ജാമിയ മില്ലിയ ഇസ്‌ലാമിയ രാജ്യത്തെ മികച്ച കേന്ദ്ര സര്‍വകലാശാല, വിവാദങ്ങള്‍ക്ക് മറുപടി

രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നുള്‍പ്പെടെ ആരോപണങ്ങള്‍ നേരിടുകയും കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് ഡല്‍ഹി ജാമിയ മില്ലിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പട്ടികയില്‍ രാജ്യത്തെ തന്നെ മികച്ച സര്‍വകലാശാല എന്ന ഖ്യാതി നേടുന്നത്. 90 ശതമാനം സ്കോര്‍ നേടിയാണ് ജാമിയ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.രാജീവ് ഗാന്ധി യുണുവേഴ്സിറ്റി ഓഫ് അരുണാചല്‍ പ്രദേശാണ് പട്ടികയില്‍ രണ്ടാമത്. 83 ശതമാനമാണ് സ്കോര്‍. 82 ശതമാനം സ്കോറാണ് മുന്നാം സ്ഥാനത്തുള്ള ഡല്‍‌ഹി ജെഎന്‍യു സര്‍വകലാശാലക്കുള്ളത്. 78 ശതമാനം സ്കോര്‍ നേടി അലിഗഡ് മുസ്ലീം യുണിവേഴ്സിറ്റിയും പട്ടികയില്‍ ആദ്യ സ്ഥാനത്തുണ്ട്.കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം (എഡ്യൂക്കേഷന്‍ മന്ത്രാലയം) യുജിസി എന്നിവയുമായുള്ള ധാരണാപത്രം പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പ്രകാരമാണ് യൂണിവേഴ്സിറ്റികളുടെ മികവ് വിലയിരുത്തുന്നത്. ഈ ധാരണാപത്രത്തില്‍ ഒപ്പുവെച്ച്‌ പ്രകടന വിലയിരുത്തലിനായി ഹാജരാകുന്ന 2017 ലെ ആദ്യത്തെ സര്‍വകലാശാലയാണ് ജാമിയ മില്ലിയെന്ന് പട്ടിക പുറത്ത് വന്നതിന് പിന്നാലെ നടത്തിയ പ്രതികരണത്തില്‍ സര്‍വകലാശാല അറിയിച്ചു. പല പ്രതിബന്ധങ്ങളെയും മറികടന്നാണ് ജാമിയ ഈ നേട്ടം കരസ്ഥമാക്കിയതെന്ന് സര്‍വകലാശ വൈസ് ചാന്‍സലറും റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ.യുജി, പിജി, പിഎച്ച്‌ഡി, എംഫില്‍ കോഴ്സുകളിലെ വാര്‍ഷിക വിദ്യാര്‍ത്ഥികളുടെ എണ്ണം, വിദ്യാര്‍ത്ഥി വൈവിധ്യം എന്നിവ ഉള്‍പ്പെടുന്ന മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് മികവ് വിലയിരുത്തുന്നത്. സ്ത്രീ വിദ്യാര്‍ത്ഥികള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍, വിദേശ വിദ്യാര്‍ത്ഥികള്‍ എന്നിവയുടെ കണക്കും ഉള്‍പ്പെടുന്നു. ഇതിന് പുറമെ വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം, അധ്യാപക ഒഴിവ്, വിസിറ്റിംഗ് ഫാക്കല്‍റ്റി മുതലായവ ഉള്‍പ്പെടുന്ന ഫാക്കല്‍റ്റി ഗുണനിലവാരവും കരുത്തും മാനദണ്ഡങ്ങളായി പരിഗണിക്കുന്നു. കാമ്ബസ് ഇന്‍ര്‍വ്യൂവിലെ വിദ്യാര്‍ത്ഥികളുടെ പ്രകടനം. നെറ്റ് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം, ഗേറ്റ് പരീക്ഷ എന്നിവയും കേന്ദ്ര സര്‍വകലാശാലകളെ വിലയിരുത്താന്‍ പരിഗണിക്കുന്നവയാണ്.രാജ്യത്ത് നടപ്പാക്കിയ പൗരത്വ നിയമത്തിനെതിരെ ആരംഭിച്ച പ്രക്ഷോഭങ്ങളുടെ പ്രഭവ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ജാമിയ മില്ലിയ ഇസ്‌ലാമിയ. ഇതിന്റെ പേരില്‍ വലിയ സംഘര്‍ഷങ്ങളും പോലീസ് നടപടിയും ഉള്‍പ്പെടെ വിവാദങ്ങള്‍ക്ക് വഴിവച്ച നിരവധി സംഭവങ്ങളാണ് ഇക്കാലയളവില്‍ ഇവിടെ അരങ്ങേറിയത്.

Comments (0)
Add Comment