കേരളത്തിലും അദ്ദേഹത്തിന് ആരാധകര്‍ നിരവധിയാണ്. ഒറ്റ തവണ കണ്ടാല്‍ മനസിലാവാത്ത പല കാര്യങ്ങളും നോളന്‍ തന്റെ കഥകള്‍ക്കുള്ളില്‍ ഒളിപ്പിക്കാറുണ്ട്. അതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ തന്നെ ചിത്രങ്ങളായ ‘ഇന്റെര്‍സ്റ്റെല്ലാര്‍’ ‘ഇന്‍സെപ്ഷന്‍’ എന്നിവ.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം ‘ടെന’റ്റാണ്. മൂന്നാം ലോകമഹായുദ്ധത്തിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘ടെനറ്റ്’. ജോണ്‍ ഡേവിഡ് വാഷിംഗ്ടണും റോബര്‍ട്ട് പാറ്റിന്‍സണുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു നോളന്‍ ചിത്രമായത് കൊണ്ട് തന്നെ വളരെയധികം പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്.
നിലവില്‍ ലോകത്തുടനീളം കൊവിഡ് പ്രതിസന്ധി ഉള്ളതിനാല്‍ ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള സംശയവും എല്ലാവര്‍ക്കുമിടയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, തന്‍റെ ചിത്രം പ്രേക്ഷകര്‍ ബിഗ് സ്ക്രീനില്‍ തന്നെ കണ്ടാല്‍ മതി എന്ന നിലപാടായിരുന്നു സംവിധായകന്റേത്.
തീയേറ്റര്‍ റിലീസിന് മുന്‍പ് നടന്ന പ്രിവ്യൂ പ്രദര്‍ശനങ്ങളിലൂടെ ചിത്രത്തെ കുറിച്ചുള്ള ആദ്യ നിരൂപണങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള അമിത പ്രതീക്ഷകള്‍ക്കൊപ്പം ചിത്രം എത്തിയിട്ടില്ല എന്നാണ് വെറൈറ്റിയുടെ റിവ്യൂവില്‍ പറയുന്നത്. പഴയ സിനിമകളിലെ പോലെ വളച്ചുകെട്ടൊന്നുമില്ലാതെ നേരിട്ടുള്ള നരേഷനാണ് ചിത്രത്തിന്റേ തെന്നും പറയുന്നു. ഫിലോസഫിയിലോ സൈക്കോളജിയിലോ അല്ല ഫിസിക്സിലാണ് നോളന്‍റെ പുതിയ ചിത്രത്തിന്‍റെ അടിസ്ഥാനം എന്നാണ് വെറൈറ്റിയുടെ റിവ്യൂവിലെ അഭിപ്രായം.
ഒരേ കാര്യം വീണ്ടും വീണ്ടും പ്രേക്ഷനോട് സംവദിക്കുന്നത് പോലെയാണ് തോന്നിയത് ഇത് പ്രേക്ഷകരില്‍ വിരസത ഉണ്ടാക്കിയേക്കാമെന്നാണ് സ്ലാഷ് ഫിലിമിന്‍റെ റിവ്യൂവില്‍ പറയുന്നത്. കാമ്ബുള്ള ഉള്ളടക്കത്തേക്കാള്‍ ബഹളങ്ങളാണ് ടെനറ്റില്‍ ഉള്ളതെന്നാണ് ഇന്‍ഡിവയറിന്‍റെ റിവ്യൂ പറയുന്നത്.
ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍, കെന്നത്ത് ബ്രാണഗ്, മൈക്കല്‍ കെയ്ന്‍, എലിസബത്ത്, ഡെബിക്കി, ക്ലെമെന്‍ പോസി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. ഇന്ത്യന്‍ നടി ഡിംപിള്‍ കപാഡിയയും ചിത്രത്തിലുണ്ട്. 220 മില്യന്‍ ഡോളറാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നോളന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും ചെലവേറിയ സിനിമയാവും ടെനറ്റ്. ചിത്രത്തിന്റെ തിരക്കഥയും, നിര്‍മാതാക്കളില്‍ ഒരാളും നോളന്‍ തന്നെയാണ്. ഐമാക്സ് കാമറയാണ് ടെനെറ്റിന്റെ ചിത്രീകരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ഏഴോളം രാജ്യങ്ങളിലായാണ് ടെനറ്റ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക്ക് തുടങ്ങിയ നോളന്‍ ചിത്രങ്ങള്‍ക്കു കാമറ ചെയ്ത ഹൊയ്ട് വാന്‍ ഹൊയ്ടേമയാണ് ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്സ് ആണ് വിതരണം. ലോകത്ത് എഴുപതിലേറെ രാജ്യങ്ങളില്‍ ഈ മാസം വിവിധ തീയ്യതികളിലായി ചിത്രം റിലീസിനെത്തും. ചൈന, റഷ്യ, യുഎസ് എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ ആദ്യമാണ് ചിത്രം റിലീസിന് എത്തുക.