മരണം കവര്‍ന്നെടുത്ത് അഞ്ചാണ്ട് തികയുമ്ബോഴും ആ അഗ്നിച്ചിറകുകള്‍ തളര്‍ന്നിട്ടില്ല. അപ്രതീക്ഷിതമായെത്തിയ വിശിഷ്ടാതിഥിയെ സ്വീകരിച്ചതിന്റെ ഉള്‍പുളകത്തിലാണ് കൊട്ടാരക്കരക്കാര്‍. 2015 മേയ് ഏഴിനാണ് പത്തനാപുരം ഗാന്ധിഭവനിലെ ചടങ്ങില്‍ പങ്കെടുത്തശേഷം കലാം കൊട്ടാരക്കര പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലെത്തിയത്. ഒന്നര മണിക്കൂര്‍ മാത്രമേ ഇവിടെ തങ്ങിയുള്ളൂവെങ്കിലും നാടിന്റെ ഹൃദയം കവര്‍ന്നാണ് അന്ന് ഭാരതത്തിന്റെ വിശ്വപൗരന്‍ യാത്രയായത്. ഒറ്റ ദിവസംകൊണ്ടായിരുന്നു കലാമിനെ സ്വീകരിക്കാന്‍ ചുവരുകളില്‍ ചായംപൂശി ഗസ്റ്റ് ഹൗസ് ഒരുങ്ങിയത്. ആഡംബരങ്ങളോ മുന്‍ രാഷ്ട്രപതിയുടെ ഗര്‍വോ ഇല്ലാതെ ഗസ്റ്റ് ഹൗസിലെ സാധാരണ മുറിയിലായിരുന്നു വിശ്രമം. കലാം എത്തുന്നതറിഞ്ഞ് കുട്ടികള്‍ പനിനീര്‍ പൂക്കളും ഓട്ടോഗ്രാഫുമായി കാത്തുനിന്നിരുന്നു. കാറില്‍ നിന്നും ഇറങ്ങിയ ഉടന്‍ സുരക്ഷയുടെ കാര്‍ക്കശ്യം കാട്ടാതെ കുട്ടികളുടെ അടുത്തേക്ക് അദ്ദേഹം ഓടിയെത്തി. കുശലം പറഞ്ഞും സെല്‍ഫിയ്ക്ക് മുഖം നല്‍കിയും ചിരിച്ചുകൊണ്ട് കുട്ടികള്‍ക്കൊപ്പം അദ്ദേഹം നിറഞ്ഞുനിന്നു.അടപ്രഥമന്‍ ഉള്‍പ്പടെയുള്ള സദ്യയും ദോശയും ചമ്മന്തിയുമായിരുന്നു ഉച്ചഭക്ഷണത്തിന് കരുതിയിരുന്നത്. വിശ്രമത്തിന് ശേഷം പുറത്തേക്കിറങ്ങിയപ്പോള്‍ യൂണിഫോമിട്ട വനിതാ പൊലീസുകാരിയും സല്യൂട്ട് നല്‍കിയിട്ട് ശങ്കയോടെ ഓട്ടോഗ്രാഫ് നീട്ടി. സന്ദേശമെഴുതി ഒപ്പിട്ടതിനൊപ്പം ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും കലാം മനസുകാട്ടി. പറഞ്ഞുകേട്ടതിനെക്കാള്‍ വലിയ മനുഷ്യനാണ് അദ്ദേഹമെന്ന് നേരനുഭവത്തിലൂടെ കൊട്ടാരക്കരക്കാര്‍ അറിഞ്ഞു. അലസമായ മുടിയിഴകളും ജ്ഞാനം തിളങ്ങുന്ന കണ്ണുകളും പുഞ്ചിരിവിടരുന്ന ചുണ്ടുമായി എല്ലാവരോടും യാത്രപറഞ്ഞ് കലാം മടങ്ങിയപ്പോള്‍ ഇനിയൊരിക്കല്‍ക്കൂടി അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞെങ്കിലെന്ന് പലരും മോഹിച്ചു. കഷ്ടിച്ച് ഒന്നര മാസമെത്തിയപ്പോഴേക്കും അദ്ദേഹം തിരിച്ചുവരാത്തിടത്തേക്ക് അഗ്നിച്ചിറകുകള്‍ വീശി പറന്നുപോയി. ലാളിത്യത്തിന്റെ ആള്‍രൂപമായ കലാമിന്റെ നിഷ്കളങ്കമായ ചിരിയും സൗമ്യതയോടെ തങ്ങളോട് സംവദിച്ചതിന്റെ ഓര്‍മ്മകളും മറക്കാന്‍ കൊട്ടാരക്കരയ്ക്ക് കഴിയില്ല. പത്തനാപുരം ഗാന്ധിഭവനും ആ ഓര്‍മ്മത്തിളക്കത്തിന്റെ സുഖാനുഭവത്തിലാണ്. ഇന്ന് കലാം അനുസ്മരണവും ഗാന്ധിഭവന്‍ സംഘടിപ്പിച്ചിട്ടുണ്ട്.