമികളുടെയും സാധാരക്കാരുടെയുമെല്ലാം ഗ്രൂപ്പുകളിലൂടെ വൈറലാവുകയായിരുന്നു.
🅾️ മാംസഭോജികളായ സസ്യങ്ങളുടെ ഗണത്തിലേക്ക് കേരളത്തില്‍നിന്ന് പുതിയ അംഗം കൂടി. കോട്ടയം ജില്ലയില്‍നിന്ന് കണ്ടെത്തിയ പുതിയ സസ്യത്തിന്റെ പേര് ‘യൂട്രിക്കുലേറിയ കമറുദ്ദീനിയ’ എന്നാണ്. കാസര്‍കോട് ഗവ. കോളജിലെ സസ്യശാസ്ത്രവിഭാഗം മേധാവി ഡോ. വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്. കേരള സര്‍വകലാശാല സസ്യശാസ്ത്രവിഭാഗം അസോ. പ്രഫസറും പരിസ്ഥിതി ശാസ്ത്രജ്ഞനും ആയിരുന്ന ഡോ. കമറുദ്ദീന്കുഞ്ഞിന്റെ സ്മരണാര്‍ഥമാണ് പുതിയ സസ്യത്തിന് ഇൗ നാമകരണം നടത്തിയത്.വേരുകളിലും തണ്ടുകളിലും ബലൂണ്‍ ആകൃതിയിലുള്ള ട്രാപ്പ്വഴിയാണ് ഇര പിടിക്കുന്നത്. വെള്ളത്തിലും വയലിലുമാണ് ഇൗ സസ്യം വളരുന്നത്. കോട്ടയത്ത് വയലിലാണ് സസ്യത്തെ കണ്ടെത്തിയത്. വെള്ളത്തിലുള്ള സൂക്ഷ്മജീവികളാണ് സസ്യത്തിന്റെ ഇര. മണമില്ലാത്ത മഞ്ഞപ്പൂവും ഇൗ സസ്യത്തിന്റെ പ്രത്യേകതയാണ്.
🅾️ പോക്സോ കേസില്‍ റിമാന്‍ഡിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോങ്ങാട് സി.െഎ ഉള്‍പ്പെടെ 12 പൊലീസുകാര്‍ ക്വാറന്റീനില്‍. മേയ് 30ന് മുണ്ടൂരിന്നടുത്തുനിന്ന് പിടിയിലായ പ്രതിയുടെ സാമ്പിൾ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് കോങ്ങാട് സി.ഐ കെ.സി. വിനു അടക്കം 12 പൊലീസുകാരാണ് ക്വാറന്റീനിലായത്. പ്രതിയെ മര്‍ദിച്ചയാളും നിരീക്ഷണത്തിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന്, പാചകപ്പുര, വിശ്രമസ്ഥലം എന്നിവ അണുവിമുക്തമാക്കി.പ്രതിയെ പിടികൂടിയ ദിവസം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്കാണ് ക്വാറന്റീന് നിര്‍ദേശിക്കപ്പെട്ടത്. ഇവരുടെ സ്രവം പരിശോധനക്കയച്ചു. ആലത്തൂര്‍ സബ് ജയിലിലേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.
