തമിഴിലെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടിയും മോ‍‍ഡലും ബി​ഗ് ബോസ് താരവുമായ മീര മിഥുനെതിരെ ചെന്നൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

ഇളയ ദളപതി വിജയ്ക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്ന ആരാധകരുടെ പരാതിയിലാണ് കേസ്. മാസ്റ്റര്‍ എന്ന സിനിമയുടെ പോസ്റ്ററില്‍ വിജയ് തന്റെ ലുക്ക് കോപ്പി അടിച്ചു, വിജയ് ചിത്രത്തില്‍ ഓഡീഷന്‍ നടത്തി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടങ്കിലും അടുപ്പക്കാര്‍ക്ക് അവസരം നല്‍കാന്‍ വിജയ് ഇടപെട്ട് തന്റെ പേര് വെട്ടി എന്നിങ്ങനെയായിരുന്നു മീരയുടെ ആരോപണങ്ങള്‍.ഇതെതുടര്‍ന്ന് വിജയ് ആരാധകരുടെ വലിയ രീതിയിലുളള സൈബര്‍ ആക്രമണം മീരയ്ക്ക് നേരിടേണ്ടി വന്നിരുന്നു. പിന്നാലെ ചെന്നൈ, മധുര, കാഞ്ചീപുരം, കന്യാകുമാരി എന്നിങ്ങനെ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ മീര മിഥുനെതിരെ വിജയ് ആരാധകര്‍ പൊലീസിന് പരാതി നല്‍കി. ശ്രദ്ധപിടിച്ചുപറ്റാന്‍ വ്യാജ പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മീര സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വീഡിയോകള്‍ സഹിതമാണ് പരാതി. സംഭവത്തില്‍ താരസംഘടനയായ നടികര്‍ സംഘം ഇടപെടണമെന്നും വിജയ് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം സത്യം തുറന്ന് പറയുന്നവരെ ഇല്ലാതാക്കാനാണ് ശ്രമമെന്ന് മീര പറയുന്നു. ആരാധകരുടെ ഭീഷണിയും സൈബറിടത്തിലെ ആക്രമണവും മൂലം ആത്മഹത്യയുടെ വക്കിലാണ്. ജീവന് ഭീഷണിയുണ്ടെന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് മീരയുടെ തീരുമാനം.ഗൗതം മേനോന്‍ ചിത്രം യെന്നെ അറിന്താല്‍, താനാ സേര്‍ന്ത കൂട്ടം എന്നി ചിത്രങ്ങളിലൂടെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മീര മിഥുന്‍ തമിഴ് സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുന്നുവെന്നും ആരോപിച്ചിരുന്നു. പേട്ട സിനിമയില്‍ അവസാനനിമിഷം തന്‍റെ റോള്‍ രജനീകാന്ത് ഇടപെട്ട് തൃഷക്ക് നല്‍കിയെന്നും മീര ആരോപിക്കുന്നു. കൂടാതെ നടന്‍ സൂര്യയ്ക്കെതിരെയും മീര മിഥുന്‍ സ്വര്‍ണക്കടത്ത് കേസ് അടക്കമുളളവയില്‍ ആരോപണം ഉന്നയിച്ചിരുന്നു. അ​ഗരം എന്ന സന്നദ്ധ സംഘടനയുടെ മറവില്‍ നടന്‍ സൂര്യയും കുടുംബവും കളളപ്പണം വെളുപ്പിക്കുകയാണെന്നും മീര ആരോപിക്കുന്നു.

Comments (0)
Add Comment