നിരവധി ബോട്ടുകളും ഹൗസ് ബോട്ടുകളും ഷിക്കാര വള്ളങ്ങളും ഉപയോഗപ്പെടുത്തി കോവളം വിനോദ സഞ്ചാര കേന്ദ്രത്തെയും ആക്കുളം, വേളി ടൂറിസ്റ്റ് വില്ലേജുകളെയും ഉള്‍പ്പെടുത്തി പാര്‍വതി പുത്തനാര്‍ വഴി കഠിനംകുളം കായല്‍ തൊട്ട് വടക്കോട്ടുള്ള വിനോദ, വാണിജ്യ ജലപാത സജ്ജമാകുന്നതോടെ സംസ്ഥാന തലസ്ഥാനം ഏറ്റവും മികച്ച ഒഴിവുകാല വിനോദ സഞ്ചാര കേന്ദ്രമായി മാറും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കാക്കത്തുരുത്ത്, പെരുമാതുറപാലം, മുതലപ്പൊഴി, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, പൊന്നുംതുരുത്ത്, പണയില്‍ക്കടവ് , അകത്തുമുറിവരെയുള്ള പ്രദേശം തുടങ്ങിയ ഇടങ്ങള്‍ തെക്കന്‍ കേരളത്തിന്റെ കായല്‍ ടൂറിസത്തിന്റെ മുഖമുദ്രയായിമാറും.രാജഭരണകാലത്ത് തെക്കന്‍ തിരുവിതാംകൂറില്‍നിന്ന് വടക്കോട്ട് യാത്രചെയ്യുന്ന യാത്രക്കാരുടെ പ്രധാന ഇടത്താവളമായിരുന്ന കഠിനംകുളം കായലിനെ വേളി കായലുമായും ആക്കുളം കായലുമായും ബന്ധിപ്പിച്ച് പാര്‍വതി പുത്തനാര്‍ നിര്‍മ്മിച്ചതോടെയാണ് കെട്ടുവള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള ജലയാനങ്ങള്‍ക്ക് ചാക്ക വരെ എത്താന്‍ കഴിഞ്ഞത്. ദീര്‍ഘ വീക്ഷണത്തോടെ നിര്‍മ്മിച്ച പുത്തനാറിന്റെ മുഖമുദ്രകളായിരുന്നു പാറക്കല്ലില്‍ തീര്‍ത്ത കുളിക്കടവുകളും ബോട്ടുജെട്ടികളും. ദീര്‍ഘദൂര യാത്രകള്‍ക്കും ചരക്ക് ഗതാഗതത്തിനും ആളുകള്‍ ഏറെ ആശ്രയിച്ചിരുന്ന പ്രധാന ജലപാതയായി പാര്‍വതി പുത്തനാര്‍ അക്കാലത്ത് മാറുകയായിരുന്നു. റോഡ് മാര്‍ഗ്ഗങ്ങള്‍ സാര്‍വത്രികമായതോടെ പില്‍ക്കാലത്ത് യാത്രാവള്ളങ്ങളുടെ വരവ് കുറയുകയും തൊണ്ടുവള്ളങ്ങളുടെ പ്രധാന സഞ്ചാര പാതയായി പാര്‍വതി പുത്തനാര്‍ പരിണമിക്കുകയും ചെയ്തു. 1970കളുടെ തുടക്കത്തില്‍, അനധികൃത മണല്‍വാരലിന്റെയും കയ്യേറ്റങ്ങളുടെയും ഫലമായി പുത്തനാറിന്റെ അവസ്ഥ ഏറെ ദയനീയമായിതീര്‍ന്നു. അനിയന്ത്രിത മണലൂറ്റിനെ തുടര്‍ന്ന് ഇരുകരകളും ഇടഞ്ഞു താഴുകയും ആഴം കുറഞ്ഞതോടെ തൊണ്ടുവള്ളങ്ങള്‍ പുത്തനാറിനോട് വിട പറയുകയും ചെയ്തു.
പദ്ധതി മികച്ചതാകാന്‍
പാര്‍വതി പുത്തനാര്‍ മുതല്‍ കഠിനംകുളം കായല്‍വരെ എല്ലാത്തരം ബോട്ടുകള്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന പഴയ രാജ ഭരണകാലത്തെ ജലപാത പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ആദ്യ നടപടി. ഇതിനായി അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്ത്, വേലിയിറക്ക സമയത്തെ പ്രശ്നങ്ങള്‍ ശാസ്ത്രീയമായി പരിഹരിച്ച് ഹൗസ് ബോട്ടുകളുടെയും യാത്രാബോട്ടുകളുടെയും സുഗമമായ സഞ്ചാരം ഉറപ്പാക്കിയാല്‍ പദ്ധതി എക്കാലത്തെയും മികച്ചതായി മാറും. കൂടാതെ പാര്‍വതി പുത്തനാറിന് സമാന്തരമായി പോകുന്ന തീരദേശ റോഡും ബോട്ടുയാത്രക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. പാര്‍വതി പുത്തനാറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നിലച്ചമട്ടാണ്. മുമ്ബ് പാതിവഴിയില്‍ ഉപേക്ഷിച്ച പാര്‍ശ്വ ഭിത്തികളുടെ നിര്‍മ്മാണം ചിലയിടങ്ങളില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇനി ശാസ്ത്രീയമായി ആഴം കൂട്ടുന്നതോടെ ജലപാത വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.