കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പള്ളികളിലും മഹല്ലുകളിലും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.പെരുന്നാള്‍ ദിനമായ ജൂലൈ 30 ന് കണ്ടെയ്ന്‍മെന്റ് സോണ്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ പള്ളികളില്‍ ആഘോഷചടങ്ങുകള്‍ ഉണ്ടാകില്ല. പള്ളികളിലെ നമസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഇപ്പോള്‍ അനുവദനീയമായ നൂറ്‌പേരെക്കാള്‍ കഴിയുന്നത്ര ചുരുക്കാന്‍ യോഗത്തില്‍ ധാരണയായി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷവും ചില പള്ളികള്‍ തുറന്നിട്ടില്ലെന്നും നിയന്ത്രണങ്ങള്‍ പാലിക്കുകയാണെന്നും കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി അഡ്വ. പി യു അലി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പള്ളികളും മഹല്ലുകളും ബലിപെരുന്നാള്‍ ദിനത്തിലും സ്വമേധയാ നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന് കെ എന്‍ എം മണ്ഡലം പ്രസിഡന്റ് പി കെ അബ്ദുള്ള അറിയിച്ചു. നഗരത്തിലെ പള്ളികളില്‍ അതത് മഹല്ലുകളില്‍ നിന്നുള്ളവരെ പാസ് നല്‍കി മാത്രം പ്രവേശിപ്പിക്കും. സാമൂഹ്യ അകലം പാലിക്കാന്‍ കഴിയും വിധം പ്രവേശനം നിജപ്പെടുത്തും.ബലിയറുക്കല്‍ ചടങ്ങ് കഴിയുന്നത്ര പള്ളികളില്‍ ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് കേരള മുസ്ലീം ജമാഅത്ത്, കെഎന്‍എം ഉള്‍പ്പെടെയുള്ള സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. ഒരുക്കങ്ങള്‍ ഇതിനകം ആരംഭിച്ചതിനാല്‍ ബലിയറുക്കല്‍ ഒഴിവാക്കാന്‍ കഴിയാത്ത കേന്ദ്രങ്ങളില്‍ പ്രതീകാത്മകമായി മഹല്ല് അടിസ്ഥാനത്തില്‍ ഒരു മൃഗത്തെ മാത്രം ബലിയര്‍പ്പിക്കും. നമസ്‌കാരത്തിന് ശേഷം ആലിംഗനം, ഹസ്തദാനം എന്നിവയും ഒഴിവാക്കും. നമസ്‌കാര ചടങ്ങുകള്‍ക്ക് മുന്‍പായി പള്ളികള്‍ അണുവിമുക്തമാക്കും. കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാ ചടങ്ങുകളിലും പാലിക്കുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ യോഗത്തില്‍ അധ്യക്ഷനായി.ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, സിറ്റി പോലീസ് കമ്മീഷ്ണര്‍ ആര്‍ ആദിത്യ, ഡെപ്യൂട്ടി കളക്ടര്‍ എം സി റെജില്‍, കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി അഡ്വ. പി യു അലി, പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ഫൈസി, കെ എന്‍ എം മണ്ഡലം പ്രസിഡന്റ് പി കെ അബ്ദുള്ള, ചെട്ടിയങ്ങാടി ഹനഫി മസ്ജിദ് പ്രതിനിധി അബ്ദുള്‍ ബാസിത്, ഹനഫി മുത്തവല്ലി പി സി സിയാദ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി എ മുനീര്‍, ആര്‍ എം സുലൈമാന്‍, മുത്തവല്ലി ഖാലിദ് ഖൊറൈലി, വി എം റിയാസ്, എസ് വൈ എസ് ജില്ലാ സെക്രട്ടറി ഷറഫുദ്ദീന്‍ മൗലവി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.