🅾️ സ്കൂള്‍ പ്രവേശന നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും നടത്തുന്നതിന് അനുമതിയായി. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 10 വരെ പ്രവേശനം നേടുന്നതിനും വിടുതല്‍ സര്‍ട്ടിഫിക്കറ്റിനും ഓണ്‍ലൈനായി ‘സമ്പൂർണ്ണ” വഴി (sampoorna.kite.kerala.gov.in) രക്ഷാകര്‍ത്താക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. നേരിട്ട് അപേക്ഷ നല്കിയവര് ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ടതില്ല. നിലവില്‍ ഒന്നു മുതല്‍ ഒമ്ബതു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള ക്ലാസ് പ്രമോഷന് ‘സമ്പൂർണ്ണ ‘ വഴി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതുപോലെ തുടരുന്നതിനും ക്ലാസ് പ്രമോഷന് വഴിയോ അല്ലാതെയോ ഉള്ള സ്കൂള്‍ മാറ്റത്തിന് ടി.സിക്കുവേണ്ടി അപേക്ഷിക്കുമ്പോൾ “സമ്പൂർണ്ണ”വഴി തന്നെ നല്കുന്നതിനുമാണ് ഉത്തരവ്.ടി.സിക്കുള്ള അപേക്ഷ ലഭിക്കുന്ന സ്കൂളിലെ പ്രഥമാധ്യാപകര്‍ ‘സമ്പൂർണ്ണ’വഴി ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതും ടി.സിയുടെ ഡിജിറ്റല്‍ പകര്‍പ്പ് പുതുതായി ചേര്‍ക്കുന്ന സ്കൂളിന് ലഭ്യമാക്കേണ്ടതുമാണ്. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ തുടങ്ങി മറ്റു സ്ട്രീമുകളില്‍നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികള്‍ക്കും പുതുതായി സ്കൂള്‍ പ്രവേശനം തേടുന്ന കുട്ടികള്‍ക്കും “സമ്പൂർണ്ണ ‘വഴി അപേക്ഷിക്കാം. പ്രഥമാധ്യാപകരുടെ “സമ്പൂർണ്ണ ” ലോഗിനില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്കനുസരിച്ച് കുട്ടിക്ക് താല്‍ക്കാലിക പ്രവേശനം നല്‍കും. അപേക്ഷ സമര്‍പ്പിക്കുമ്പോൾ ലഭിക്കുന്ന റഫറന്‍സ് നമ്പർ ഉപയോഗിച്ച് രക്ഷാകര്‍ത്താവിന് അപേക്ഷയുടെ തല്‍സ്ഥിതി സമ്പൂർണ്ണ പോര്‍ട്ടലില്‍ പരിശോധിക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട ഒറിജിനല്‍ രേഖകള്‍ സ്കൂളില്‍ പ്രവേശിക്കുന്ന ദിവസം/ആവശ്യപ്പെടുന്ന സമയത്ത് നല്കിയാല് മതി. നിലവില്‍ ആധാര്‍ നമ്പർ (യു.ഐ.ഡി) ലഭിച്ച കുട്ടികള്‍ ആ നമ്പറും യു.ഐ.ഡിക്ക് അപേക്ഷിക്കുകയും എന്റോള്മന്റ് ഐ.ഡി ലഭിക്കുകയും ചെയ്തിട്ടുള്ളവര്‍ ആ നമ്പറും (ഇ.ഐ.ഡി) നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആധാറിന് അപേക്ഷിച്ചിട്ടില്ല എങ്കില്‍ ‘ഇല്ല’ എന്ന് രേഖപ്പെടുത്താന്‍ സോഫ്റ്റ്വെയറില് സംവിധാനമുണ്ട്. ഓണ്‍ലൈന്‍ പ്രവേശനം സംബന്ധിച്ച സഹായക രേഖകള്‍, വിഡിയോ എന്നിവ sampoorna.kite.kerala.gov.in ല്‍ ലഭ്യമാണ്.
