കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്ബോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.പോഷക​ഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രമിക്കുക. ഭക്ഷണശീലം അവരുടെ ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും സ്വാധീനിക്കുന്നതാണ്. അമിതഭക്ഷണം, പോഷകാംശം കുറഞ്ഞ ഭക്ഷണം എന്നിവ ആരോഗ്യത്തെയും പഠനനിലവാരത്തെയും ബാധിക്കുന്നു.ആഹാരം കഴിക്കാന്‍ മടുപ്പുകാണിക്കുന്ന കുട്ടികള്‍ക്ക് മാത്രമല്ല, അമിതഭക്ഷണം ശീലിക്കുന്നവര്‍ക്കും പോഷകാഹാരക്കുറവ് ഉണ്ടാകുന്നതായി കണ്ട് വരുന്നു. ടി.വി., മൊബൈല്‍ ഫോണ്‍, കമ്ബ്യൂട്ടര്‍ എന്നിവയ്ക്ക് മുന്നിലിരുന്നു അമിതഭക്ഷണം കഴിക്കുന്നവരില്‍ പൊണ്ണത്തടി, ജീവിതശൈലീരോഗങ്ങള്‍ എന്നിവയ്ക്കും കാരണമാകും.സ്‌കൂള്‍ തുറക്കുന്നതോടെ പല കുട്ടികളും പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കാണാം. പ്രഭാതഭക്ഷണം കഴിക്കുന്നത് പഠനനിലവാരം മെച്ചപ്പെടുത്തുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ഏകാഗ്രതയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനും പ്രഭാതഭക്ഷണം സഹായിക്കും. കുട്ടികള്‍ക്ക് ഒരുദിവസം ആവശ്യമായ ഊര്‍ജത്തിന്റെ മൂന്നിലൊന്ന് പ്രഭാതഭക്ഷണത്തിലൂടെ ലഭിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്ബോള്‍ ഏതെങ്കിലും ഒരു പഴവര്‍ഗംകൂടി ഉള്‍പ്പെടുത്തുക. അന്നജം, പ്രോട്ടീന്‍, കൊഴുപ്പ്, ജീവകങ്ങള്‍ എന്നിവ കൊടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. എണ്ണപ്പലഹാരങ്ങള്‍, ബേക്കറി ഉത്പന്നങ്ങള്‍ എന്നിവ ഒഴിവാക്കുക. കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും പേശിവളര്‍ച്ചയ്ക്കും പ്രോട്ടീന്‍ ആവശ്യമാണ്. ഇറച്ചി, മുട്ട, പാല്‍, മത്സ്യം, പയര്‍, പരിപ്പുവര്‍ഗങ്ങള്‍ എന്നിവയില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.ഈന്തപ്പഴം, ഉണക്കമുന്തിരി, ഇറച്ചി, കറിവച്ച മത്സ്യം, ഇലക്കറികള്‍, അമരയ്ക്ക, വാഴക്കൂമ്ബ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി ഇരുമ്ബിന്റെ കുറവ് പരിഹരിക്കാം. ജങ്ക് ഫുഡ് ഒഴിവാക്കി പകരം പഴവര്‍ഗങ്ങള്‍, അവല്‍ വിളയിച്ചത്, എള്ളുണ്ട, കപ്പലണ്ടി മിഠായി, എന്നിവയോ ഇലയട, കൊഴുക്കട്ട എന്നിവയോ കൊടുക്കുക. ആവിയില്‍ വേവിച്ച പലഹാരങ്ങള്‍ പെട്ടന്നു ദഹിക്കുന്നതിന് സഹായിക്കും.

Comments (0)
Add Comment