ടിക്ക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വീണ്ടും 275 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ തയ്യാറെടുക്കുന്നതായി സൂചന. ഡേറ്റാ ചോര്‍ച്ചയും ദേശീയ സുരക്ഷയും മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തതെന്നാണ് പുറത്തു വരുന്ന വിവരം.അമേരിക്കയില്‍ ചൈനീസ് ആപ്പുകള്‍ കൂട്ടത്തോടെ നിരോധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ കടുത്ത നടപടിയിലേക്ക് ഇന്ത്യയും നീങ്ങുന്നത് എന്നാണ് സൂചന. സുരക്ഷാ കാരണങ്ങളും വിവരചോര്‍ച്ചയും സ്വകാര്യത ലംഘനവും മുന്‍നിര്‍ത്തിയാണ് ആപ്പുകള്‍ നിരോധിക്കുന്നതെന്നും രാജ്യത്തെ പൗരന്‍മാരുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ ഐടി നിയമങ്ങള്‍ പരിഷ്‌കരിക്കുന്ന നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പബ്ജി (Pubg), സിലി (Zili), അലി എക്‌സ്പ്രസ് (Ali Exprsse), ലുഡോ വേള്‍ഡ് (Ludo World), തുടങ്ങി ഇന്ത്യയില്‍ ഏറെ ഉപയോഗത്തിലുള്ള പല ആപ്പുകളും രണ്ടാം ഘട്ട ഡിജിറ്റല്‍ സ്‌ട്രൈക്കില്‍ നിരോധിക്കപ്പെട്ടേക്കും. ചൈനീസ് ആപ്പുകള്‍ കൂടാതെ ചൈനീസ് കമ്ബനികളുടെ നിക്ഷേപമുള്ള ആപ്പുകളും നിരോധിക്കുമെന്നാണ് സൂചന.