സ്വദേശികള്‍ക്ക് എളുപ്പത്തില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പ്ലാറ്റ്‌ഫോം അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു

കവാദര്‍ എന്ന പേരിലാണ് നാഷനല്‍ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്.നാഷനല്‍ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. ഈയാഴ്ച്ചയോ അടുത്തയാഴ്ച്ചയോ ഇതിന് തുടക്കം കുറിക്കാനാവുമെന്നാണു പ്രതീക്ഷിക്കുന്നത് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ഈ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള അന്താരാഷ്ട്ര കമ്ബനികളുമായി സഹകരിച്ചാണ് സംവിധാനം ആരംഭിക്കുന്നത്.പുതുതായി ആരംഭിക്കുന്ന സംവിധാനപ്രകാരം എല്ലാ തൊഴിലുകളും സര്‍ക്കാര്‍, സര്‍ക്കാരേതരം എന്നിങ്ങനെ രണ്ടായി തിരിക്കും. തൊഴിലന്വേഷകരുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയവും അടങ്ങിയ വിവരശേഖരം ഇതിനലുണ്ടാവും. തൊഴിലുടമകളെയും ഉദ്യോഗാര്‍ഥികളെയും ബന്ധിപ്പിക്കാനുള്ള ഒരു സംവിധാനമായാണ് ഇത് പ്രവര്‍ത്തിക്കുക.നാഷനല്‍ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തന സജ്ജമാവുന്നതോടെ സ്വദേശിവല്‍ക്കരണ പ്രക്രിയ വേഗത്തിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ നിക്ഷേപമുള്ള സ്വകാര്യ മേഖലകളില്‍ ഖത്തരികള്‍ക്ക് 60 ശതമാനവും അവയുടെ ഹ്യൂമന്‍ റിസോഴ്‌സ് ഡിപാര്‍ട്ട്‌മെന്റില്‍ 80 ശതമാനവും ജോലികള്‍ നീക്കിവയ്ക്കണമെന്ന് മന്ത്രാലയം ഈയിടെ തീരുമാനിച്ചിരുന്നു.പുതിയ സംവിധാനം ആരംഭിക്കുന്നതോടെ ഇന്റര്‍വ്യൂ മുതല്‍ നിയമനം വരെയുള്ള പ്രക്രിയകള്‍ തടസ്സങ്ങളെല്ലാം നീങ്ങി വേഗത്തിലാവും.

Comments (0)
Add Comment