സെപ്റ്റംബര്‍ ആറിന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന ഒരു ഛിന്നഗ്രഹത്തെ കുറിച്ച് വിവരം നല്‍കിയിരിക്കുകയാണ് അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ.
ഈജിപ്തിലെ ഗിസ പിരമിഡിന്‍റെ ഇരട്ടി വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയുടെ നേര്‍ക്ക് പാഞ്ഞുവരുന്നതെന്നും എന്നാല്‍ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഒട്ടും ഇല്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 465824 (2010) എന്ന പേരിലാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്.
ഇതിന് 120 മീറ്ററിനും 270 മീറ്ററിനും ഇടയില്‍ വ്യാസമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സെപ്റ്റംബര്‍ ആറിന് ഭൂമിക്ക് 4.6 ദശലക്ഷം മൈല്‍ അകലെക്കൂടെ ഛിന്നഗ്രഹം കടന്നുപോകുമെന്ന് നാസ ട്വീറ്റ് ചെയ്തു. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്‍റെ 19 ഇരട്ടി ദൂരം വരുമിത്.മണിക്കൂറില്‍ 31,400 മൈല്‍ വേഗതയിലാണ് ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരം. 10 വര്‍ഷമായി ശാസ്ത്രജ്ഞര്‍ ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നുണ്ട്. ഇതുവരെ 9,94,385 ഛിന്നഗ്രഹങ്ങളെ സൗരയൂഥത്തില്‍ നാസ കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ അടുത്ത 100 വര്‍ഷത്തേക്ക് ഭൂമിക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് നാസ പറയുന്നു.
ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കടക്കുന്ന ആദ്യത്തെ ഛിന്നഗ്രഹമൊന്നുമല്ല ഇത്. വലിപ്പം കുറഞ്ഞ ഛിന്നഗ്രഹ ഭാഗങ്ങളും ഉല്‍ക്കകളും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന് കത്തിച്ചാമ്ബലാകാറുണ്ട്. ഇത് ദിവസേന സംഭവിക്കാറുണ്ടെന്നും രാത്രികളില്‍ ആകാശത്ത് കാണുന്ന പെട്ടെന്നുള്ള വെളിച്ചപ്പൊട്ടുകള്‍ ഇത്തരം പ്രതിഭാസമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.സൗരയൂഥത്തില്‍ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാള്‍ ചെറുതും ഉല്‍ക്കകളെക്കാള്‍ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങള്‍. ചൊവ്വയുടെയും വ്യാഴത്തിന്‍റെയും ഭ്രമണപഥങ്ങള്‍ക്കിടയിലാണ് ഇവ കാണപ്പെടാറ്. ക്ഷുദ്രഗ്രഹങ്ങളെന്നും അല്‍പ ഗ്രഹങ്ങളെന്നും ഇവയെ വിളിക്കാറുണ്ട്.