‘സൂഫിയും സുജാതയും’ പ്രതീക്ഷയുടെ, പ്രണയത്തിന്റെ സിനിമ

ആമസോണ്‍ പ്രീമിയര്‍ ഓണ്‍ലൈനിലൂടെ പ്രകാശനംചെയ്ത ആദ്യ മലയാള ചലച്ചിത്രമാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്ബാബു നിര്‍മിച്ച്‌ നരണിപ്പുഴ ഷാനവാസ് സംവിധാനംചെയ്ത ‘സൂഫിയും സുജാതയും.’ ഈ വഴിയേ വീണ്ടുംവീണ്ടും നടക്കാന്‍ കൊതിപ്പിക്കുന്ന എന്തൊക്കെയോ മനോഹാരിതകള്‍കൊണ്ട് തീര്‍ത്തതാണ് ‘സൂഫിയും സുജാതയും’ എന്നതാണ് ഒറ്റവാക്കില്‍ ഈ സിനിമയെപ്പറ്റിയുള്ള നിര്‍വചനം. ഫ്രെയിമുകളുടെ മനോഹാരിതയും പൂര്‍ണതയും മാത്രമല്ല, അവ അര്‍ഥവത്തുമാണ് എന്നതാണ് ഈ സിനിമയുടെ സവിശേഷത. പ്രണയം ഒരു മന്ത്രത്തോളം എത്തിനില്‍ക്കുന്ന സിനിമ. ഇത് പറയുമ്ബോള്‍ ‘കരയുന്നോ പുഴ ചിരിക്കുന്നോ’ എന്ന ഗാനരംഗവും ‘കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി’ എന്ന ഗാനരംഗവും ഒന്നും മറക്കുന്നില്ല. പക്ഷേ, അതിനേക്കാളൊക്കെ പ്രണയത്തെ അനുഭവിപ്പിക്കാന്‍ ഈ സിനിമയ്ക്കാകുന്നു എന്ന് പറയാതിരിക്കാനാകില്ല. എല്ലാവരും പറഞ്ഞ ഒരു തീം, നമുക്കറിയാവുന്ന ഒരു തീം അതിനേക്കാള്‍ ഹൃദയാവര്‍ജകമാകണമെങ്കില്‍ അത് കൈകാര്യ കര്‍ത്താവിന്റെ മിടുക്കുതന്നെയാണ്. പ്രണയം അവസാനിച്ചു എന്ന തീരുമാനങ്ങളെ മറികടന്നുകൊണ്ട് പ്രണയം ഇവിടെ വിജയിച്ചിരിക്കുന്നു. ഒരു സംവിധായകനെ തിരിച്ചറിയുക എന്നത് ഒരു നിര്‍മാതാവിന്റെ കടമ്ബയാണ്. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ധന്യവാദം, നിര്‍മാതാവിനും സംവിധായകനും.ആന്റിക് നിറത്തിലെ വേഷവിധാനം പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. മലയാളവുമായി അത്രയങ്ങോട്ട് ചേരാത്തവിധത്തില്‍ നില്‍ക്കുന്ന പശ്ചാത്തലവും സിനിമയെ വ്യത്യസ്തമാക്കി. സുജാത എന്ന മിണ്ടാപ്പെണ്ണ് അഭിനയിക്കുന്നേയില്ല. അദിതി റാവുവിന്റെ നോട്ടങ്ങളും ചിരിയും വാചാലമായ മൗനവും മാത്രംമതി സിനിമയെ മറ്റൊന്നാക്കി ഉയര്‍ത്താന്‍. സൂഫിയായി എത്തിയ ദേവ് മോഹന്റെ രൂപവും ഭാവവും ആ കഥാപാത്രത്തിന് അങ്ങേയറ്റം അനുയോജ്യമായിരിക്കുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാന്‍ കാണിച്ചിരിക്കുന്ന അവധാനത അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്. ജയസൂര്യയുടെ ഡോ. രാജീവ് മാത്രമാണ് സിനിമയെ മലയാളവുമായി കൂട്ടിയിണക്കുന്നത്. രാജീവ് ഗംഭീരമായി, ഒപ്പം സിദ്ദിഖ് എന്ന നടന്റെ അഭിനയമികവ് ശ്രദ്ധേയം. മകള്‍ സൂഫിക്കൊപ്പം ഇറങ്ങിപ്പോകുന്നു എന്ന് തോന്നിക്കുന്ന രംഗത്തിലെ സിദ്ദിഖിന്റെ നെഞ്ചത്തിടി കാഴ്ചക്കാരെ വിഭ്രമിപ്പിക്കുന്നുണ്ട്. ഒരച്ഛന്റെ നിസ്സഹായതയും തനിക്കുതാന്‍ പോരിമയും സിദ്ദിഖിന്റെ കൈയില്‍ ഭദ്രം.വര്‍ഗീയതയിലേക്ക് വഴുതിപ്പോയേക്കാവുന്ന ഒരു പ്രമേയത്തെ അതീവ കൈയടക്കത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇതുവഴി നമുക്കൊരിക്കലും കൈയൊഴിയാനാകാത്ത നിര്‍മാതാവായി വിജയ് ബാബുവും സംവിധായകനായി നരണിപ്പുഴ ഷാനവാസും മാറിയിട്ടുണ്ട്. ഇനിയും മലയാള സിനിമയെ സ്നേഹിക്കാനും നെഞ്ചോടുചേര്‍ക്കാനും ശ്രദ്ധിക്കാനും അവസരം തന്നതിന് നന്ദിയും. ഇത്തരമെരു സിനിമയുമായി എങ്ങനെയാണ് ഇനിയും കാത്തിരിക്കാനാകുക? പൊട്ടിത്തെറിക്കുന്ന ഒരു സിനിമ!

Comments (0)
Add Comment