കൊറോണ കാലത്ത് ക്ലാസുകളെല്ലാം ഓണ്‍ലൈനില്‍ ആയതിനാല്‍ കുട്ടികള്‍ കൂടുതല്‍ സമയവും വീട്ടില്‍ തന്നെയാണ് ചെലവഴിക്കുന്നത്. ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വീസ് ഉള്ളതിനാല്‍ പുറമേ നിന്ന് ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം കഴിക്കുന്ന ശീലത്തിനു മാറ്റം വന്നിട്ടുമില്ല. മാത്രമല്ല കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്തുകൊടുക്കാന്‍ ഇപ്പോള്‍ അമ്മമാര്‍ക്കും ധാരാളം സമയമുണ്ട്.
എന്നാല്‍ കഴിക്കുന്ന ഭക്ഷണം കുട്ടികളുടെ പഠനത്തിലുള്ള ഏകാഗ്രത കുറയ്ക്കുന്നുണ്ടോ എന്നതും ചിന്തിക്കേണ്ടതാണ്. ഡോക്ടര്‍മാര്‍ പറയുന്നത്, കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിച്ച ശേഷമുള്ള മണിക്കൂറുകള്‍ കുട്ടികള്‍ക്ക് ഏകാഗ്രത കുറവായിരിക്കും എന്നാണ്. മുതിര്‍ന്നവരുടെ കാര്യത്തിലും ഇതേ പ്രശ്നമുണ്ട്. ദ് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധപ്പെടുത്തിയത്. സസ്യ എണ്ണയില്‍നിന്നും മാംസത്തില്‍നിന്നുമുള്ള കൊഴുപ്പിനേക്കാള്‍ സാറ്റുറേറ്റഡ് ഫാറ്റ് അഥവാ പൂരിത കൊഴുപ്പ് ആണ് പ്രധാനമായും വില്ലന്‍. സാറ്റുറേറ്റഡ് ഫാറ്റിന്റെ അമിത ഉപയോഗം ഹൃദയസംബന്ധമായ തകരാറുകള്‍ക്ക് കാരണമാകുമെന്ന് മുന്‍പേ തെളിയിക്കപ്പെട്ടതാണ്.
ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഏകാഗ്രത കുറഞ്ഞതായി കണ്ടെത്തി. ഇവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ (കൊഗ്നിറ്റീവ് സ്കില്‍സ്) ഉയര്‍ന്ന തോതില്‍ കൊഴുപ്പടങ്ങിയ ഭക്ഷണം തല്‍ക്കാലത്തേക്കു മന്ദീഭവിപ്പിച്ചതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ക്ക് ഉയര്‍ന്ന അളവിലുള്ള ഭക്ഷണം അമിതമായി കൊടുക്കുന്നത് അവരുടെ പഠനത്തിലുള്ള ഏകാഗ്രതയെ ബാധിക്കുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.