വ്യോമസേനയില്‍ 22 വര്‍ഷവും എയര്‍ഇന്ത്യയില്‍ 17 വര്‍ഷവും പ്രവര്‍ത്തനപരിചയമുള്ള ക്യാപ്റ്റന്‍ സാഠെ അപകടം മുന്നില്‍ക്കണ്ട് അവസരത്തിനൊത്തുയര്‍ന്നു. വിമാനം ഇടിച്ചിറങ്ങിയാല് അപകടതീവ്രത കുറയ്ക്കാന്‍ കഴിയുന്നതെല്ലാം ചെയ്തു.ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമായപ്പോള്‍ വിമാനത്താവളത്തിനു ചുറ്റും മൂന്നു പ്രാവശ്യം കറങ്ങി ഇന്ധനം പൂര്‍ണമായും തീര്‍ത്തു. എന്‍ജിന്‍ ഓഫ് ചെയ്തശേഷമാണ് വിമാനം ഇറക്കിയത്. തീപിടിത്തം ഒഴിവാക്കിയത് ക്യാപ്റ്റന്‍ സാഠെയുടെ ഈ മുന്‍കരുതല്‍ നടപടി. വ്യോമസേനയില്‍ സേവനം അനുഷ്ഠിക്കവെ അപകടത്തില്‍പ്പെട്ട് തലയോട്ടിയില്‍ അടക്കം പരിക്കേറ്റ് ആറു മാസം ചികിത്സയില്‍ കഴിഞ്ഞു. വിമാനം പറത്താന്‍ ഇനി കഴിയില്ലെന്ന് കരുതിയവരെ അമ്ബരപ്പിച്ചുകൊണ്ടാണ് ജോലിയിലേക്ക് മടങ്ങിയത്.നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ 58–-ാം ബാച്ചില്‍ മികച്ച കേഡറ്റിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ ജേതാവാണ്. വ്യോമസേനയുടെ ‘സ്വോഡ് ഓഫ് ഹോണര്‍’ ബഹുമതിക്കും അര്‍ഹന്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഭാര്യ സുഷമയോടൊപ്പം 15 വര്‍ഷമായി താമസം മുംബൈയില്. രണ്ട് ആണ്‍മക്കള്‍. മൂത്തമകന്‍ ബംഗളൂരുവിലും രണ്ടാമന്‍ അമേരിക്കയിലും ജോലിചെയ്യുന്നു. അച്ഛന്‍ ബ്രിഗേഡിയര്‍(റിട്ട.) വസന്ത് സാഠെ നാഗ്പുരിലാണ്. ജമ്മു–-കശ്മീരില്‍ സേവനം അനുഷ്ഠിക്കവെ അപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ വികാസ് സാഠെയുടെ സഹോദരനാണ് ദീപക് സാഠെ.