🅾️ സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ നടുറോഡില്‍ വെട്ടിവീഴ്ത്തി. മുവാറ്റുപുഴ പണ്ടിരിമല തടിയിലക്കുടിയില്‍ ശിവന്‍െറ മകന് അഖിലി (19)നാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളത്ത് സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒട്ടോമൊബീല് എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് അഖില്‍. അഖിലിനെ ആക്രമിച്ച മുവാറ്റുപുഴ കറുകടം സ്വദേശിയായ ബേസില്‍ എല്‍ദോസിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് 6.15 ഓടെ മുവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്ക് മുന്നിലാണ് സംഭവം. മാസ്ക് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയ അഖിലിനെ ബൈക്കിലെത്തിയ ബേസില്‍ റോഡിലേക്ക് വിളിച്ചുവരുത്തിയശേഷം വടിവാള്‍ ഉപയോഗിച്ച് കൈക്കും കഴുത്തിലും വെട്ടുകയായിരുന്നു.ഇടത് കൈപ്പത്തിക്ക് മുകളില്‍ വെട്ടേല്‍ക്കുകയും കഴത്തിന് വെട്ടാന്‍ ശ്രമിക്കുന്നതിനിടെ ഹെല്‍മറ്റില്‍ തട്ടിയതിനാല്‍ പുരികത്തിനും നെറ്റിക്കും ഇടയില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ നാട്ടുകാര്‍ മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. അഖിലും സഹോദരിയും തമ്മിലുള്ള അടുപ്പം തടയുന്നതിനായാണ് ബേസില്‍ അഖിലിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
🅾️ അഴിമതിയില്‍ മാത്രം കണ്ണുവെച്ച് സാങ്കേതിക മികവില്ലാത്ത സ്വന്തക്കാര്‍ക്ക് ബെവ്കോ അപ് നിര്‍മിക്കാന്‍ കരാര്‍ നല്‍കിയതാണ് രണ്ടാഴ്ച കഴിഞ്ഞിട്ടും അത് ദുരന്തമായി തുടരുന്നതിന് കാരണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിവറേജസ് ഒൗട്ട്ലെറ്റുകളെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷം തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയത് ശരിയായി. ആപ് വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ബിവറേജസ് കോര്പറേഷന് ഉണ്ടായതെന്ന് കോര്പറേഷന് തന്നെ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.സി.പി.എം സഹയാത്രികന് നിര്‍മിച്ചുനല്‍കിയ ആപ് വഴി ടോക്കണുകളെല്ലാം പോകുന്നത് ബാറുകള്‍ക്കാണ്. ബാറുകള്‍ക്ക് മുന്നില്‍ വന്‍തിരക്ക് അനുഭവപ്പെടുമ്പോൾ സര്‍ക്കാറിന് കീഴിലെ ബിവറേജസ് ഔട്ട്ലെറ്റുകള് വിജനമായി കിടക്കുന്നു. ഈ ആപ്പിന് പിന്നിലെ കള്ളക്കളിയും അഴിമതിയും ഇതില്‍നിന്ന് തന്നെ വ്യക്തമാണ്. ആപ് പിന്‍വലിച്ച് എക്സൈസ് മന്ത്രി മാപ്പ് പറയണമെന്നും ചെന്നിത്തല വാര്‍ത്തകുറിപ്പില്‍ ആവശ്യപ്പെട്ടു.
🅾️ മദ്യവിതരണത്തിന് ഏര്‍പ്പെടുത്തിയ ബെവ് ക്യൂ ആപ്പിനെതിരെ ബിവറേജസ് കോര്പറേഷന്. ആപ് വഴി ബുക്ക് ചെയ്യുന്ന ഭൂരിഭാഗത്തിനും ലഭിക്കുന്നത് ബാറുകളിലേക്കുള്ള ടോക്കണാണെന്നും ഇതു തുടര്‍ന്നാല്‍ കോര്പറേഷന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും ബെവ്കോ എക്സൈസ് മന്ത്രിയെ അറിയിച്ചു.
🅾️ പ്രവാസികളെ ക്വാറന്റൈന് ചെയ്യാന്‍ മുസ്ലിം സംഘടനകള്‍ വിട്ടുനല്‍കിയ ആയിരത്തോളം സൗജന്യകേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കാതെ പ്രവാസികളെ വഞ്ചിച്ചതായി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ആശുപത്രികള്‍, വിദ്യാഭ്യസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവയാണ് സംഘടനകള്‍ നല്‍കിയത്. ഇതില്‍ 30 കേന്ദ്രങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ വരുന്ന സമയം സര്‍ക്കാറിന്റെ മുമ്പിലുണ്ടായിരുന്ന പ്രധാന ആശങ്ക എവിടെ ക്വാറന്റൈന് ചെയ്യുമെന്നതായിരുന്നു.പരിഹാരമെന്ന നിലയിലാണ് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ക്വാറന്റൈന് നല്‍കാമെന്ന് മുസ്ലിം ലീഗ് സര്‍ക്കാറിനെ അറിയിച്ചത്. ഇ.കെ, എ.പി സമസ്തയും, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങളും, പീപ്പിള്‍സ് ഫൗണ്ടേഷനും സ്ഥാപനങ്ങള്‍ കൈമാറാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇവയൊന്നും ഉപയോഗിച്ചില്ല -ഇ.ടി പറഞ്ഞു.
