ടോവിനോ ഐശ്വര്യ ലക്ഷ്മി ഒന്നിക്കുന്ന ‘കാണെക്കാണെ’ എത്തുന്നു

മലയാളത്തില്‍ പുറത്തിറങ്ങി അന്യഭാഷകളില്‍ നിന്നടക്കം അഭിനന്ദനങ്ങളേറ്റുവാങ്ങിയ ചിത്രമായിരുന്നു മനു അശോകന്റെ ‘ഉയരെ’. ഉയരെക്കുശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘കാണെക്കാണെ’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.’ആസ് യു വാച്ച്‌’ എന്ന ടാഗ്‌ലൈനോടുകൂടി പുറത്തിറങ്ങിയ പോസ്റ്റര്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടി. സിനിമയ്ക്കകത്തും പുറത്തുനിന്നുമുള്ള നിരവധി പേരാണ് ഇതിനോടകം പോസ്റ്റര്‍ പങ്കുവച്ചത്. 1983, ക്വീന്‍ എന്നീ ചിത്രങ്ങള്‍ സമ്മാനിച്ച ടി ആര്‍ ഷംസുദ്ധീന്‍ ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രമാണ് ‘കാണെക്കാണെ’. ആല്‍ബി ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം നല്‍കുന്നു. ഒക്ടോബര്‍ പകുതിയോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അയാളും ഞാനും തമ്മില്‍, ട്രാഫിക്, കായംകുളം കൊച്ചുണ്ണി, ഹൗ ഓള്‍ഡ് ആര്‍ യു എന്നിങ്ങനെ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ബോബി സഞ്ജയ് കൂട്ടുകെട്ട് ഉയരെക്ക് ശേഷം മനു അശോകനൊപ്പം എത്തുമ്ബോള്‍ സിനിമാസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.

Comments (0)
Add Comment