ലീഡ്‌സ് യുണൈറ്റഡിന്റെ പ്രീമിയര്‍ ലീഗ് പ്രവേശനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പരിശീലകന്‍ മാഴ്‌സലോ ബിയേല്‍സയെ ബാഴ്‌സലോണയില്‍ എത്തിക്കണമെന്ന് നായകന്‍ ലയണല്‍ മെസി

ജനുവരിയില്‍ പരിശീലകനായി ചുമതലയേറ്റ ക്വികെ സെറ്റിയെന് കീഴില്‍ താളം കിട്ടാതെ കഷ്ടപ്പെടുകയാണ് ബാഴ്‌സലോണ.ലാ ലീഗ നഷ്ടപ്പെട്ടത്തോട് കൂടി സെറ്റിയെന്‍ ബാഴ്‌സയില്‍ എത്രകാലം തുടരുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. ഇതിനിടയിലാണ് മെസി ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചത്. പതിനാറ് വര്‍ഷത്തിന് ശേഷമാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗ് മടങ്ങിയെത്തുന്നത് എന്നിരിക്കെ ബിയേല്‍സയ്ക്കുള്ള കരാര്‍ ഈ ആഴ്ച്ചയോടെ അവസാനിക്കും. മെസിയുടെ ആവശ്യം പരിഗണിക്കുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ബാഴ്‌സയ്ക്ക് തീരുമാനത്തിലെത്തേണ്ടിവരും.ഒരു പരിശീലകനെന്ന നിലയില്‍ മൈതാനത്തും പുറത്തും ബിയേല്‍സ ചെലുത്തുന്ന സ്വാധീനം വലുതാണ്. പെപ്പ് ഗ്വാര്‍ഡിയോളയ്ക്ക് ശേഷം ബാഴ്‌സയില്‍ അത്തരമൊരു മാനേജര്‍ ഉണ്ടായിട്ടില്ല. അര്‍ജന്റീനയില്‍ തന്റെ ജന്മനാടായ റൊസാരിയോയില്‍ ജനിക്കുകയും ബാല്യകാല ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുള്ളയാളാണ് ബിയേല്‍സ. പെപ്പ് ഗ്വാര്‍ഡിയോള തന്നെ ലോകത്തെ ഏറ്റവും മികച്ച പരിശീലകനെന്ന വിശേഷിപ്പിക്കുന്ന ബിയേല്‍സയിലൂടെ ബാഴ്‌സയ്ക്ക് നഷ്ടമാകുന്ന യോഹാന്‍ ക്രൈഫിന്റെ പാരമ്ബര്യം വീണ്ടെടുക്കാമെന്ന് മെസി കരുതുന്നു.അതേസമയം ബാഴ്സാ പ്രസിഡന്റ് ജോസപ് ബാര്‍തമോവും മെസിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാണ്. ടീമിന്റെ മോശം പ്രകടനത്തിന് ക്ലബ്ബ് പ്രസിഡന്റ് താരങ്ങളെ വിമര്‍ശിക്കുന്ന സാഹചര്യം വരെ ഉണ്ടായി. മെസിയുടെ ആവശ്യത്തെ ക്ലബ്ബ് എത്രത്തോളം പരിഗണിക്കുമെന്ന കാര്യവും സംശയമാണ്. ബാഴ്‌സ ഇതിഹാസമായ സാവിക്ക് പരിശീലന ചുമതല നല്‍കുന്ന കാര്യവും നേരത്തെ ചര്‍ച്ചയായിട്ടുണ്ട്.

Comments (0)
Add Comment