🅾️ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കേരള – ലക്ഷദ്വീപ് തീരം, തെക്കുകിഴക്ക് അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുത്.
🅾️ കോവിഡ് വ്യാപാനം കണക്കിലെടുത്ത് മലപ്പുറം ജില്ലയിലെ ഹോട്ടലുകള്‍ ജൂലൈ 15 വരെ തുറന്നു പ്രവര്‍ത്തിപ്പിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന് അറിയിച്ചു. നിലവിലുള്ള പാര്‍സല്‍ സംവിധാനങ്ങള്‍ തുടരും.
🅾️ പടക്കംകെട്ടിയ തേങ്ങപൊട്ടി പരിക്കേറ്റ് മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പിടിയാന കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇടപെടുന്നു. ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് സമിതിയെ നിയമിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ നിയമിക്കുന്ന ചീഫ് കണ്‍സര്‍വേറ്ററില്‍ കുറയാത്ത റാങ്കുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും കമ്മിറ്റി.
🅾️ ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്താല്‍ രോഗത്തെ പ്രതിരോധിക്കാന്‍ ഇതുവരെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചവര്‍ നടത്തിയ ശ്രമം വിഫലമാകും. ഭക്തര്‍ക്ക് വീട്ടിലിരുന്ന് തന്നെ ഇപ്പോഴത്തേതുപോലെ ഈശ്വരാരാധന നടത്താം. ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന നിത്യപൂജ അതുപോലെ തന്നെ തുടരുകയും വേണം. ഗുരുവായൂരും ശബരിമലയും പോലുള്ള മഹാക്ഷേത്രങ്ങള്‍ ഈ അവസരത്തില്‍ ഒരു കാരണവശാലും ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് രോഗവ്യാപനത്തിന് കാരണമായി തീരാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവരുതെന്നും സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.നാരായണന്‍കുട്ടി ആവശ്യപ്പെട്ടു.
🅾️ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച 1233 പേര്‍ക്കെതിരെ കേസെടുത്തു. ഞായറാഴ്ച അറസ്റ്റിലായത് 1275 പേരാണ്. 649 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3048 സംഭവങ്ങളാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന് ലംഘിച്ചതിന് 10 കേസുകളും രജിസ്റ്റര്‍ ചെയ്തു.
