കോവിഡിന്റെ പിടിയിലമര്‍ന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഒടുവില്‍ സാധാരണ നിലയിലേക്ക്

ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാവുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുകയും ചെയ്തു. അതേസമയം കേരളത്തില്‍ കോവിഡ് പിടിമുറുക്കുകയാണ്. ബുധനാഴ്ച ഒറ്റ ദിവസം മാത്രം ആദ്യമായി ആയിരത്തിന് മുകളില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. കേരളത്തില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ മടക്കയാത്ര മാറ്റിവെച്ചു.
നേരത്തെ അനുമതി ലഭിച്ച ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കി. യു എ ഇയില്‍ നിന്നു ദിവസേന 10 സര്‍വീസുകള്‍ വരെ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഖത്തറില്‍ നിന്നു നിലവില്‍ വന്ദേഭാരത് വിമാനങ്ങള്‍ മാത്രമാണ് ഇന്ത്യയിലേക്കുള്ളത്. ബഹ്‌റൈനില്‍ നിന്നും നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. സൗദിയിലും കുവൈത്തിലും ഒമാനിലും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്രക്കാരില്ല.
ഇന്ത്യയിലേക്കു മടങ്ങാന്‍ യു എ ഇയില്‍ 5.46 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 2.06 ലക്ഷം മാത്രമാണ് യാത്ര തിരിച്ചത്. ഖത്തറില്‍ പൊതുഗതാഗത സംവിധാനങ്ങള്‍, തിയേറ്ററുകള്‍ തുടങ്ങിയവ ഒഴികെയുള്ള മേഖലകള്‍ സജീവമായിക്കഴിഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് സ്‌കൂളുകളില്‍ പഠനം പുനരാരംഭിക്കും. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവേശനാനുമതിയും നല്‍കിയിട്ടുണ്ട്.
അതേസമയം കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനം ഒരുക്കാനുള്ള ശ്രമത്തിലാണ് പല സംഘടനകളും.

Comments (0)
Add Comment