‘ദുര്‍ബലരായ ബാഴ്‌സ റയലിനെ കിരീടം നേടാന്‍ സഹായിച്ചു’ രൂക്ഷവിമര്‍ശനവുമായി മെസി

വിയ്യറയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത റയല്‍ മാഡ്രിഡ് മൂന്ന് വര്‍ഷത്തിന് ശേഷം ലാ ലീഗ ചാമ്ബ്യന്മാരായി. ജേതാക്കളായിക്കൊണ്ട് തന്നെ റയല്‍ സീസണ്‍ അവസാനിപ്പിച്ച അതെ ദിവസമാണ് ലീഗില്‍ രണ്ടാമന്മാരായ ബാഴ്‌സലോണ ദുര്‍ബലരായ ഒസാസുനയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുന്നത്. സീസണിലെ ആറാമത്തെ മത്സരത്തിലാണ് ബാഴ്‌സ പരാജയപ്പെടുന്നത്.”ഇതേ പോലെ സീസണ്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഈ സീസണ്‍ എന്തായിരുന്നു എന്നതിന്റെ ചിത്രം തരുന്നതാണ് ഈ മത്സരം. ഞങ്ങള്‍ അത്യന്തം ദുര്‍ബലരായ, ഒട്ടും വീര്യമില്ലാത്ത ടീമായാണ് കളിച്ചത്. ഇതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ക്ക് കുറെ പോയിന്റ് നഷ്ടമായത്. ഈ സീസണിന്റെ ചുരുക്കമാണ് ഇന്നത്തെ മത്സരം,” ഏറെ ക്ഷുഭിതനായി കാണപ്പെട്ട ബാഴ്‌സലോണ നായകന്‍ പറഞ്ഞു.ബാഴ്‌സ സ്വയം വിമര്ശനം നടത്തണമെന്നും മെസി അഭിപ്രായപ്പെട്ടു. താരങ്ങളില്‍ നിന്ന് തുടങ്ങണം. എല്ലാം ജയിക്കേണ്ട ടീമാണ് ബാഴ്‌സലോണ. മാഡ്രിഡിനെ നോക്കിയിരക്കുകയല്ല വേണ്ടത്.. മാഡ്രിഡ് അവരുടെ ജോലി ചെയ്തു. പക്ഷെ അവരെ ഒരുപാട് സഹായിക്കുന്നതായിരുന്നു സീസണില്‍ ബാഴ്‌സയുടെ പ്രകടനമെന്നും മെസി കുറ്റപ്പെടുത്തി.ഇതേ രീതിയിലാണ് കളിക്കുന്നതെങ്കില്‍ ബാഴ്‌സയ്ക്ക് ചാമ്ബ്യന്‍സ് ലീഗും നഷ്ടമാകും. ചാമ്ബ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കണമെങ്കില്‍ നാപ്പോളിക്കെതിരായ മത്സരം ബാഴ്സ ജയിച്ചേ തീരു. അതിന് മുന്‍പ് ടീം പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മെസി പറഞ്ഞു.നേരത്തെ സ്‌ട്രൈക്കര്‍ സുവാരസും ബാഴ്‌സയുടെ പ്രകടനത്തെ വിമര്‍ശിച്ച്‌ മുന്നോട്ടുവന്നിരുന്നു. സ്വയം വിമര്‍ശനത്തോടെയാണ് ബാഴ്‌സലോണ ലാ ലീഗ സീസണ്‍ വിലയിരുത്തേണ്ടത് എന്നായിരുന്നു സുവാരസിന്റെ പ്രതികരണം.

Comments (0)
Add Comment