🅾️ ഹിമാചല്‍ പ്രദേശില്‍ പശുവിനെ സ്ഫോടക വസ്തു തീറ്റിച്ച് അപകടപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. സംഭവം നടന്ന ജില്ല ഏതെന്നോ അവിടുത്തെ ഭൂരിപക്ഷ വിഭാഗം ആരെന്നോ മേനക ഗാന്ധിക്ക് അറിയേണ്ടെന്നും കുറ്റവാളിയുടെ മതം ആരും അന്വോഷിക്കുന്നില്ലെന്നും എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
🅾️ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണകേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിജിലന്‍സ് ഐജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷ് അന്വേഷണം നടത്തിയത്. കേസ് പിന്‍വലിക്കാന്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് നേരിട്ട് ഫോണ്വിളിച്ചതിനോ ഭീഷണിപ്പെടുത്തിയതിനോ തെളിവില്ല. എന്നാല്‍ മകനും അനുയായികളില്‍ ചിലരും ഇതിനായി ശ്രമിച്ചെന്നതിന് തെളിവുണ്ടെന്നാണ് അന്വഷണ സംഘത്തിന്റെ കണ്ടെത്തല്‍ എന്നാണ് സൂചന. കേസില്‍ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
🅾️ കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസില്‍ പ്രാഥമിക വിചാരണ നടപടികള്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഇന്ന് തുടങ്ങും. സിലി വധക്കേസാണ് ആദ്യം പരിഗണിക്കുക. പ്രാഥമിക വാദം കേട്ട ശേഷമാകും തുടര്‍ വിചാരണ നടപടികള്‍ എന്നു തുടങ്ങണമെന്ന് കോടതി തീരുമാനിക്കുക
🅾️ സംസ്ഥാനത്ത് കൊവിഡ് മരണം 16 ആയി. ഇന്നലെ കൊവിഡ് ബാധിച്ചു മരിച്ച തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്റെ സംസ്കാരം ഇന്ന് നടക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും ചടങ്ങുകള്‍ നടക്കുക. കഴിഞ്ഞ ദിവസമാണ് 87 കാരനായ കുമാരന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
🇮🇳 ദേശീയം 🇮🇳
———————–>>>>>>>>>>
🅾️ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 256,563 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇന്ന് മാത്രം 9,941 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 228 പേര്‍ക്ക് ഞായറാഴ്ച ജീവന് നഷ്ടമാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 7,174 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ ഞായറാഴ്ച 3,007 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 85,975 ആയി.
🅾️ ലോക്ഡൗണ്‍ ഇളവിന്റെ ഭാഗമായി രാജ്യത്ത് ഷോപ്പിങ് മാളുകളും ഹോട്ടലുകളും ഇന്ന് ( തിങ്കളാഴ്ച ) മുതല്‍ തുറക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും പ്രവര്‍ത്തനം. സംസ്ഥാനത്ത് തിങ്കളാഴ്ച ശുചീകരിച്ച് ചൊവ്വാഴ്ച മാളുകള്‍ തുറക്കും. പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും പുറത്തുവിട്ടിരുന്നു. അകലം പാലിക്കല്‍, ഹാന്‍ഡ് സാനിറ്റൈസറുകളുടെ ഉപയോഗം, ശ്വസന മര്യാദ പാലിക്കല്‍, മാസ്ക് ധരിക്കല്‍, പാര്‍സല്‍ വില്പന പ്രോത്സാഹിപ്പിക്കല്‍, അണുമുക്തമാക്കല്‍ എന്നിവ നിര്‍ദേശങ്ങളില്‍ ചിലതാണ്.
🅾️ ഗുജറാത്തില്‍ 65 കോണ്‍ഗ്രസ് എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ ലോക്ഡൗണ്‍ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് കേസ്. രാജ്കോട്ടിലെ നീല്‍സിറ്റി റിസോര്‍ട്ട് ഉടമക്കും മാനേജര്‍ക്കും എതിരെ െപാലീസ് കേസെടുത്തു. തിങ്കളാഴ്ചക്കു മുമ്പ് വ്യവസ്ഥ ലംഘിച്ച് തുറന്നതിനാണ് റിസോര്‍ട്ടിനെതിരെ കേസ്. ബി.ജെ.പിയുടെ ചാക്കിട്ടുപിടിത്തം തടയാന്‍ രാജ്കോട്ട്, അംബാജി, ആനന്ദ് എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്നത്.
