പാറ്റ്‌ന: അക്കൗണ്ടില്‍ നിന്നും കോടികള്‍ തട്ടിയെടുത്തു, മാനസീകരോഗിയായി ചിത്രീകരിച്ച് കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. യന്ത്രവല്‍ക്കരണത്തിലൂടെ മനോരോഗിയാക്കി മാറ്റി. ബോളിവുഡില്‍ വന്‍ സംസാര വിഷയമായി മാറിയിരിക്കുന്ന യുവനടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടിയും കാമുകിയുമായ റിയാ ചക്രബര്‍ത്തിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പിതാവ് കൃഷ്ണകുമാര്‍ സിംഗ് രംഗത്ത് . പാറ്റ്‌നയില്‍ നടിക്കെതിരേ സിംഗ് നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ റിയാ ചക്രബര്‍ത്തിക്കും അവരുടെ കുടുംബത്തിനും എതിരേ രൂക്ഷമായ ആരോപണങ്ങളാണ് നടത്തിയിരിക്കുന്നത്.സുശാന്തിനെ പൂര്‍ണ്ണമായും തനിക്ക് കീഴിലാക്കാന്‍ കുടുംബത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ റിയ എപ്പോഴും ശ്രദ്ധിച്ചിരുന്നു എന്നാണ് പ്രധാന ആരോപണം. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് റിയയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും റിയ കോടികള്‍ പിന്‍വലിച്ചിട്ടുണ്ട്.മകന്റെ ബാങ്ക് ബാലന്‍സ് കുറയാന്‍ കാരണം റിയാ ചക്രബര്‍ത്തിയാണെന്ന് ആരോപിച്ച് ജൂണ്‍ 8 ന് നല്‍കിയ കേസ് നിലവിലുണ്ട്. റിയ പണം, വിലപിടിപ്പുള്ള ആഭരണങ്ങള്‍, ലാപ്‌ടോപ്പ്, ക്രെഡിറ്റ് കാര്‍ഡ്, അതിന്റെ പിന്‍നമ്ബര്‍, പാസ്‌വേഡ്, പ്രധാനപ്പെട്ട രേഖകള്‍, ഡോക്ടറുടെ കുറിപ്പടി എന്നിവയെല്ലാം കൈവശം വെച്ചു. ഒരിക്കല്‍ റിയ ഭീഷണിപ്പെടുത്തുന്നു എന്ന് സുശാന്ത് സഹോദരിയെ വിളിച്ചു പറഞ്ഞിരുന്നു. ഡോക്ടറുടെ കുറിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഭ്രാന്തനായി ചിത്രീകരിക്കുമെന്നും അത് സിനിമകള്‍ നഷ്ടമാക്കാന്‍ ഇടയാക്കുമെന്നും റിയ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു സുശാന്ത് വിളിച്ചു പറഞ്ഞത്.കാമുകിയായ ശേഷം സുശാന്തിന്റെ സെക്രട്ടറിയുടെ കൂടി ജോലി ചെയ്തിരുന്ന റിയ ജൂണ്‍ 8 ന് സുശാന്തിന്റെ സെക്രട്ടറി ദിഷ ആത്മഹത്യ ചെയ്തതിന് പിന്നാലെ തന്റെ ഫോണില്‍ താരത്തിന്റെ നമ്ബര്‍ ബ്‌ളോക്ക് ചെയ്തിരുന്നു. മാനേജരുടെ മരണത്തില്‍ തന്നെ റിയ ഉത്തരവാദിയാക്കുമെന്ന് സുശാന്ത് ഭയന്നിരുന്നതായും പിതാവ് ആരോപിക്കുന്നു. സെക്രട്ടറിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് റിയ ഇടയ്ക്കിടെ സുശാന്തിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്.റിയയും കുടുംബാംഗങ്ങളും ചേര്‍ന്ന് സുശാന്തിനെ യന്ത്രങ്ങള്‍ ഉപയോഗിച്ച് മനോരോഗിയാക്കി മാറ്റുകയായിരുന്നു എന്ന ഗുരുതരമായ ആരോപണങ്ങളും കൂട്ടത്തിലുണ്ട്. മികച്ച വിജയങ്ങള്‍ നേടി നടനെന്ന നിലയില്‍ കരിയറില്‍ മുന്നേറുന്നതില്‍ നിന്നും ആത്മഹത്യയിലേക്ക് വീണു പോകുന്ന നിലയിലേക്ക് ആക്കി. ഇതിന് മാനസീകാരോഗ്യ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.2019 മെയ് യിലാണ് റിയയും സുശാന്തും പ്രണയത്തിലാകുന്നത്. ഇത് സുശാന്തിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് സ്വന്തം കരിയര്‍ മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടായിരുന്നു. സുശാന്തിനെതിരേ നീങ്ങാന്‍ നടിക്ക് മാതാപിതാക്കള്‍ ഉള്‍പ്പെടെ കുടുംബത്തിന്റെയും സഹായം കിട്ടിയിരുന്നു. മകന്റെ സ്വത്തുക്കളും കോടിക്കണക്കിന് രൂപയും തട്ടിയെടുക്കാന്‍ അയാളുടെ ജീവിത്തിലെ എല്ലാ കാര്യങ്ങളിലും ഇടപെട്ടെന്നും ആരോപിച്ചിട്ടുണ്ട്. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും 15 കോടിയോളം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട് എന്ന കെ കെ സിംഗിന്റെ ആരോപണത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്.പ്രേതമുണ്ടെന്ന് വിശ്വസിപ്പിച്ച് മുംബൈയിലെ വീട്ടില്‍ നിന്നും റിസോര്‍ട്ടിലും മറ്റും സുശാന്തിനെ മാറ്റി താമസിപ്പിച്ചതിന് പിന്നിലും റിയയും കുടുംബവുമാണെന്ന് ആരോപിക്കുന്നു. മകന്റെ മെഡിക്കല്‍ ഹിസ്റ്ററി പുറത്ത് വിട്ട് മാനസീക രോഗിയായി ചിത്രീകരിച്ച് സിനിമ തന്നെ ഇല്ലാതാക്കുമെന്ന് റിയ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ ഒരു ഘട്ടത്തില്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ മകന്‍ തീരുമാനിച്ചെന്നും കുടഗിലോ മറ്റോ പോയി താമസിച്ച് കൃഷിയും മറ്റുമായി ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നതായും കെകെ സിംഗ് പറയുന്നു.റിയയ്ക്കും കുടുംബാംഗങ്ങളായ മറ്റ് അഞ്ചു പേര്‍ക്കുമെതിരേയാണ് സുശാന്തിന്റെ പിതാവ് കൃഷ്ണകുമാര്‍ സിംഗ് പാറ്റ്‌നയിലെ രാജീവ് നഗര്‍ സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. മുംബൈയിലേക്ക് പോകാനോ അവിടെ ചെന്ന് കേസ് നടത്താനോ ആരോഗ്യം അനുവദിക്കാത്ത സാഹചര്യത്തിലാണ് പാറ്റ്‌നയില്‍ പരാതി നല്‍കിയത്. ജൂണ്‍ 14 നായിരുന്നു ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ സുശാന്ത് സിംഗ് രജപുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.