അവസാന വര്‍ഷ പരീക്ഷകള്‍ നടത്താം, കോളേജുകള്‍ തുറക്കാം

അവസാന വര്‍ഷ പരീക്ഷകള്‍ നടത്താന്‍ യുജിസിക്ക് അനുമതി നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു.സെപ്‌റ്റംബര്‍ 30 നു മുന്‍പായി ഡിഗ്രി അവസാന വര്‍ഷ പരീക്ഷകള്‍ നടത്തണമെന്ന് യുജിസി വിവിധ കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതി യുജിസിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാട് ആരാഞ്ഞു.അവസാന വര്‍ഷ പരീക്ഷകള്‍ നടത്താന്‍ കോളേജുകള്‍ തുറക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് കേന്ദ്രം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ പഠന ജീവിതത്തില്‍ അവസാനവര്‍ഷ പരീക്ഷകള്‍ക്ക് ഏറെ പ്രധാന്യമുണ്ടെന്നും പരീക്ഷ നീണ്ടുപോകുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നുമാണ് യുജിസിയുടെയും കേന്ദ്രത്തിന്റെയും നിലപാട്.പൂര്‍ണമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കര്‍ശന നിയന്ത്രണങ്ങളോടെ അവസാന വര്‍ഷ പരീക്ഷകള്‍ നടത്താമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. ഡിഗ്രി അവസാന വര്‍ഷ പരീക്ഷ നിര്‍ബന്ധമാക്കിയ യുജിസി സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. നീറ്റ് പരീക്ഷയ്ക്ക് ഗള്‍ഫ് മേഖലയില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യത്തിലും കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക.അതേസമയം, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നതും കേന്ദ്രം ആലോചിക്കുന്നു. സ്‌കൂളുകള്‍ അടുത്ത മാസം മുതല്‍ ഘട്ടംഘട്ടമായി തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. 10,11,12 ക്ലാസുകളായിരിക്കും ആദ്യം തുടങ്ങുക. ആറ് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകള്‍ ഉടന്‍ ആരംഭിക്കില്ല. രാവിലെ 8 മുതല്‍ 11വരെയും ഉച്ചയ്ക്ക് 12 മുതല്‍ ഉച്ച കഴിഞ്ഞ് മൂന്നുവരെയുമുള്ള രണ്ട് ഷിഫ്റ്റുകളായി ക്ലാസ് നടത്താനാണ് ആലോചിക്കുന്നത്.വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്‌കൂളിലെത്തും വിധമായിരിക്കും ക്രമീകരണം. ഡിവിഷനുകള്‍ വിഭജിക്കും. എന്നാല്‍, ഓരോ പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ നിരീക്ഷിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കണം. ഇടവേളകളില്‍ ക്ലാസ് മുറികള്‍ അണുവിമുക്‌തമാക്കാന്‍ സജ്ജീകരണം ഒരുക്കണം.

Comments (0)
Add Comment