🅾️ തമിഴ്നാട്ടിലെ കോവിഡ് രോഗികളില്‍ 86 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി കെ.പളനിസ്വാമി. ലോക്ക്ഡൗണും അനുബന്ധ നിയന്ത്രണങ്ങളും മഹാമാരിയെ തടയാന്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ചും ചില വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴും സംസ്ഥാനത്തിന്റെ മരണനിരക്ക് കുറവാണെന്നും പളനിസ്വാമി കൂട്ടിച്ചേര്‍ത്തു. കോവിഡ് സംസ്ഥാനത്തിന്റെസമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചെങ്കിലും, അത് വീണ്ടെടുക്കുന്നതിന് വിവിധ നടപടികള്‍ ആവിഷ്കരിച്ചു കഴിഞ്ഞതായും പളനിസ്വാമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.തമിഴ്നാട്ടില്‍ ഇതുവരെ 30,152 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 251 പേര് മരിക്കുകയും ചെയ്തു
🅾️ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി) പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ കെ.എസ്. ദത്വാലിയക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ മുഖ്യ വക്താവ് കൂടിയായ അദ്ദേഹത്തെ എ.ഐ.ഐ.എം.എസില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കേന്ദ്ര കാബിനറ്റിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, നരേന്ദ്ര സിങ് തോമര്‍, പ്രകാശ് ജാവദേകര്‍ എന്നിവര്‍ തിങ്കളാഴ്ചയും ബുധനാഴ്ചയും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ക്കൊപ്പം ദത്വാലിയയും വേദി പങ്കിട്ടിരുന്നു. നാഷണല്‍ മീഡിയ സെന്ററിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു
🅾️ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയില്‍ നിന്ന് 5,683.50 കോടി രൂപ സമാഹരിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ഇതോടെ റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമിന്റെ 1.16 ശതമാനം ഓഹരി പകരമായി അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനയായ എഡിഐഎക്ക് (അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി) ലഭിക്കും. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ഉള്‍പ്പെടുന്ന ജിയോ പ്ലാറ്റ്ഫോംസ് യുഎസ് ആസ്ഥാനമായുള്ള ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കുള്ളില്‍ സമാഹരിച്ചത് 97,885.65 കോടി രൂപയാണ്. ജിയോ പ്ലാറ്റ്ഫോമുകളുടെ ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റര്‍പ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമായി ഉയരാന്‍ എഡിഐഎ നിക്ഷേപം സഹായിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
🅾️ കൊവിഡ് -19 പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടമായവര്‍ക്ക് ക്യാഷ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്കീം വഴി ധനസഹായം ഉറപ്പാക്കണമെന്ന് സിഐഐ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി) പ്രസിഡന്റ് ഉദയ് കൊട്ടക്. 25,000 രൂപയ്ക്ക് താഴെ ശമ്പളം വാങ്ങുന്നവരുടെ സ്ഥിതി അപകടകരമാണ്. ഇത്തരക്കാരില്‍ തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് സര്‍ക്കാര്‍ പണം നേരിട്ട് കൈമാറുന്ന സ്കീം ആരംഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
🅾️ കേന്ദ്ര സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായിരുന്നെന്നും വിമര്‍ശനം അടിസ്ഥാന രഹിതമായിരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം തെറ്റിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഭ്യമായ വിവരങ്ങളുടെയും അറിവുകളുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
🌍 അന്താരാഷ്ട്രീയം 🌎
———————–>>>>>>>>>
🅾️ ലോകത്ത് കോവിഡ് ബാധിതര്‍ 70 ലക്ഷം പിന്നിട്ടു. നാലുലക്ഷത്തിലധികം പേര്‍ക്ക് ജീവന് നഷ്ടമായി. അമേരിക്കയില്‍ മാത്രം 20 ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിക്കുകയും 1.12 ലക്ഷത്തിലധികം പേര് മരണപ്പെടുകയും ചെയ്തു. 6.76 ലക്ഷം രോഗികളുള്ള ബ്രസീലില്‍ 36,000ത്തിലധികം പേരാണ് മരിച്ചത്. 2.84 ലക്ഷം രോഗികളുള്ള ബ്രിട്ടനില്‍ 40,465 പേരാണ് മരിച്ചത്. 4.67 ലക്ഷം രോഗികളുള്ള റഷ്യയില്‍ 5,859 മരണവും 2.88 ലക്ഷം രോഗികളുള്ള സ്പെയിനില്‍ 27,000ത്തിലധികം മരണവുമുണ്ടായി. ചൈനയില്‍ 83,036 രോഗികളും 4634 മരണവുമാണുള്ളത്. ഇറ്റലിയില്‍ 2.35 ലക്ഷം പേരെ ബാധിച്ചപ്പോള്‍ 34,000ത്തോളം പേര്‍ക്ക് ജീവന് നഷ്ടമായി. രോഗികളുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ട ഇന്ത്യ ലോകതലത്തില്‍ ആറാം സ്ഥാനത്താണ്.7000ത്തോളം പേരാണ് മരിച്ചത്.
