കണ്ടെയ്നര്‍ വിഭാഗത്തിലുള്ള രണ്ടാമത്തെ കപ്പല്‍ ബുധനാഴ്ച രാവിലെ വിഴിഞ്ഞം പുറംകടലിലടുക്കും

ജീവനക്കാരെ കരയിലിറക്കുന്നതിനും പകരം തിരികെ കയറ്റുന്നതിനുമായി എവര്‍ഗിഫ്റ്റഡ് എന്ന കപ്പലാണെത്തുക.നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാം തുറമുഖത്തുനിന്ന് കൊളംബോയിലേക്കു പോകുന്ന വഴിയാണ് കപ്പല്‍ വിഴിഞ്ഞത്ത് നാല് മണിക്കൂറോളം പുറംകടലില്‍ നിര്‍ത്തിയിടുക. രാവിലെ ഏഴോടെയെത്തുന്ന കപ്പലില്‍നിന്ന് 12 ജീവനക്കാര്‍ കരയിലിറങ്ങും. ഇവര്‍ക്ക് പകരം 12 പേര്‍ വിഴിഞ്ഞം തീരത്തുനിന്ന് തിരികെ കപ്പലിലേക്കു കയറും.തീരത്തുനിന്ന് ഏകദേശം ഏഴ് കിലോമീറ്റര്‍ ദൂരെയാവും കപ്പല്‍ നിര്‍ത്തിയിടുകയെന്ന് തുറമുഖ വകുപ്പ് അധികൃതര്‍ അറിയിച്ചു.കപ്പലില്‍നിന്ന് ഇറങ്ങുന്ന ജീവനക്കാരെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പരിശോധനകള്‍ക്ക് വിധേയമാക്കും.കൊച്ചിയില്‍ നിന്നെത്തുന്ന തുറമുഖ വകുപ്പിന്റെ മെഡിക്കല്‍ സംഘമാണ് ജീവനക്കാരെ പരിശോധിക്കുക. ഇതിനുശേഷം ഇവരെ കോവളത്തുള്ള സ്വകാര്യ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കും.കപ്പലിലേക്കു കയറാനെത്തുന്നവരെയും കോവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കും.കഴിഞ്ഞയാഴ്ച വിഴിഞ്ഞം പുറംകടലില്‍ വന്നുപോയ എവര്‍ഗ്ലോബ്(എവര്‍ഗ്രീന്‍) ചരക്കുകപ്പലിന്റെ അതേ വിഭാഗത്തിലുള്ളതാണ് എവര്‍ഗിഫ്റ്റഡ് കണ്ടെയ്നര്‍ കപ്പല്‍.400 മീറ്റര്‍ നീളവും 58 മീറ്റര്‍ വീതിയുമുള്ള കപ്പല്‍ മണിക്കൂറില്‍ 18 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് സഞ്ചരിക്കുക. മഹാരാഷ്ട്ര സ്വദേശിയായ സുനില്‍ പാഗോട്ടാണ് ക്യാപ്ടന്‍. ഇമിഗ്രേഷന്‍, കസ്റ്റംസ്, കോസ്റ്റല്‍ പോലീസ്, തുറമുഖ വകുപ്പ് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കപ്പല്‍ ജീവനക്കാരെ പുറത്തിറക്കുന്നതും കയറ്റുന്നതും.വിഴിഞ്ഞത്തുള്ള മറൈന്‍ എന്‍ഫോഴ്സ്‌മെന്റിന്റെ പട്രോളിങ് ബോട്ടുകളിലൊന്നിലാണ് കസ്റ്റംസിന്റെയും ഇമിഗ്രേഷന്റെയും ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കാ‌യി കപ്പലിലെത്തുക. കയറാനും ഇറങ്ങാനുമുള്ള ജീവനക്കാര്‍ക്ക് മറ്റൊരു ബോട്ടും ഉപയോഗിക്കും.സിനെര്‍ജി മാരിടൈം, ഫ്രോണ്‍ടീയര്‍ ഷിപ്പിങ്, ആര്‍വി ഷിപ്പിങ് എന്നീ കമ്ബനികളുടെ നേതൃത്വത്തിലാണ് കപ്പലെത്തിക്കുക

Comments (0)
Add Comment