റയല്‍ വല്ലഡോലിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ വിജയിച്ചത്. ലാലിഗ പോയിന്റ് പട്ടികയില്‍ ബാഴ്‌സ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. 35 മത്സരങ്ങളില്‍ നിന്നു 80 പോയിന്റുമായി റയല്‍ മഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. അതേസമയം, 34 മത്സരങ്ങളില്‍ നിന്ന് 79 പോയിന്റാണ് ബാഴ്‌സലോണയ്‌ക്കുള്ളത്. ഇനിയുള്ള മത്സരങ്ങളെല്ലാം ബാഴ്‌സയ്‌ക്ക് വളരെ നിര്‍ണായകമാണ്.ഇന്നലെ വല്ലഡോലിഡിനെതിരെ നടന്ന മത്സരത്തില്‍ ബാഴ്‌സയ്‌ക്ക് വേണ്ടി വിജയഗോള്‍ നേടിയത് അര്‍തുറോ വിദാലാണ്. ആദ്യ പകുതിയില്‍ നിരന്തരം ആക്രമിച്ചു കളിച്ച ബാഴ്‌സലോണ രണ്ടാം പകുതിയില്‍ തളര്‍ന്നു. മത്സരത്തിന്റെ 15-ാം മിനിറ്റിലാണ് വിദാല്‍ ബാഴ്‌സയ്‌ക്കു വേണ്ടി ഗോള്‍ നേടിയത്.വല്ലഡോലിഡിനെതിരായ മത്സരത്തില്‍ ബാഴ്‌സയുടെ സൂപ്പര്‍താരം മെസി അപൂര്‍വ നേട്ടം സ്വന്തമാക്കി. ലാലിഗയിലെ ഒരു സീസണില്‍ 20 ഗോളും 20 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് മെസി. വല്ലഡോലിഡിനെതിരായ മത്സരത്തില്‍ അര്‍തുറോ വിദാല്‍ നേടിയ ഗോള്‍ മെസിയുടെ അസിസ്റ്റിലൂടെയാണ്.അടുത്ത ലീഗ് മത്സരത്തില്‍ ബാഴ്‌സലോണ ഒസാസുനയെ നേരിടും. വിജയത്തില്‍ കുറഞ്ഞതെല്ലാം ബാഴ്‌സയുടെ മുന്നോട്ടുള്ള യാത്രയില്‍ വിലങ്ങുതടിയാണ്. അതുകൊണ്ട് മികച്ച മാര്‍ജിനില്‍ വിജയിക്കുകയാണ് ബാഴ്‌സ ലക്ഷ്യമിടുന്നത്.