ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ പേര്‍ ദാരിദ്ര്യത്തില്‍നിന്നു പുറത്തുവരുന്നത് ഇന്ത്യയില്‍ ആണെന്ന് യുനൈറ്റഡ് നാഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) കണക്കുകള്‍ വ്യക്തമാക്കുന്നു.2005-06 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ 27.3 കോടി ജനങ്ങളാണ് ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍നിന്നു കരകയറിയത്. യുഎന്‍ഡിപി, ഓക്‌സ്ഫഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റിവ് എന്നിവ പരിശോധിച്ച 75 രാഷ്ട്രങ്ങളില്‍ 65ഉം ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചതായി കണക്കുകള്‍ പറയുന്നു.മോശം ആരോഗ്യം, വിദ്യാഭ്യാസമില്ലായ്മ, ജീവിത സൗകര്യങ്ങളുടെ അപര്യാപ്തത, മെച്ചപ്പെട്ട തൊഴില്‍ ഇല്ലാതിരിക്കല്‍, അക്രമങ്ങള്‍ക്കിരയാവാനുള്ള സാധ്യത, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ പരിഗണിച്ചാണ് ദാരിദ്ര്യാവസ്ഥ കണക്കാക്കുന്നത്. 75 രാജ്യങ്ങളില്‍ ഇന്ത്യയിലാണ് ഈ കാലയളവില്‍ ഏറ്റവും കുടുതല്‍ പേര്‍ ദാരിദ്ര്യത്തില്‍നിന്നു കരകയറിയത്. അര്‍മീനിയ, നിക്കരാഗ്വേ, നോര്‍ത്ത് മാസിഡോണിയ എന്നിവയും പത്തുവര്‍ഷക്കാലയളവു കൊണ്ട് ദാരിദ്ര്യം വലിയ തോതില്‍ ഇല്ലായ്മ ചെയ്തു.ബംഗ്ലാദേശ്, ബൊളിവിയ, ഇസ്വാറ്റിനി, ഗാബോണ്‍, ഗാംബിയ, ഗയാന, ഇന്ത്യ, ലൈബീരീയ, മാലി, മൊസാംബിക്, നൈജര്‍, നിക്കരാഗ്വേ, നേപ്പാള്‍, റുവാണ്ട എന്നീ രാജ്യങ്ങള്‍ക്ക് എല്ലാ പ്രവിശ്യകളിലും ദാരിദ്ര്യം കുറച്ചുകൊണ്ടുവരാനായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.