മൗറീഷ്യസിലെ കടല്‍ ശുദ്ധീകരണത്തിനായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പുറപ്പെട്ടു

എണ്ണ കപ്പല്‍ മറിഞ്ഞുണ്ടായ കടലിലെ എണ്ണ വ്യാപനം ദുരന്തത്തില്‍ സഹായവുമായിട്ടാണ് കോസ്റ്റ് ഗാര്‍ഡിനെ ഇന്ത്യ അയച്ചത്.മൗറീഷ്യസിലേയ്ക്ക് സഹായം എത്തിക്കണമെന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയവും പ്രതിരോധമന്ത്രാലയവും സംയുക്തമായിട്ടാണ് അടിയന്തിര യോഗം ചേര്‍ന്നത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ 10 അംഗ സംഘമാണ് പ്രത്യേക വിമാനത്തില്‍ മൗറീഷ്യസിലേയ്ക്ക് പുറപ്പെട്ടത്. മലിനീകരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധന്മാരാണ് പോയതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. മൗറീഷ്യസിലെ പ്രത്യേക സാഹചര്യം വിലയിരുത്തിയ ശേഷമാണ് സംഘത്തെ അയച്ചതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.പത്തുപേരടങ്ങുന്ന കോസ്റ്റ്ഗാര്‍ഡ് സംഘം 30 ടണ്ണോളം ആത്യാധുനിക ഉപകരണങ്ങളും മലിനീകരണം തടയാനുള്ള രാസവസ്തുക്കളും കൂടെ കരുതിയിട്ടുണ്ട്. ഇവരെ സഹായിക്കാനായി വ്യോമസേനയുടെ പ്രത്യേക സംഘവും കൂടെയുണ്ട്. ഏറെ പരിസ്ഥിതി ലോലമായ പവിഴപ്പുറ്റുകള്‍ നിറഞ്ഞ പ്രദേശത്താണ് എണ്ണ കപ്പല്‍ മറിഞ്ഞത്. 4000 ടണ്‍ എണ്ണയുള്ള കപ്പലില്‍ നിന്ന് 1000 ടണ്‍ കടലില്‍ ഒഴുകിപ്പരന്നിരിക്കുകയാണ്. വന്‍ തോതില്‍ ജീവജാലങ്ങളേയും മത്സ്യസംബന്ധത്തിനേയും ബാധിക്കാവുന്ന ദുരന്തമാണ് ഉണ്ടായിരിക്കുന്നത്.

Comments (0)
Add Comment