സൗദി അറേബ്യയിലെ തുറമുഖനഗരമായ യാമ്ബുവില്‍ റീട്ടെയ്ല്‍ സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിങ് മാള്‍ വരുന്നു

യാമ്ബു സൗദി റോയല്‍ കമ്മിഷന്റെ ടെന്‍ഡര്‍ നടപടികളിലൂടെയാണ് പദ്ധതി ലുലുവിന് ലഭിച്ചത്.യാമ്ബു റോയല്‍ കമ്മിഷന്‍ സി.ഇ.ഒ. അദ് നാന്‍ ബിന്‍ ആയേഷ് അല്‍ വാനിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും കരാറില്‍ ഒപ്പുവെച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചടങ്ങ്.യാമ്ബുവിന്റെ ഹൃദയഭാഗത്ത് അനുവദിച്ച 10 ഏക്കര്‍ സ്ഥലത്താണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന വിശാലമായ ഷോപ്പിങ് സമുച്ചയം ഉയരുന്നത്. 300 ദശലക്ഷം സൗദി റിയാലാണ് (600 കോടി രൂപ) പദ്ധതിക്കായി ലുലു നിക്ഷേപിക്കുന്നത്. ലോകത്തിലെ ഏറ്റവുംവലിയ സിനിമാ ഓപ്പറേറ്ററായ എം.എം.സി.യുടെ സാന്നിധ്യം യാമ്ബു മാളിന്റെ സവിശേഷതയാണ്.റീട്ടെയ്ല്‍ രംഗത്തെ പ്രമുഖരും ദീര്‍ഘകാലത്തെ അനുഭവസ്ഥരുമായ ലുലു ഗ്രൂപ്പുമായി യാമ്ബു മാള്‍ പദ്ധതിക്കുവേണ്ടി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് യാമ്ബു റോയല്‍ കമ്മിഷന്‍ സി.ഇ.ഒ. അദ് നാന്‍ ബിന്‍ ആയേഷ് അല്‍ വാനി പറഞ്ഞു. പദ്ധതിക്കായി തങ്ങളെ തിരഞ്ഞെടുത്തതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.പദ്ധതി പൂര്‍ത്തിയാകുന്നതോടെ അഞ്ഞൂറിലേറെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയില്‍ പതിനേഴെണ്ണം ഉള്‍പ്പെടെ 191 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിന് വിവിധ രാജ്യങ്ങളിലായുള്ളത്.

Comments (0)
Add Comment