ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്‍റെ കോവിഡ് വാക്സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു

വാക്സിന്റെ മനുഷ്യരിലെ രണ്ടം ഘട്ട പരീക്ഷണം സെപ്റ്റംബറില്‍ നടന്നേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ആദ്യ ഘട്ട പരീക്ഷണം 12 കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്ന വേളയിലാണ് രണ്ടാം ഘട്ട പരീക്ഷണത്തിലേക്ക് ഒരുങ്ങുന്നത്.വാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണം ഡല്‍ഹി എയിംസ് ഒഴികെയുള്ള 11 കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒന്നാംഘട്ട പരീക്ഷണത്തിനായി 16 പേരെ മാത്രമേ ഡല്‍ഹി എയിംസ് ഇതുവരെ റിക്രൂട്ട് ചെയ്തിട്ടുള്ളൂ. എന്നാല്‍, രണ്ടാംഘട്ട പരീക്ഷണങ്ങള്‍ സെപ്റ്റംബര്‍ ആദ്യ ആഴ്ച ആരംഭിക്കാന്‍ സാധിച്ചേക്കുമെന്ന് എയിംസ് വൃത്തങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഒന്നാം ഘട്ടത്തിലെ കണ്ടെത്തലുകള്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും അവര്‍ അറിയിച്ചു.ഒന്നാം ഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷണത്തിനായി ഡല്‍ഹി എയിംസ് 100 പേരെയാണ് റിക്രൂട്ട് ചെയ്യേണ്ടിയിരുന്നത്. ഇതനുസരിച്ച്‌ പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ 375 പേരെയും രണ്ടാം ഘട്ടത്തില്‍ 750 പേരെയും ഉള്‍പ്പെടുത്താനാണ് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് പദ്ധതിയിട്ടിരുന്നത്.അതേസമയം മഹാരാഷ്ട്രയിലെ പരിശോധനാ കേന്ദ്രമായ നാഗ്പൂരില്‍ ഒന്നാംഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ആദ്യഘട്ടത്തില്‍ 55 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്.ആദ്യത്തെ കുത്തിവെപ്പിന് ശേഷം രണ്ട് രോഗികള്‍ക്ക് പനി സംബന്ധമായ ചില ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും എന്നാല്‍ മരുന്ന് നല്‍കാതെ തന്നെ ഏതാനും മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം അവരുടെ നില മെച്ചപ്പെട്ടുവെന്നും പരീക്ഷണ കേന്ദ്രത്തെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Comments (0)
Add Comment