ദില്‍ ബേചാരാ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധകര്‍

അകാലത്തില്‍ അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത് മുകേഷ് ഛബ്രയുടെ സംവിധാനത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം ദില്‍ ബേചാരായ്ക്ക് വന്‍ വരവേല്‍പ്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ആരാധകരിലേക്ക് എത്തിയ ചിത്രം ആരാധകരെയും അല്ലാത്തവരെയും തൃപ്തിപ്പെടുത്തുന്നതാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

സമൂഹമാധ്യമങ്ങളില്‍ ദില്‍ ബേചാരായെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ട്രെന്‍ഡിങ്ങാണ്. അറം പറ്റിപ്പോയ സിനിമയാണെന്നാണ് ചില ആരാധകരെങ്കിലും ചിത്രത്തെക്കുറിച്ച്‌ പറയുന്നത്. സിനിമയിലെ നായകന്റെ വിയോഗവും യഥാര്‍ഥ ജീവതത്തിലെ സുശാന്തിന്റെ വേര്‍പാടുമൊക്കെ ആരാധകര്‍ ഒന്നായി കാണുന്ന അവസ്ഥയാണ് പലരുടെയും അഭിപ്രായപ്രകടനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രം ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു ഒരുക്കിയിരിക്കുന്നതാണ്. ഇതേ പേരില്‍ ഹോളിവുഡിലും ഇതേ കഥ സിനിമയായി 2014ല്‍ ഇറങ്ങിയിട്ടുണ്ട്. ദില്‍ ബേചാരയില്‍ സുശാന്തിനൊപ്പം സെയ്ഫ് അലി ഖാനും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. പുതുമുഖമായ സഞ്ജനയാണ് നായിക.


സിനിമയുടെ ഗുണദോഷങ്ങള്‍ക്കപ്പുറം സുശാന്തിനോട് തങ്ങള്‍ക്കുള്ള സ്‌നേഹവായ്പ്പ് പങ്കുവെക്കുകയാണ് ആരാധകരില്‍ പലരും. ‘ഉടനീളം കരഞ്ഞു. ഓരോ അഞ്ച് മിനുറ്റിലും രോമാഞ്ചം കൊണ്ടു’ എന്നാണ് ഒരു പ്രേക്ഷകന്റെ ട്വീറ്റ്. മറ്റു പല സുശാന്ത് സിനിമകളെയും പോലെ ജീവിതത്തെയും മരണത്തെയും സ്‌നേഹത്തെയും കുറിച്ചാണ് ദില്‍ ബേചാരയും സംസാരിക്കുന്നതെന്നും പല രംഗങ്ങള്‍ക്കും ആഴത്തിലുള്ള അര്‍ഥമുണ്ടെന്നും മറ്റൊരു പ്രേക്ഷകന്‍ കുറിയ്ക്കുന്നു. ഒരു മണിക്കൂര്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ‘മാനി’ എന്ന് വിളിപ്പേരുള്ള ‘ഇമ്മാനുവല്‍ രാജ്കുമാര്‍ ജൂനിയര്‍’ എന്ന കഥാപാത്രത്തൊയാണ് സുശാന്ത് അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കു ശേഷം ഈ പേരും ട്വിറ്ററില്‍ ട്രെന്റിംഗ് ആണ്.

ദില്‍ ബേചാര, സുശാന്ത് സിംഗ് രാജ്പുത് എന്നിവയും ട്രെന്റിംഗ് ടോപ്പിക്കുകള്‍ തന്നെ. അന്‍പതിനായിരത്തോളം ട്വീറ്റുകളാണ് സുശാന്ത് സിംഗ് രാജ്പുത് എന്ന ടാഗില്‍ ഇതിനകം എത്തിയിരിക്കുന്നത്.ഓഡിയന്‍സ് റേറ്റിംഗ് പ്ലാറ്റ്‌ഫോം ആയ ഐഎംഡിബിയിലും സുശാന്തിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയാണ് ആരാധകര്‍. പത്തില്‍ പത്താണ് ചിത്രത്തിന് അവിടെ ലഭിച്ച റേറ്റിംഗ്. ഗൂഗിളില്‍ ചിത്രം ഇതിനകം റേറ്റ് ചെയ്ത 99 ശതമാനം പേരും ചിത്രം തങ്ങള്‍ക്ക് ഇഷ്ടമായെന്ന് പറയുന്നു. 27,000 പേര്‍ ഗൂഗിളില്‍ റേറ്റ് ചെയ്തതില്‍ നിന്ന് ചിത്രത്തിന് ലഭിച്ചിരിക്കുന്നതും ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ആണ്.ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം മെയ് മാസത്തില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് മാറ്റി വച്ച സിനിമ സുശാന്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുന്നത്.മലയാളത്തില്‍ കാളിദാസ് ജയറാമിനെ നായകനാക്കി ബാക്ക് പാക്കേഴ്‌സ് എന്ന പേരില്‍ ജയരാജും ഇതേ കഥ സിനിമയാക്കുന്നുണ്ട്. ചിത്രീകരണം അവസാനിച്ച ആ സിനിമയും റിലീസിന് തയാറെടുക്കുകയാണ്.

Comments (0)
Add Comment