നാട്ടില്‍ മുഴുവന്‍ വനപാലക സംഘം കരടിയെ തിരയുന്നതിനിടെ 2 നില കെട്ടിടത്തിന്റെ മുകളില്‍ ഉള്‍പ്പെടെ കരടി നാട്ടുകാരുടെ മുന്നിലെത്തി

കല്ലുവാതുക്കല്‍ പൂലിക്കുഴിയില്‍ ആള്‍ത്താമസം ഇല്ലാത്ത വീടിന്റെ രണ്ടാം നിലയുടെ മുകളിലാണ് കരടി കയറിയത്. വാഹനങ്ങള്‍ക്കു മുന്നിലും വീട്ടുപറമ്ബിലും കരടിയെത്തി. ഒട്ടേറെപ്പേര്‍ കരടിയെ കണ്ടു. ആളുകളുടെ 5 അടി അരികില്‍ വരെ കരടി എത്തിയെങ്കിലും ആരെയും ഉപദ്രവിച്ചില്ല. കഴിഞ്ഞ ദിവസം ചാത്തന്നൂര്‍ താഴം തെക്ക് വിളപ്പുറം ക്ഷേത്രത്തിനു സമീപം കണ്ടതിനെക്കാള്‍ വലുപ്പുമുള്ളതിനെയാണ് കല്ലുവാതുക്കലില്‍ കണ്ടത്.പുലിക്കുഴി കശുവണ്ടി ഫാക്ടറിക്കു സമീപം ഓട്ടോയുടെ മുന്നിലാണ് ആദ്യം കരടിയെ കണ്ടത്. പാരിപ്പള്ളി സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ സന്തോഷ്, സമീപവാസിയായ ഗ‍ൃഹനാഥനെയും അദ്ദേഹത്തിന്റെ ചെറുമകളെയും കൊണ്ടു വീട്ടിലേക്ക് വരുന്നതിനിടെ രാത്രി 8നാണ് കരടി മുന്നില്‍പെട്ടത്. റോഡിന്റെ മധ്യത്തില്‍ നില്‍ക്കുകയായിരുന്നു കരടി. യാത്രക്കാരാണ് ആദ്യം കണ്ടത്. വണ്ടി നിര്‍ത്തിയപ്പോള്‍ സമീപത്തെ പുരയിടത്തിലേക്ക് കയറിപ്പോയി. അല്‍പം സമയം കഴിഞ്ഞ് സമീപത്തുള്ള ഇരുനില വീടിന്റെ ടെറസില്‍ നിന്നു മണ്‍തിട്ടയിലേക്ക് കരടി ചാടുന്നത് അയല്‍വാസിയായ ഷീല കണ്ടു.പട്ടികള്‍ കുരച്ചുകൊണ്ടു ഷീലയുടെ വീട്ടില്‍ കയറിയപ്പോഴാണ് നോക്കിയത്. കപ്പക്കൃഷിയുടെ ഇടയിലേക്ക് കരടി കയറിപ്പോകുന്നത് 5 അടി അകലെ നിന്നു ഷീല കണ്ടു. വെളിച്ചവുമായി നാട്ടുകാര്‍ എത്തിയതോടെ കരടി കടലാമം കുന്നു വഴി കാവടിപ്പുറത്തേക്ക് പോകുന്നതും കണ്ടവരുണ്ട്. ചാത്തന്നൂരില്‍ ക്യാംപ് ചെയ്യുകയായിരുന്ന വനം വകുപ്പു ദ്രുതകര്‍മ സേനയും അഗ്നിരക്ഷാസേനയും ചേര്‍ന്നു കരടിയെ കണ്ട സഥലത്ത് രാത്രിയിലും തിരച്ചില്‍ തുടരുകയാണ്.കരടിയുടെ താവളമെന്നു കരുതി കെണിയില്‍പെടുത്തുന്നതിനു കൂട് സ്ഥാപിച്ച സ്പിന്നിങ് വളപ്പില്‍ നിന്നു 3 കിലോമീറ്റര്‍ അകലെയാണ് ഇത്. ഇന്നലെ രാവിലെ കൂടിനു സമീപം വനം വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ കൂടിന് അരികില്‍ കരടി വന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. കൂടു സ്ഥാപിക്കുന്ന സമയത്തു കൂടുതല്‍ ആളുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാല്‍ ആദ്യം ദിവസങ്ങളില്‍ കൂടിനു സമീപത്തേക്ക് കരടി വരാനുള്ള സാഹചര്യം കുറവാണ്.കാല്‍പാടുകള്‍ എല്ലാം ഒരേ കരടിയുടേതെന്ന് വനം വകുപ്പ്. വിളപ്പുറത്തു പലയിടത്തു നിന്നു ലഭിച്ച കാല്‍പാടുകള്‍ ഒരേ കരടിയുടേതാണ്. ഏകദേശം 10 വയസ്സ് പ്രായം വരുന്ന കരടിയുടെ കാല്‍പാടുകളാണ് ലഭിച്ചത്.

Comments (0)
Add Comment