മുരിങ്ങ ഇല കൊണ്ട് താന്‍ പറാത്ത ഉണ്ടാക്കാറുണ്ടെന്നും അതിന്റെ പാചകകുറിപ്പ് ജനങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഫിറ്റ് ഇന്ത്യ സംവാദത്തിനിടെയാണ് മുരിങ്ങക്ക കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും താന്‍ ഉണ്ടാക്കുന്ന മുരിങ്ങക്കാ പറാത്തയെക്കുറിച്ചും മോദി പറഞ്ഞത്. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ ഇത് കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിറ്റ് ഇന്ത്യ സംവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ച നമ്മുടെ സ്വന്തം മുരിങ്ങ ചില്ലറക്കാരനല്ല. വേരു മുതൽ തണ്ടു വരെ മുരിങ്ങയിൽ കളയാൻ ഒരു ഭാഗവുമില്ല. എല്ലാത്തിനും ഔഷധഗുണമുണ്ടുതാനും.നമ്മുടെ പൂർവികർക്ക് മുരിങ്ങയുടെ ഗുണഗണങ്ങളെക്കുറിച്ച് നല്ലബോധ്യമുണ്ടായിരുന്നു. അതിനാലാണ് വീട്ടുവളപ്പിലും തൊടിയിലുമൊക്കെ മുരിങ്ങക്ക് സ്ഥാനംകിട്ടിയതും. വൈറ്റമിൻ സി, എ, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നീ ധാതുക്കൾക്കു പുറമെ ബീറ്റാ കരോട്ടിൻ, അമിനോ ആസിഡ്, ആന്റി ഓക്സിഡന്റ് ആയ ഫെനോലിക്സ്, കരോട്ടിനോയ്ഡ്, അസ്കോർബിക് ആസിഡ് മുതലായവ മുരിങ്ങയിൽ അടങ്ങിയിരിക്കുന്നു.ഏറ്റവും കൂടുതൽ ഔഷധഗുണമുളളതും മുരിങ്ങയിലയിൽ തന്നെയാണ്.ഓറഞ്ചിനെക്കാൾ ഏഴുമടങ്ങ് വൈറ്റമിൻ സിയാണ് മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നത്. പാലിനെക്കാൾ നാലു മടങ്ങ് കാൽസ്യവും രണ്ട് മടങ്ങ് പ്രോട്ടീനും ഏത്തപ്പഴത്തെക്കാൾ മൂന്ന് മടങ്ങ് പൊട്ടാസ്യവും മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ഏറെയുളളതാണ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മുരിങ്ങയിലയെ സഹായിക്കുന്നത്. ബുദ്ധിശക്തി കൂട്ടുന്നതിനും രക്തശുദ്ധീകരണത്തിനും മുരിങ്ങയില കഴിക്കുന്നത് ബെസ്റ്റാണ്.ഗർഭിണി മുരിങ്ങയില കഴിക്കുന്നത് ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം കൂട്ടും. മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ചില അമിനോ ആസിഡുകൾ മുലപ്പാൽ കൂട്ടുന്നതിനും ഇടയാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും മുരിങ്ങയിലയുടെ ഉപയോഗം സഹായിക്കും. തൊലിയിലെ ചുളിവുകൾ ഇല്ലാക്കുന്നതിനും ചർമ്മത്തിലെ ഈർപ്പം നിലനിറുത്താലും മുഖക്കുരു തടയാനും മുരിങ്ങയിലയുടെ ഉപയോഗം സഹായിക്കും.ഗുണങ്ങൾ ഒരുപാടുണ്ടെന്ന് കരുതി മുരിങ്ങയില അമിതമായി കഴിച്ചാൽ വയറിളക്കം പോലുളള പ്രശ്നങ്ങൾ ഉണ്ടാവും.
മുരിങ്ങാക്കായുടെ ഉപയോഗം ലൈംഗിക ശേഷി കൂട്ടുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങാണ് ഈ ഗുണത്തിന് പിന്നിൽ. വേവിച്ച മുരിങ്ങവിത്ത് കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. ഇതിനൊപ്പം അമിതവണ്ണം ഇല്ലാതാക്കുന്നതിനും കാൻസർ തടയാനും മുരിങ്ങവിത്തിന് കഴിയും.