🅾️ അതിര്‍ത്തിമേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി ധാരണയായെന്ന് ഇന്ത്യ പറയുന്നതിനിടെ, ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള സൈനിക സന്നാഹത്തിന്റെ പ്രചാരണ വിഡിയോ പുറത്തുവിട്ട് ചൈനീസ് സേന. ചൈനീസ് സര്‍ക്കാറിെന്റ മാധ്യമമായ ‘ഗ്ലോബല്‍ ടൈംസ്’ ആണ് വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ (പി.എല്‍.എ) ആയിരക്കണക്കിന് സൈനികരും ടാങ്കുകളടക്കമുള്ള സൈനിക വാഹനങ്ങളും വ്യോമസേനാംഗങ്ങളുമൊക്കെ വിഡിയോയില്‍ അണിനിരക്കുന്നുണ്ട്. മധ്യചൈനയിലെ ഹുബെയ് പ്രവിശ്യയില്‍നിന്ന് വടക്കുപടിഞ്ഞാറന്‍ മേഖലയിലേക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സൈനിക നീക്കം സാധ്യമാണെന്ന കുറിപ്പോടെയാണ് ‘ഗ്ലോബല്‍ ടൈംസ്’ വിഡിയോ പങ്കുവെച്ചിരിക്കുന്നത്
🅾️ വംശീയ വിദ്വേഷത്തിന്റെ ഇരയായി പോലീസുകാരുടെ ക്രൂരതയേറ്റ് കൊല്ലപ്പെട്ട ജോര്‍ജ് ഫ്ളോയിഡിന്റെ സംസ്ക്കാര ചടങ്ങുകള്‍ക്ക് മുന്നേ ജോ ബൈഡന് തിങ്കളാഴ്ച ഹൂസ്റ്റണില്‍ എത്തി ഫ്ളോയിഡിന്റെ കുടുംബത്തെ കണ്ട് അനുശോചനവും പിന്തുണയും അറിയിക്കും. ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനിയായ ബൈഡന് ഫ്ളോയ്ഡ് കുടുംബത്തിലെ അംഗങ്ങളെ അനുശോചനം അറിയിക്കുമെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടാതെ ഫ്ളോയിഡിന്റെ ശവസംസ്കാര ശുശ്രൂഷയ്ക്കായി ചൊവ്വാഴ്ച ഒരു വീഡിയോ സന്ദേശവും റെക്കോര്‍ഡുചെയ്യുമെന്ന് അദ്ദേഹത്തിന്റെ സഹായി പറഞ്ഞു.എന്നാല്‍, ബൈഡന് സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സംസ്ക്കാരം സ്വകാര്യമായി നടത്തുന്നതിനാല്‍ അതിന് ഭംഗംവരാന് താല്പര്യപ്പെടുന്നില്ലെന്നും ബൈഡനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
🅾️ ബ്രസീലില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴു ലക്ഷത്തോടടുക്കുന്നു. വേള്‍ഡോമീറ്റേഴ്സിന്റെ കണക്കു പ്രകാരം ബ്രസീലില്‍ ഇതുവരെ 691,962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 36,000 പിന്നിട്ടിരുന്നു. ശനിയാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചത് 27,581 പേര്‍ക്ക്. 910 പേരാണ് ഒറ്റ ദിവസം കോവിഡ് ബാധിതരായി ബ്രസീലില്‍ മണപ്പെട്ടത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കയ്ക്കു പിന്നിലായി രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. അതേസമയം, ബ്രസീലിലെ കണക്കുകള്‍ പരസ്യപ്പെടുത്തില്ലെന്നാണ് അവിടത്തെ സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചത്.രോഗവ്യാപനത്തിന്റെ തീവ്രത മറയ്ക്കാനാണ് ബ്രസീലിയന്‍ സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നു വിമര്‍ശനമുണ്ട്. രോഗബാധിതരിലും മരണത്തിലും യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. അവിടെ രോഗബാധിതര്‍ 20 ലക്ഷത്തോട് അടുത്തു. മരണം 1.12 ലക്ഷത്തിന് മുകളിലും.
