പബ്ജി ഉടന്‍ തിരിച്ചെത്തും

ന്യൂഡല്‍ഹി: കൗമാരക്കാരുടെ ഇഷ്ട മൊബൈല്‍ ഗെയിമായ പബ്ജി തിരിച്ചുവന്നേക്കും. ചൈനീസ് മൊബൈല്‍ ഗെയിമിങ് ആപ്പായ പബ്ജിയുടെ ഇന്ത്യയിലെ നിയന്ത്രണം കൈയാളിയിരുന്ന ടെന്‍സെന്റ് ഗെയിംസിനെ മാറ്റാന്‍ പബ്ജി കോര്‍പ്പറേഷന്‍ തീരുമാനിച്ചു. എല്ലാ ഉപ കമ്ബനികളുടെയും നിയന്ത്രണം തിരിച്ചുപിടിക്കാനാണ് ദക്ഷിണ കൊറിയന്‍ കമ്ബനിയായ പബ്ജി കോര്‍പ്പറേഷന്റെ തീരുമാനം. ഇത് ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് പബ്ജി ഗെയിം യഥാര്‍ത്ഥത്തില്‍ വികസിപ്പിച്ചെടുത്ത പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു.രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാണ് എന്ന് ചൂണ്ടിക്കാണിച്ച്‌ കഴിഞ്ഞയാഴ്ചയാണ് പബ്ജി ഉള്‍പ്പെടെ 117 മൊബൈല്‍ ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് മുമ്ബ് ടിക് ടോക് ഉള്‍പ്പെടെയുളള ആപ്പുകളും ഇന്ത്യ നിരോധിച്ചിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു. ഇന്ത്യന്‍ നിയമങ്ങള്‍ എല്ലാം പാലിച്ച്‌ വീണ്ടും ഗെയിം തിരിച്ചെത്തിക്കുന്നതിന് പ്രതിവിധി തേടി സര്‍ക്കാരുമായി സഹകരിക്കുമെന്നും പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു.പബ്ജി ഗെയിമിന്റെ മൊബൈല്‍ പതിപ്പാണ് സര്‍ക്കാര്‍ നിരോധിച്ചത്. ഇത് വികസിപ്പിച്ചത് പബ്ജി കോര്‍പ്പറേഷനാണ്. ഇത് ഒരു ദക്ഷിണ കൊറിയന്‍ കമ്ബനിയാണ്. ചൈനീസ് കമ്ബനിയായ ടെന്‍സെന്റ് ഗെയിംസ് ഓഹരി വാങ്ങിയതോടെയാണ് ഇത് ചൈനീസ് മൊബൈല്‍ ഗെയിമിങ് ആപ്പായി മാറിയത്. പബ്ജി ഗെയിമിന്റെ മൊബൈല്‍ പതിപ്പിന് മാത്രമാണ് നിരോധനം. സാധാരണ കമ്ബ്യൂട്ടറില്‍ ഗെയിം കളിക്കുന്നതിന് തടസ്സമില്ലെന്ന് പബ്ജി കോര്‍പ്പറേഷന്‍ പറയുന്നു.

Comments (0)
Add Comment