ശരീരത്തിൽ ഇടിയും ചതവുമേൽക്കുന്നതുമൂലമുളള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും മുരിങ്ങയുടെ തൊലിയും വേരുകളുമൊക്കെ ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. മുരിങ്ങയുടെ പൂക്കളിൽ ധാരാളമായി പൊട്ടാസ്യവും കാൽസ്യവും അടങ്ങിയിട്ടുണ്ട്. അതിനാൽ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രത്തെ വർദ്ധിപ്പിക്കുകയും ചെയ്യും.
പ്രധാനമന്ത്രി പറഞ്ഞ മുരിങ്ങയില പൊറോട്ട മുട്ട കൂടി ചേർത്ത് എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം.
____________
ചേരുവകൾ
_______;____
ഗോതമ്പ് പൊടി – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
സവാള – 1 എണ്ണം
ഇഞ്ചി – ചെറുത് ഒരെണ്ണം
വെളുത്തുള്ളി – 2 എണ്ണം
മുരിങ്ങ ഇല – ഒന്നര കപ്പ്
കോഴി മുട്ട – 4 എണ്ണം
മഞ്ഞൾ പൊടി – ഒരു നുള്ള്
ഗരം മസാല – അര ടീസ്പൂൺ
മുളക് പൊടി – മുക്കാൽ ടീസ്പൂൺ
മീറ്റ് മസാല – 1 ടീസ്പൂൺ
_____________
തയ്യാറാക്കുന്ന വിധം
____________
ഗോതമ്പ് പൊടി ആവശ്യത്തിന് ഉപ്പും കുഴക്കാൻ ആവശ്യമായ വെള്ളവും ചേർത്ത് കുഴച്ച് എടുക്കുക.. ചപ്പാത്തിക്ക് കുഴക്കുന്ന അത്രയും സോഫ്റ്റ് വേണ്ട. അതിന് ശേഷം അര മണിക്കൂർ റെസ്റ്റ് ചെയ്യാൻ വക്കുക.ഒരു സവാള തീരെ ചെറുതായി അരിഞ്ഞു വക്കുക. വെളുത്തുള്ളി അരിഞ്ഞ് വക്കുക. ഇഞ്ചി ഗ്രേറ്റ് ചെയ്ത് വക്കുക.ഇനി ഒന്നര കപ്പ് മുരിങ്ങ ഇല തീരെ ചെറുതായി അരിഞ്ഞു വക്കുക.കോഴിമുട്ട 4 എണ്ണം ഒരു പാത്രത്തിലേക്ക് പൊട്ടിച്ച് ഒഴിച്ച് അൽപ്പം ഉപ്പും ചേർത്ത് കലക്കി വക്കുക.ഇനി നമുക്ക് മസാല റെഡിയാക്കാം.. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാള,ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടി ചേർക്കുക.അതിലേക്ക് അര ടീസ്പൂൺ ഗരം മസാലയും മുക്കാൽ ടീസ്പൂൺ മുളക് പൊടിയും 1 ടീസ്പൂൺ മീറ്റ് മസാലയും ചേർക്കുക. ഇതെല്ലാം നല്ല വണ്ണം ഇളക്കി യോജിപ്പിക്കുക.ഇനി ഇതിലേക്ക് മുട്ട് പൊട്ടിച്ച് വച്ചത് ഒഴിച്ച് മിക്സ് ആക്കി ചിക്കി കൊടുക്കുക.ഇനി അതിലേക്ക് നമുക്ക് മുരിങ്ങെയില അരിഞ്ഞു വച്ചത് ചേർത്ത് ഇളക്കി യോജിപ്പിക്കാം.. വെള്ളം അധികം ചേർക്കണ്ട.. ഇനി സ്റ്റൗ ഓഫ് ചെയ്ത് അത് ചൂടാറാൻ വക്കാം.ഇനി നമ്മൾ ആദ്യം കുഴച്ച് വച്ച ഗോതമ്പ് പൊടി ഉരുളകളാക്കി ചെറുത്തായി ഒന്ന് വിടർത്തി മുട്ട, മുരിങ്ങ ഇല കൂട്ട് അതിലേക്ക് വച്ച് വീണ്ടും ബോൾ രൂപത്തിൽ ആക്കിയ ശേഷം ഒന്ന് പരത്തി എടുക്കാം .
ഇനി ഒരു പാൻ ചൂടാക്കി ചുട്ട് എടുക്കാം.