ലഹരിമരുന്ന് കേസ് ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു

കേസില്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു. രാവിലെ 9.50ഓടെയാണ് ദീപിക മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്.സുശാന്ത് സിംഗ് രജ്പുത്തിന്റെ ടാലന്റ് മാനേജര്‍ ജയാ സാഹയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ ദീപികയുടെയും മാനേജര്‍ കരിഷ്മ പ്രകാശിന്റെയും പേരുകള്‍ കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളെന്നാണ് ആരോപണം. ഇക്കാര്യത്തിലാണ് ചോദ്യം ചെയ്യല്‍. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.ഗോവയിലെ ഷൂട്ടിംഗ് നിര്‍ത്തിവച്ചാണ് ദീപിക പദുകോണ്‍ മുംബൈയിലേക്ക് തിരികെയെത്തിയത്. പ്രഗത്ഭരായ അഭിഭാഷകരുമായി കൂടിയാലോചന നടത്തിയിരുന്നു. ദീപിക സമ്മര്‍ദത്തിലാണെന്നും ചോദ്യം ചെയ്യല്‍ സമയത്ത് തന്നെ അനുവദിക്കണമെന്നും ഭര്‍ത്താവും നടനുമായ രണ്‍വീര്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.എന്നാല്‍, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇക്കാര്യം നിഷേധിച്ചു. അത്തരമൊരു ആവശ്യം ആരും മുന്നോട്ടുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ദീപികയെ കൂടാതെ ബോളിവുഡ് താരങ്ങളായ സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും ഇന്ന് ചോദ്യം ചെയ്യും. സാറാ അലി ഖാനും ശ്രദ്ധ കപൂറും ലഹരിവസ്തുക്കള്‍ വാങ്ങിയെന്ന ലഹരിമരുന്ന് ഇടപാടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണസംഘം വിളിച്ചുവരുത്തുന്നത്.

Comments (0)
Add Comment