കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അക്ഷയ് കുമാറിന്റെ സഹതാരം ജീവിക്കാനായി പച്ചക്കറി വില്‍ക്കുന്നു

ലോക്ക്ഡൗണ്‍ കാലത്ത് പിടിച്ചുനില്‍ക്കുക പ്രയാസമായതോടെ ഉപജീവനത്തിനായി മറ്റുജോലികള്‍ തേടുകയാണ് അഭിനേതാക്കള്‍. ബോളിവുഡ് നടന്‍ കാര്‍ത്തിക സാഹൂവാണ് ഇപ്പോള്‍ ഇക്കൂട്ടത്തില്‍ ഒടുവിലത്തേത്.ഒഡീഷക്കാരനായ കാര്‍ത്തിക സാഹൂ അഭിനയ മോഹവുമായി പതിനേഴാം വയസിലാണ് മുംബൈയിലേക്ക് വണ്ടി കയറുന്നത്. ആദ്യകാലങ്ങളില്‍ സിനിമാ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയുമെല്ലാം ബോഡിഗാര്‍ഡായിരുന്നു സാഹൂ. അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം കാവലായി സാഹൂ കൂടി. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം 2018 മുതലാണ് സിനിമകളില്‍ ചെറിയ ആക്ഷന്‍ രംഗങ്ങളിലെല്ലാം അഭിനയിക്കാന്‍ സാഹൂവിന് അവസരം ലഭിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് പല സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തുവെങ്കിലും ഒന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 2020 സാഹൂവിനെ സംബന്ധിച്ച്‌ ഏറെ പ്രതീക്ഷയുള്ള വര്‍ഷമായിരുന്നു. എന്നാല്‍ കോവിഡ് 19 ആ ഭാഗ്യപരീക്ഷണത്തില്‍ നിന്നും അദ്ദേഹത്തെ പിറകോട്ട് വലിക്കുകയായിരുന്നു.അക്ഷയ് കുമാര്‍ നായകനായ ‘സൂര്യവംശി’യാണ് സാഹൂ ഏറ്റവും ഒടുവില്‍ ചെയ്ത ചിത്രം. ഇതില്‍ അക്ഷയ്‌ക്കൊപ്പം ഒരു ഫൈറ്റ് സീനിലാണ് സാഹൂ അഭിനയിച്ചത്. സിനിമ ശ്രദ്ധിക്കപ്പെട്ടാല്‍ കൂടുതല്‍ അവസരങ്ങള്‍ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലിരിക്കെയായിരുന്നു കൊറോണയെന്ന വില്ലന്റെ കടന്നുവരവ്. ഇതോടെ സിനിമയില്‍ നിന്ന് മാറിനില്‍ക്കേണ്ട അവസ്ഥയായി.മാര്‍ച്ചിന് ശേഷം വരുമാനമൊന്നുമില്ലാത്ത സാഹചര്യമായി. കൈയിലുണ്ടായിരുന്ന ചെറിയ സമ്ബാദ്യവും തീര്‍ന്നു. ഇതോടെ ജീവിക്കാനായി പച്ചക്കറി കച്ചവടത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് സാഹൂ. ഭുവനേശ്വറിലെ റസൂല്‍ഗഡില്‍ വഴിയരികിലായാണ് സാഹൂ കച്ചവടം തുടങ്ങിയിരിക്കുന്നത്.

Comments (0)
Add Comment