🅾️ പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ജോ ബൈഡന് പരസ്യ പിന്തുണയുമായി മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും റിപ്പബ്ലിക്കനുമായ കോളിന് പവല്‍. ട്രംപ് ഭരണഘടനയില്‍ നിന്ന് അകന്നുപോയതായി ആരോപിച്ച പവല്‍ തന്റെ അംഗീകാരം ജോ ബൈഡനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡോണാള്‍ഡ് ട്രംപിന്റെ എതിരാളിയെ പരസ്യമായി പിന്തുണയ്ക്കുന്ന ആദ്യത്തെ പ്രധാന റിപ്പബ്ലിക്കന്‍ നേതാവാണ് കോളിന് പവല്‍. റിപ്പബ്ലിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്ഡബ്ല്യു ബുഷിന്റെ കീഴില്‍ 1991 ലെ ഇറാഖില്‍ നടന്ന ഗള്‍ഫ് യുദ്ധത്തില്‍ യുഎസ് സൈന്യത്തെ നയിച്ച പവല്‍, പിന്നീട് പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷിന് കീഴില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെയും നയിച്ചു.ട്രംപ് യുഎസ് ഭരണഘടനയില്‍ നിന്ന് വ്യതിചലിച്ചുവെന്നും ഈ നടപടി രാജ്യത്തിനും ജനാധിപത്യത്തിനും അപകടമുണ്ടാക്കുമെന്നും പവല്‍ പറഞ്ഞു.
🅾️ കറുത്ത വംജനായ ജോര്‍ജ് ഫ്ലോയ്ഡ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം 12ാം ദിനവും ശക്തമായി തുടരുന്നു. അമേരിക്ക സമീപകാലത്ത് ദര്‍ശിച്ച ഏറ്റവും വലിയ റാലികള്‍ക്കാണ് ശനിയാഴ്ച വിവിധ നഗരങ്ങള്‍ സാക്ഷ്യം വഹിച്ചത്. അമേരിക്കക്കൊപ്പം നാല് ഭൂഖണ്ഡങ്ങളിലെ വിവിധ നഗരങ്ങളിലും വംശീയതക്കും കറുത്തവരോടുള്ള നീതി നിഷേധത്തിനുമെതിരെ പ്രതിഷേധം അരങ്ങേറി. അമേരിക്കയിലെ ചില നഗരങ്ങളില്‍ കറുത്തവരുംവെളുത്തവരും ഒന്നിച്ച് നൃത്തം ചെയ്ത് വംശീയവെറിക്കെതിരെ പ്രതിഷേധിക്കുന്ന കാഴ്ച സമരത്തിന്റെ രൂപം മാറുന്നതിനും തെളിവായി.തെരുവുകളും റോഡിലെ ഇന്റര്സെക്ഷനുകളുമെല്ലാം പ്രതിഷേധ നൃത്തവേദികളായി മാറുകയായിരുന്നു. നോര്‍ത് കരോലിനയില്‍ ജോര്‍ജ് ഫ്ലോയ്ഡിന്റെ ശവപേടകം കാണാന്‍ ദുഃഖിതരായ ആയിരങ്ങളാണ് കാത്തുനിന്നത്. ഫ്ലോയ്ഡിന്റെ മൃതദേഹം സംസ്കാരം നടക്കുന്ന ഹൂസ്റ്റണില്‍ എത്തിച്ചു. ഫ്ലോയ്ഡിന്റെ കുടുംബവും എത്തി. ചൊവ്വാഴ്ച പേള്‍ ലാന്‍ഡിലാണ് സംസ്കാരം.