കോവിഡിന് ഒരു രണ്ടാംവരവ് ഉണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പിനെ ശരിവെക്കുന്ന തരത്തില്‍ പലരാജ്യങ്ങളിലേയും രോഗികളുടെ കണക്ക്

കോവിഡ് കനത്ത നാശംവിതച്ച ശേഷം രോഗികളുടെ എണ്ണം കുറഞ്ഞുവന്ന രാജ്യങ്ങളില്‍ വീണ്ടും രോഗികള്‍ വര്‍ധിക്കുന്നതാണ് ആശങ്കക്കിടയാക്കുന്നത്. ഇന്ത്യയില്‍ വൈറസ് വ്യാപനം ഇനിയും അതിന്‍റെ രൂക്ഷതയില്‍ എത്തിയിട്ടില്ലെന്നും വരാനിരിക്കുന്നതേയുള്ളൂവെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.കോവിഡ് രൂക്ഷമായി ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായ സ്പെയിനില്‍ ജൂണ്‍ ഒന്നിന് ആകെ കോവിഡ് ബാധിതര്‍ 2,39,638 ആയിരുന്നു. 27,127 ആയിരുന്നു മരണസംഖ്യ. ജൂണ്‍ ഒന്നിന് വെറും 71 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.എന്നാല്‍, ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്ത ജൂലൈ 30ന് ശേഷം ദിവസേന ആയിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രോഗബാധിതര്‍ 3,52,847 ആയും മരണം 28,499 ആയും ഉയര്‍ന്നുകഴിഞ്ഞു. ആഗസ്റ്റ് നാലിന് 5760 പുതിയ കേസുകളും 26 മരണവുമാണുണ്ടായത്.രോഗനിരക്കിലുണ്ടായ വര്‍ധനവ് ഫ്രാന്‍സ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചിട്ടുണ്ട്. മഹാമാരിയുടെ രണ്ടാംതിര യൂറോപ്പിലെ ചിലയിടങ്ങളില്‍ കാണുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു.കോവിഡ് രണ്ടാംവരവിനെ തുടര്‍ന്ന് ആസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആസ്ട്രേലിയയിലാകെ 17,000 കേസുകളും 718 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇന്ത്യയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ മൂന്നാംഘട്ടത്തിലെത്തി നില്‍ക്കേ, രോഗബാധ അതിന്‍റെ ഉയര്‍ന്നതലത്തില്‍ ഇനിയും എത്താനിരിക്കുന്നതേയുള്ളൂവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയില്‍ പെട്ടെന്നുള്ള പൊട്ടിപ്പുറപ്പെടല്‍ പോലും ആയിട്ടില്ല. രോഗവ്യാപനത്തിന്‍റെ തോത് ഇപ്പോഴും നേര്‍രേഖയാണ്. രോഗികള്‍ കുറയുന്ന സാഹചര്യമുണ്ടായ ശേഷമാണ് രോഗവ്യാപനത്തിന്‍റെ രണ്ടാംതിര സംഭവിക്കുന്നത് -ഐ.സി.എം.ആര്‍ മുന്‍ ശാസ്ത്രജ്ഞന്‍ ലളിത് കാന്ത് പറയുന്നു.ജൂലൈയോടെ കോവിഡ് പാരമ്യത്തിലെത്തുമെന്ന് നിരീക്ഷിച്ചിരുന്നു. സെപ്റ്റംബറോടെയെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, സര്‍ക്കാര്‍ നടപടികളെയും ജനങ്ങളുടെ ജാഗ്രതയെയും ആശ്രയിച്ചിരിക്കും ഇനിയുള്ള രോഗവ്യാപനം.

ഡല്‍ഹിയില്‍ കോവിഡ് രൂക്ഷ നിലയില്‍ എത്തിയ ശേഷം നിലവില്‍ താഴ്ചയിലാണ്. അതേസമയം, അഞ്ചില്‍ ഒരാള്‍ വീതം മാത്രമാണ് അവിടെ രോഗികളായത്. മറ്റുള്ളവരില്‍ ഇനിയും രോഗം വരാനുള്ള സാധ്യതയുണ്ട്. ഒരു രണ്ടാംഘട്ടത്തെ തള്ളിക്കളയാനാകില്ല -ഡോ. കാന്ത് പറയുന്നു.പല രാജ്യങ്ങളിലും പുതിയ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പിലെ പ്രത്യേക ഓഫിസര്‍ രാജേഷ് ഭൂഷണ്‍ പറയുന്നു. അതിനെ രണ്ടാംതിര എന്ന് വിളിക്കാനാകില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രോഗത്തിനെതിരായ പ്രതികരണം വളരെ മികച്ചതാണ്. നമ്മള്‍ വളരെ പെട്ടെന്നുള്ള ഒരു തുറന്നുകൊടുക്കല്‍ അല്ല നടത്തുന്നത്. കൃത്യമായ ആസൂത്രണത്തോടെയും നിര്‍ദേശങ്ങള്‍ നല്‍കിയുമുള്ള ഇളവുകളാണ് നടപ്പാക്കുന്നത് -രാജേഷ് ഭൂഷണ്‍ പറഞ്ഞു.ഇന്ത്യയില്‍ കോവിഡിന് രണ്ടാംഘട്ടം ഉണ്ടാകുമോയെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്ന് ഐ.സി.എം.ആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറയുന്നു. ലോകത്ത് ഭൂമിശാസ്ത്രപരമായി വ്യത്യാസപ്പെട്ട സ്ഥലങ്ങളില്‍ വൈറസ് വ്യാപനത്തിന്‍റെയും മരണനിരക്കിന്‍റെയും തോതില്‍ മാറ്റമുണ്ട്. ഇന്ത്യയുടെ ഭൂമിശാസ്ത്ര വൈവിധ്യം ഇത്തരമൊരു പ്രവചനം സാധ്യമാക്കുന്നില്ല. സംസ്ഥാനങ്ങള്‍ തമ്മില്‍ രോഗവ്യാപനത്തില്‍ വലിയ മാറ്റമുണ്ടെന്നും അദ്ദേഹം പറയുന്നു.

Comments (0)
Add Comment